ഐ.എ.എസുകാർക്ക് മിനിമം ബോധം വേണം, എൻ പ്രശാന്തിനെതിരെ മേഴ്സിക്കുട്ടിയമ്മ
text_fieldsകോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഐഎഎസുകാര്‍ക്ക് മിനിമം ബോധം വേണം. സർക്കാർ നയത്തിനനുസരിച്ച് തീരുമാനം എടുക്കണം. ആരോട് ചോദിച്ചാണ് തീരുമാനം എടുത്തത്. ഇക്കാര്യം അന്വേഷിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
400 ട്രോളര്‍ നിര്‍മിക്കുമെന്ന് വിവരമുള്ള ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ? കരാറിന് പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്. ആരോട് ചോദിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കമ്പനിയെ കുറിച്ച് അന്വേഷിക്കാനാണ് ഫിഷറീസ് സെക്രട്ടറി കെ. ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചത്. ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്ന് പറയുന്നതിൽ അർഥമില്ല. സർക്കാർ നയമാണ് ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. മന്ത്രി വ്യക്തമാക്കി.
അസംബ്ലിയിൽ വെച്ച നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേരളത്തിന്‍റെ തീരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന പ്രശ്നമില്ല. കേരളതീരം ഒരു കോര്‍പ്പറേറ്റിനും തീറെഴുതില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രതിപക്ഷ നേതാവ് അസംബന്ധം പറയുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കരാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനുമുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രതിപക്ഷം ഇത് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ മന്ത്രിസഭയില്‍ വച്ച് തീരുമാനിച്ച് ഉത്തരവിറക്കി നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.