ഐ.എ.എസുകാരുടെ ചേരിപ്പോരിന് പിന്നിൽ വാർത്ത ചോർത്തൽ
text_fieldsതിരുവനന്തപുരം: ഐ.എ.എസുകാരുടെ ചേരിപ്പോരിന് പിന്നിൽ വാർത്ത ചോർത്തൽ. അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്നത് ഇക്കാര്യമാണ്. അതേസമയം, ഐ.എ.എസുകാർക്കിടയിലെ മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ് സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ‘ഉന്നതി’യിലെ ഫയൽ സംബന്ധിച്ച വാർത്തകളും പുറത്തുവന്നത്. പ്രശാന്തിന് പിന്നാലെ ഉന്നതി സി.ഇ.ഒ ആയ ഗോപാലകൃഷ്ണനാണ് വാട്സ്ആപ് ഗ്രൂപ്പിലെ ‘പ്രതി’. ജയതിലകും ഗോപാലകൃഷ്ണനും ചേർന്നാണ് പ്രശാന്തിനെതിരായ റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലുണ്ട്. ഇതിനിടെയാണ് ദീപാവലിയോടനുബന്ധിച്ച് ‘ഹിന്ദു മല്ലു ഓഫിസേഴ്സ്’ വാട്സ്ആപ് വിവാദം സ്ക്രീൻഷോട്ട് സഹിതം പുറത്തുവന്നത്. ഇതിലുള്ള പ്രതികാരമായാണ് പ്രശാന്തിനെതിരായ വാർത്തകളെന്നാണ് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, പ്രശാന്തിനെ കോൺഗ്രസ് അനുകൂല സിവിൽ സർവിസ് ഉദ്യോഗസ്ഥനായി ചിത്രീകരിക്കാൻ ഇടതുമുന്നണിയിൽനിന്ന് ശ്രമം തുടങ്ങി. സി.പി.എം നേതാവും മുൻമന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയും മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ഗോപകുമാറുമാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയും അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോൾ പ്രശാന്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ചേർന്ന് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ‘ആഴക്കടൽ വിൽപന’എന്ന തിരക്കഥയെന്നും കുണ്ടറ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിച്ചതായും അവർ ആരോപിച്ചു.
കോഴിക്കോട് കലക്ടറായിരിക്കെ എൻ. പ്രശാന്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ടെടുത്ത് കാര് വാങ്ങിയെന്നാരോപിക്കുന്ന ഗോപകുമാറും ‘ആഴക്കടൽ വിൽപന’ തെരഞ്ഞെടുപ്പ് ഗൂഢാലോചനയായിരുന്നെന്ന് കുറിക്കുന്നു. മേഴ്സിക്കുട്ടിയമ്മക്ക് മറുപടിയുണ്ടോ? എന്ന ചോദ്യത്തിന് ആതാരാണെന്നാണ് പ്രശാന്ത് ഫേസ്ബുക്കിൽ പരിഹാസത്തോടെ തിരിച്ച് ചോദിക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥൻ പുലർത്തേണ്ട സാമാന്യ മര്യാദയും സർവിസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. തുടർച്ചയായ മൂന്നാംദിവസമാണ് പ്രശാന്ത് ഫേസ്ബുക്കിലൂടെ പരസ്യ വിമർശനവുമായി രംഗത്തുവരുന്നത്.
പ്രശാന്തിനെതിരെ അഡീഷനൽ ചീഫ്സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് വിവാദം തുടങ്ങിയത്. ആദ്യ ദിവസം വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ വിമർശനം ഉന്നയിച്ചായിരുന്നു പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആഴക്കടൽ വിൽപനയുമായി ബന്ധപ്പെട്ട വാർത്താ ശേഖരണത്തിന്റെ ഭാഗമായി ഫോണിൽ ബന്ധപ്പെട്ട ഇതേ പത്രത്തിലെ വനിത മാധ്യമപ്രവർത്തകക്ക് അശ്ലീല സ്റ്റിക്കർ മറുപടി അയച്ച പ്രശാന്ത് നേരത്തേ വിവാദത്തിൽപെട്ടിരുന്നു.
അന്ന് ഭാര്യയെ രംഗത്തിറക്കിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ജയതിലകിനെതിരായ മൂന്നാംദിവസത്തെ കുറിപ്പിൽ പൗരന്റെ ഭരണഘടന അവകാശവും വിസിൽ േബ്ലാവർ നിയമവും ഉദ്ധരിച്ചുള്ള കുറിപ്പിൽ താൻ നിയമം പഠിച്ചതായും ചട്ടമറിയാമെന്നും പറയുന്നു. ‘പൊതു സൂക്ഷ്മപരിശോധന ഉണ്ടെങ്കിൽ മാത്രമേ ന്യായമായത് നടക്കൂ എന്ന സമകാലിക ഗതികേട് കൊണ്ടാണ് റിസ്ക്കെടുത്ത് ഒരാൾ ‘വിസിൽ ബ്ലോവർ’ ആവുന്നത്.
സർക്കാറിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കരുതെന്നാണ് ഐ.എ.എസുകാരുടെ സർവിസ് ചട്ടമെന്നും ജയതിലകിനെയോ ഗോപാലകൃഷ്ണനെയോ പത്രത്തെയോ വിമർശിക്കരുതെന്നല്ല എന്നും പ്രശാന്ത് കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.