'താൻ ഇരയല്ല, അതിജീവിത' -അതിക്രമത്തിനിരയായ നടി
text_fieldsകൊച്ചി: താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും അതിക്രമത്തിനിരയായ നടി. 'വി ദ വിമൻ ഏഷ്യ' സംഘടിപ്പിച്ച ദ ഗ്ലോബൽ ടൗൺഹാൾ എന്ന ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.
അക്രമിക്കപ്പെട്ടതിന് ശേഷം ഇതുവരെയുള്ള അഞ്ചുവർഷത്തെ യാത്ര വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിലും മറ്റും നിരവധിയാളുകൾ തനിക്കെതിരെയും പ്രചാരണങ്ങൾ നടത്തി. ജീവിതത്തിൽ സംഭവിച്ച ഒരു വലിയ വീഴ്ചയിൽ നിന്ന് ഉയർന്നുവരാൻ ശ്രമിച്ചപ്പോഴൊക്കെ തളർത്തിക്കളയുന്ന സാഹചര്യമായിരുന്നു അത്. ഭർത്താവ്, കുടുംബം, സുഹൃത്തുക്കൾ, സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സി തുടങ്ങിയവരൊക്കെ തനിക്ക് വേണ്ടി നിലകൊണ്ട് ധൈര്യം പകരുന്നവരാണ്.
വളരെയേറെ വിഷമിച്ച ഇത്രയും കാലം വലിയ മാനസിക പ്രയാസങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സിനിമയിൽ അവസരം നിഷേധിക്കപ്പെട്ടപ്പോൾ ആഷിക് അബു, പൃഥ്വിരാജ് തുടങ്ങിയവർ അവസരങ്ങൾ നൽകി. പിന്തുണ നൽകുന്ന പൊതുജനങ്ങളടക്കമുള്ളവരുടെ വാക്കുകൾ തനിക്ക് വിലപ്പെട്ടതാണ്.
2020ൽ കോടതിയിൽ വിചാരണ നേരിട്ട 15 ദിവസങ്ങൾ തനിക്ക് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. 15ാമത്തെ ദിവസം വിചാരണ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ താനൊരു ഇരയല്ല, അതിജീവിതയാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബർഖ ദത്ത് ആതിഥേയയാകുന്ന 'വി ദി വുമണ്‍' പരിപാടി മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതലാണ് സംപ്രേക്ഷണം ചെയ്തത്. നടിയെക്കൂടാതെ സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ ചലനം സൃഷ്ടിച്ച വനിത സെലിബ്രിറ്റികളും പരിപാടിയില്‍ പങ്കെടുത്തു. വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കുന്ന പ്ലാറ്റ്ഫോമാണ് 'വി ദി വുമണ്‍'. ഇതിനുമുമ്പും ഇത്തരം കൂട്ടായ്മകൾ 'വി ദി വുമണ്‍' സംഘടിപ്പിച്ചിട്ടുണ്ട്.
കേരളംകണ്ട ഏറ്റവും കുപ്രസിദ്ധമായ കുറ്റകൃത്യങ്ങളിലൊന്നിലെ ഇരയെന്ന നിലയിൽ നടിയുടെ തുറന്നുപറച്ചിലുകൾ സമാന അനുഭവങ്ങളിലൂടെ കടന്നുപോയവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ കാലഘട്ടത്തിൽ താൻ കടന്നുപോയ വഴികൾ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് 2022 ജനുവരി 10 ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അവര്‍ പറഞ്ഞിരുന്നു. 'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടു വന്നു;
എനിക്കു വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്നു തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്രതുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി'- ഇതായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ അവർ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.