സഹപ്രവർത്തകെൻറ ചിത കത്തുംമുമ്പേ, ക്രിക്കറ്റ് കളിച്ച് ഐ.പി.എസുകാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാന്‍ പോയ പൊലീസുകാരന് മുങ്ങിമരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞദിവസം പ്രതിയെ പിടിക്കാൻ പോയി മുങ്ങിമരിച്ച പൊലീസുകാരൻ ബാലുവിെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ കിടക്കവെയാണ് കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാവിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം ഇറങ്ങിയത്.
പൊലീസ് ട്രെയിനിങ് എ.ഡി.ജി.പി യോഗേഷ് ഗുപ്ത, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ, തിരുവനന്തപുരം ഡി.സി.പി വൈഭവ് സക്സേന അടക്കമുള്ളവർ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. രാവിലെ എട്ടുമുതൽ 12 വരെയായിരുന്നു മത്സരം നടന്നത്. പത്തിന് മൃതദേഹം എസ്.എ.പി ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചു. കളിയുടെ ഇടവേളയിലാണ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അന്തിമോപചാരമർപ്പിക്കാനെത്തിയത്.
പൊതുദർശനത്തിന് ശേഷമാണ് ഡി.സി.പി വൈഭവ് സക്സേന എസ്.എ.പി ക്യാമ്പിലെത്തിയത്. സ്വന്തം സേനയിലെ സഹപ്രവർത്തകന് ആദരാഞ്ജലി അർപ്പിക്കാൻ പോലും ഡി.സി.പി എത്താത്തത് സേനക്കുള്ളിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
സേനയിൽതന്നെ ഒരംഗത്തിെൻറ വിയോഗമുണ്ടായിട്ടും, തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽതന്നെ രണ്ട് രാഷ്ട്രീയ കക്ഷികളിൽപെട്ട മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ട് മണിക്കൂറുകൾ പോലും കഴിയുന്നതിന് മുമ്പേ ചിരിച്ച് തിമർത്ത് ക്രിക്കറ്റ് കളിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും വിഡിയോകളും ചില പൊലീസുകാർ തന്നെയാണ് പുറത്തുവിട്ടത്. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാൻ പോകുന്നതിടെ വർക്കലയിൽ വള്ളം മുങ്ങിയാണ് പൊലീസുദ്യോഗസ്ഥനായ ബാലു മരിക്കുന്നത്. ബാലുവിനൊപ്പം ഉണ്ടായിരുന്ന സി.ഐയും മറ്റൊരു പൊലീസുകാരനെയും വള്ളക്കാരൻ രക്ഷപ്പെടുത്തി. എസ്.എ.പി ക്യാമ്പിലെ പൊതുദർശത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.