കൊച്ചിയിൽ പ്രവർത്തനം വിപുലപ്പെടുത്താൻ ഐ.ബി.എം; പൂർണ പിന്തുണയെന്ന് പി.രാജീവ്
text_fieldsകൊച്ചി :ഐ.ബി.എം ലാബിൻ്റെ പ്രവർത്തനം കൊച്ചിയിൽ ആരംഭിച്ച് എട്ട് മാസത്തിനുള്ളിൽ 750 പേരെ പുതുതായി നിയമിച്ചതായി ഐ.ബി.എം സീനിയർ വൈസ് പ്രസിഡൻ്റ് ദിനേശ് നിർമൽ. മന്ത്രി പി. രാജീവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദിനേശ് നിർമ്മൽ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന് സർക്കാരിൻ്റെ ഭാഗത്ത് നിന്നും പൂർണസഹകരണം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിലെ പ്രവർത്തനാന്തരീക്ഷത്തിൽ പൂർണ തൃപ്തരാണെന്ന് ഐ.ബി.എം മന്ത്രിയെ അറിയിച്ചു. കേരളത്തിലെ ക്യാമ്പസുകളിൽ നിന്നുതന്നെ ഐ.ബി.എമ്മിന് ആവശ്യമായ നൈപുണ്യമുള്ള വിദ്യാർഥികളെ ലഭിക്കുന്നുണ്ട്. പ്രധാനപ്പെട്ട നിരവധി പ്രോജക്ടുകൾ കേരളത്തിലെ ഐ.ബി.എം യൂനിറ്റ് വഴിയാണ് നടപ്പിലാക്കുന്നത്. ഇത് ഭാവിയിൽ ലോകത്തിലെ തന്നെ ഐബിഎമ്മിൻ്റെ പ്രധാന സെൻ്ററായി കേരളം മാറുന്നതിന് വഴിയൊരുക്കുമെന്ന് ദിനേശ് നിർമ്മൽ വ്യക്തമാക്കി.
കോളജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ സ്കിൽ ഡവലപ്മെൻ്റ് പരിശീലനം നൽകാനുള്ള സന്നദ്ധത ഐബിഎം അറിയിച്ചിട്ടുണ്ട്. കൊച്ചി സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ഡിജിറ്റൽ സർവ്വകലാശാല എന്നീ സർവകലാശാലകളുമായും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഐ.ബി.എം പദ്ധതി തയാറാക്കുന്നുണ്ട്. കേരളത്തിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കുന്നതിനും ഐ.ബി.എം പോലുള്ള കമ്പനികളുടെ സാന്നിധ്യം സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.