Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലത്തിന്‍റെ മാറ്റങ്ങൾ...

കാലത്തിന്‍റെ മാറ്റങ്ങൾ അടയാളപ്പെടുത്തി ഇബ്രാഹീം ഹാജിയുടെ ആദ്യ ഹജ്ജ്​ അനുഭവക്കുറിപ്പ്​

text_fields
bookmark_border
hajj 1974
cancel
camera_alt

മാതാപിതാക്കളോടൊത്തുള്ള ഇബ്രാഹിം ഹാജിയുടെ ആദ്യ ഹജ്ജ്​. ഇടത്തുനിന്ന്​ നാലാമത്​ നിൽക്കുന്നതാണ്​ ഇബ്രാഹിം ഹാജി

ഇന്ന്​ വിടപറഞ്ഞ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.പി.എ ഇബ്രാഹീം ഹാജിയുടെ ആദ്യ ഹജ്ജ്​ അനുഭവം കാലത്തിന്‍റെ മാറ്റം വ്യക്തമാക്കുന്നതാണ്​. 1974 ൽ അദ്ദേഹം നടത്തിയ ഹജ്ജ്​ യാത്രയുടെ വിവരണം ഗൾഫ്​ മാധ്യമം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക്​ ശേഷം, ഹജ്ജ്​ യാത്രക്കും മക്കയിലെ സംവിധാനങ്ങൾക്കും സംഭവിച്ച അദ്​ഭുതകരമായ മാറ്റങ്ങൾ തിരിച്ചറിയാൻ ഇബ്രാഹീം ഹാജിയുടെ യാത്രാനുഭവങ്ങൾ ​സഹായകരമാണ്​.

വലിയ സംഭരംകനായി വളർന്ന പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ഇബ്രാഹീം ഹാജി, സൗദി അറേ​ബ്യയിൽ ​െപേട്രാ ഡോളറിന്‍റെ ഒഴുക്കുണ്ടാകുന്നതിന്​ മുമ്പ്​ നടത്തിയ ഹജ്ജ്​ യാത്രാനുഭവം പഴയ കാലത്തിന്‍റെ നേർചിത്രം നൽകുന്നതാണ്​. മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇബ്രാഹീം ഹാജി ഇന്ന്​ രാവിലെയാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

ഇബ്രാഹീം ഹാജിയുടെ ഹജ്ജ്​ യാത്ര


1974 ഡിസംബർ ആറിനായിരുന്നു ആദ്യ ഹജ്ജ്​ യാത്ര. സ്വന്തമായി കച്ചവടം തുടങ്ങണമെന്ന ആഗ്രഹം പൂമൊട്ടിട്ട കാലം. സബക്കയിലെ അബ്​ദുൽ കരീം തവക്കലി​െൻറ പഴയ കെട്ടിടത്തിൽ ഗല്ലിയിലുള്ള വീതികുറഞ്ഞ നടപ്പാതയുടെ സമീപത്തെ ഷോപ്പ് കൈമാറ്റത്തിന് ഉണ്ടെന്ന കാര്യം സുഹൃത്ത് വെൽക്കം അബൂബക്കർ പറഞ്ഞാണ്​ അറിഞ്ഞത്​. 17000 ദിർഹം കീ മണികൊടുക്കണം. 500 ദിർഹം അഡ്വാൻസ് കൊടുത്തിട്ട്​ ഹജ്ജ് യാത്ര തുടങ്ങി. എഗ്രിമെൻറ് എഴുതണ്ടേ എന്ന് അബൂബക്കർ ഹാജി ചോദിച്ചു. അക്കാലത്ത് ഒരു ഷോപ്പ് കിട്ടാനുള്ള പ്രയാസം കണക്കിലെടുത്തായിരുന്നു ആ ചോദ്യം. ഞാൻ പറഞ്ഞത് ഹജ്ജ് യാത്രയ്ക്ക് ഉദ്ദേശിച്ച ഞാൻ എല്ലാം തവക്കൽ ചെയ്തിരിക്കുന്നു, എഗ്രിമെൻറ് ആവശ്യമില്ല എന്നായിരുന്നു.

മുതവഫ് ആരാണെന്ന് തീരുമാനിക്കപ്പെട്ട ശേഷം ഒരു ദിവസം കഴിഞ്ഞാണ് മക്കയിലേക്ക് പോകാൻ അനുമതി ലഭിച്ചത്. പള്ളിക്കരകാരായ ഞങ്ങൾ ആറ് പേർ ഉണ്ടായിരുന്നു. എല്ലാവരും ഷാർജയിലെ വെജിറ്റബിൾ, ഗ്രോസറി തുടങ്ങിയ ചെറിയ കച്ചവടക്കാർ. ഹറമിൽ നിന്ന് 750 മീറ്റർ ദൂരത്തായിരുന്നു താമസം. ഹറമിൽ പ്രവേശിച്ച ഉടനെ മുഹമ്മദ് കുഞ്ഞി മൗലവി കൈ ചൂണ്ടിക്കാണിച്ച് ആ കറുത്ത ഭവനമാണ് കഅബാ ശരീഫ് എന്ന് പറഞ്ഞത് ഓർമയിലുണ്ട്​. മതാഫ് കുറഞ്ഞ ഏരിയ ആയിരുന്നു. അതുകൊണ്ട് നല്ല തിരക്ക്. ഇപ്പോഴാണ് എല്ലാം വളരെ വിസ്തൃതമാക്കിയത്. അക്കാലത്ത് നാല് മദ്ഹബുകളുടെയും മുസല്ല ഉണ്ടായിരുന്നു. നാലു കോണിൽനിന്നും ഒന്നിച്ച് ബാങ്ക് കൊടുക്കും. ഒഴിവുസമയങ്ങളിൽ പ്രധാനപ്പെട്ട ചരിത്രമടങ്ങുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. ഹിറാ ഗുഹയിൽ കയറി പ്രവാചകൻ മുഹമ്മദ്​ നബി ആരാധനക്കായി ഇരുന്ന സ്ഥലത്ത് രണ്ട് റക്അത്ത് നമസ്കരിച്ചു. അവിടെയും സാധാരണ തിരക്കുണ്ടായിരുന്നു. ഉസ്മാനിയ ഖിലാഫത്തി​െൻറ കാലത്ത് സ്ഥാപിച്ച ഹറമിലെ തുർക്കി പള്ളിയുടെ ഭാഗങ്ങളും (ഇന്ന് ക്ലോക്ക് ടവറും ഹോട്ടൽ സമുച്ചയങ്ങളും സ്ഥിതിചെയ്യുന്ന സ്​ഥലം) തുർക്കി കോട്ടയുമെല്ലാം കാണാമായിരുന്നു.

അന്നത്തെ പ്രധാനപ്പെട്ട ഹോട്ടൽ മക്കാ ഹോട്ടലായിരുന്നു. ഇന്നത്തെ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ പിതാവ്​ ശൈഖ്​ റാഷിദിനെ മക്കാ ഹോട്ടലിൽ അദ്ദേഹം വൈകുന്നേരം ഇരിക്കാറുള്ള മേസനെൻ ​േഫ്ലാറിലുള്ള മജ്​ലിസിൽ പോയി ഞങ്ങൾ കണ്ടിരുന്നു.

മക്കയിൽ എത്തിച്ചേരേണ്ട വീതികുറഞ്ഞ പല ഇടവഴികളും ഉണ്ടായിരുന്നു. ടാർ ചെയ്യപ്പെട്ട റോഡുകൾ അല്ലാത്തതുകൊണ്ട് ചെറിയ കുണ്ടും കുഴികളും ഉണ്ടായിരുന്നു. ഹറമിൽ എത്തുന്നതിനുമുമ്പ് ഇഖാമത്ത് കൊടുത്താൽ ജനങ്ങളുടെ നമസ്കാരം വഴികളിലും റോഡുകളിലുമാണ്.

1974ന് മുമ്പുള്ള സൗദിഅറേബ്യ ഇന്നത്തെപോലെ എണ്ണ സമ്പത്തുകൊണ്ട് സമൃദ്ധമായിരുന്നില്ല. ഇന്ത്യയിൽ നിന്ന് കാൽനടയായും മറ്റും ഹജ്ജിന് പോയ പൂർവികൻമാരുടെ ചരിത്രം പഴമക്കാരിൽ നിന്ന് കേട്ടിട്ടുണ്ട്. കുറച്ചുപേർ യാത്ര മധ്യേ മരണപ്പെടും. കുറേപ്പേർ നാട്ടിൽ തിരിച്ചെത്തും. ഇറാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ കൂടിയായിരുന്നു യാത്രകൾ. വഴിക്കുള്ള തട്ടിപ്പറി സംഘങ്ങളെയെല്ലാം അതിജീവിച്ചു വേണം മക്കയിലേക്ക് എത്താൻ. ഇന്നത്തെ രീതിയിലുള്ള വിശാലമായ റോഡുകളും സൗകര്യങ്ങളും ഇല്ലാത്തത് കാരണം അറഫയിൽ നിന്ന് മുസ്തലിഫ യിലേക്കുള്ള വഴിയിൽ തിരക്കിൽപ്പെട്ട് ബസ്സ്‌ നിന്നു പോയി. രണ്ട് മണിക്കൂറോളം ബസ്സിൽ കാത്തിരുന്നിട്ടും ബസ് മുന്നോട്ടു കാര്യമായി നീങ്ങുന്നില്ല. മുസ്ദലിഫയിൽ രാപ്പാർക്കൽ നഷ്​ടപ്പെടുമെന്ന് കരുതി പലരെയും പോലെ ഞങ്ങളും ബസ്സിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങി. കൂട്ടത്തിൽ ബെഡും മറ്റു അത്യാവശ്യ കാര്യങ്ങൾക്കുള്ള ലഗേജും ഉണ്ടായിരുന്നു. അത് അവരവർ സ്വന്തമായി ചുമലിൽ വച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് ഞങ്ങളുടെ ബസ് കൈവിട്ടതിനാൽ നടന്നായിരുന്നു യാത്ര.

ജംറകളുടെ കല്ലെറിയലായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കർമം. ഇന്നത്തെ രീതിയിലുള്ള തട്ടുകളും റോഡുകളും ഒന്നും ഇല്ലാതിരുന്ന കാലം. വിശാലമായ മൈതാനത്തിൽ പ്രവേശിച്ചാൽ തിരക്ക് കൊണ്ട് ചിലപ്പോൾ കാൽ നിലത്തു തട്ടാതെ തന്നെ ഒഴുക്കിൽപ്പെട്ടത്‌ പോലെയുള്ള യാത്രയായിരുന്നു. ആഫിയത്ത് കുറഞ്ഞ ആൾക്കാർ അവിടങ്ങളിൽ വീണു മരിക്കലും ചിലപ്പോൾ സംഭവിക്കാറുണ്ട്. ആദ്യകാലങ്ങളിൽ മൂന്ന് ദിവസം കല്ലെറിയുന്നവരും സാധാരണമായിരുന്നു. ഇപ്പോൾ 95 ശതമാനം ഹാജിമാരും രണ്ട് ദിവസം ഏറു കഴിഞ്ഞ് തിരിച്ചു മക്കത്തേക്ക് വരുന്നു.

എല്ലാ കാര്യങ്ങളും മുതവഫ് മുഖാന്തരമായിരുന്നു. തിരിച്ചു വരാനായി പാസ്പോർട്ട് അന്വേഷിച്ച് അദ്ദേഹത്തിന്‍റെ ഓഫീസിൽ പോയപ്പോൾ പിറ്റേദിവസം പോകാൻ പറഞ്ഞു. അടുത്തദിവസം നൂറുകണക്കിന് പാസ്പോർട്ട് ഒരു ചാക്കിൽ ഇട്ട് അതിൽ നിന്ന് പേര് നോക്കി തിരഞ്ഞു കൊടുക്കുന്ന സമ്പ്രദായമായിരുന്നു. അതും മണിക്കൂറുകൾ കാത്തിരുന്നതിന്​ ശേഷം. ജിദ്ദ പോർട്ടിൽ ആയിരുന്നു അന്ന് ഹാജിമാർക്ക് താമസിക്കാനുള്ള സൗകര്യം. ഫ്ലൈറ്റ് വിവരം അറിയാൻ നീണ്ട വരികളിൽ നിൽക്കണം. മൂന്നോ നാലോ കൗണ്ടറുകൾ ഉണ്ടാകും. ഏത് രാജ്യത്തേക്കെന്നോ ഫ്ലൈറ്റ് നമ്പർ എന്താണെന്നോ ഒന്നും എഴുതി വച്ചത് കണ്ടിട്ടില്ല. അങ്ങനെ പലപ്രാവശ്യം ചെന്ന ശേഷം മൂന്നാമത്തെ ദിവസമാണ് ഞങ്ങളുടെ ദുബൈയിലേക്കുള്ള ഫ്ലൈറ്റ് ലഭ്യമായത്.

1978ലാണ് ബാപ്പയും ഉമ്മയും ഹജ്ജ് ചെയ്യണമെന്ന് താൽപര്യം പറഞ്ഞത്. വിസിറ്റ് വിസയിൽ അവർ ദുബൈയിൽ വന്നു. അവരെ സഹായിക്കാൻ വേണ്ടി ഞാനും കൂടെ ഹജ്ജിന് പുറപ്പെട്ടു. 1976ൽ 'സെഞ്ച്വറി' തുടങ്ങിയതിനുശേഷം സാമ്പത്തികമായി കുറച്ചു സൗകര്യങ്ങൾ കയ്യിൽ വന്നിരുന്നു. മക്ക ഹോട്ടലിന് അടുത്തുള്ള അൽ-അൻസാരി ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ താമസം. ഹജറുൽ അസ്‌വദ് മുത്താൻ ആ യാത്രയിൽ ഉമ്മ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധ്യമായിരുന്നില്ല. മുൻ മന്ത്രിയും പിന്നീട് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററുമായിരുന്ന അവുകാദർ കുട്ടി നഹ സാഹിബും ഭാര്യയും ആ വർഷം ഹജ്ജിന് ഉണ്ടായിരുന്നു.

13 പുരുഷൻമാരും 13 സ്ത്രീകളും ഉൾപെട്ട ബസ് മിനായിലേക്കും ശേഷം ദുൽഹജ്ജ് ഒമ്പതിന് അറഫയിലേക്കും ഏർപ്പാട് ചെയ്തു. ഓർമ്മ ശരിയാണെങ്കിൽ 3000 റിയാൽ വാടക നിശ്ചയിച്ചിട്ടുള്ള സ്പെഷ്യൽ ബസ്. ഉദ്ദേശിച്ച പോലെ മിനായിലേക്ക് എട്ടാം തീയതി എത്തുകയും ഒമ്പതിന് രാവിലെ ഫജർ നമസ്കാരത്തിനുശേഷം അറഫയിലേക്ക് പോകേണ്ട ഒരുക്കത്തിലായിരുന്നു.

വുളൂഹ് ചെയ്യുവാനും മറ്റും ഒരു കിണ്ടിയും കൊണ്ട് പുറപ്പെട്ട, ഏകദേശം 70 വയസ്സ് കഴിഞ്ഞ അഹമ്മദ് അലിയുടെ ബാപ്പയെ കാണാതായി. അടുത്തടുത്തുള്ള പല ടെന്‍റുകളിലും ഞങ്ങൾ രണ്ടു പേരും നടന്നു അന്വേഷിച്ച ശേഷം 'ലോസ്​റ്റ്​ ആൻഡ് ഫൗണ്ട്' സെക്ഷനിൽ പോയി റിപ്പോർട്ട് ചെയ്തു. ഒന്ന് രണ്ട് മണിക്കൂർ കാത്തുനിന്നു. ഞങ്ങളുടെ ഹജ്ജ് നഷ്ടപ്പെടുമോ എന്നുള്ള ഭയത്താൽ അദ്ദേഹത്തെ ഒഴിവാക്കി ഞങ്ങൾ എല്ലാവരും അറഫയിലേക്ക് പുറപ്പെട്ടു, മനസ്സിൽ ദുഃഖ ഭാരവുമായി.

ഞങ്ങളുടെ ബസ് ഇഴഞ്ഞിഴഞ്ഞാണ്​ പോയത്​. വൈകുന്നേരം അഞ്ചുമണിക്കാണ് അറഫയിൽ നിശ്ചയിക്കപ്പെട്ട ഞങ്ങളുടെ ടെൻറിലേക് എത്തിച്ചേർന്നത്. അപ്പോൾ ഭക്ഷണം എല്ലാം തീർന്നിരുന്നു. പണം കൊടുത്ത് ഭക്ഷണം വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. നല്ല വിശപ്പോടുകൂടി അറഫയിലെ വുകൂഫും ദുആഉം എല്ലാം കഴിഞ്ഞ ശേഷം മുസ്ദലിഫയിലേക്ക് പുറപ്പെട്ടു. ബാപ്പയെ അന്വേഷിച്ച അഹമ്മദ് അലി ഹജ്ജ് ഓഫീസിലും മറ്റും നോക്കി കാണാത്തത് കാരണം മക്ക ഹോട്ടലിലേക്ക് പുറപ്പെട്ടു. അവിടെ റൂമിൽ എത്തിയപ്പോൾ പുറപ്പെട്ട നേരം കയ്യിലുണ്ടായിരുന്ന കിണ്ടിയുമായി റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു അദ്ദേഹം. ഹജ്ജിന് ശേഷം ബാപ്പയും ഉമ്മയും ഒപ്പം ഞങ്ങൾ ദുബായിലേക്ക് മടങ്ങുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. P.A. Ibrahim Haji
News Summary - Ibrahim Haji's first Hajj experience
Next Story