ഇബ്രാഹിം നാസിം ഇനി ഗുരുവായൂർ മണ്ഡലത്തിന്റെ മാലിന്യ നിർമാർജന ബ്രാൻഡ് അംബാസഡർ
text_fieldsപുന്നയൂർക്കുളം: മെഡിക്കൽ ലാബിലെ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്താൻ സഹായിച്ച വടക്കെ പുന്നയൂർ പാതിയറക്കൽ നിഷാദ്-സഫിയ ദമ്പതികളുടെ മകൻ ഇബ്രാഹിം നാസിമിന് (ഏഴ്) അനുമോദനപ്പെരുമഴ. ഇബ്രാഹിം നാസിമിനെ ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ മാലിന്യ നിർമാർജന ബ്രാൻഡ് അംബാസഡറായി എൻ.കെ. അക്ബർ എം.എൽ.എ പ്രഖ്യാപിച്ചു. പുന്നയൂർ പഞ്ചായത്തും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് ഇബ്രാഹിം നാസിം പഠിക്കുന്ന വടക്കേക്കാട് സെന്റ് ആന്റണീസ് സ്കൂളിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എം.എൽ.എയുടെ പ്രഖ്യാപനം. ഹരിതകർമ സേനാംഗങ്ങളെ രണ്ടാംകിട തൊഴിലാളികളായി കാണുന്ന സമൂഹം രണ്ടാം ക്ലാസുകാരനായ ഇബ്രാഹിം നാസിമിനെ കണ്ടുപഠിക്കണമെന്നും ഇത്തരം പ്രവർത്തകരെ ചേർത്തുപിടിക്കാൻ എല്ലാവരും തയാറാവണമെന്നും എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ മദ്റസയിൽനിന്ന് വരുമ്പോഴാണ് പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികിൽ മാലിന്യം ഉപേക്ഷിച്ച നിലയിൽ നാസിം കണ്ടത്. ഇതേതുടർന്ന് വീട്ടുകാരുടെ സഹായത്തോടെ വാർഡ് അംഗം സലീന നാസറിനെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തിനു പിന്നിൽ മന്ദലാംകുന്ന് ഹെൽത്ത് കെയർ ഹൈടെക് ലാബാണെന്ന് കണ്ടെത്തി. ഉടമ കടിക്കാട് സ്വദേശി രോഷിത്തിനെ വിളിച്ച് മാലിന്യം എടുത്തുമാറ്റിക്കുകയും അരലക്ഷം രൂപ പിഴ അടക്കാൻ പഞ്ചായത്ത് നോട്ടിസ് നൽകുകയും ചെയ്തു. പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതിനാൽ ലാബ് അടച്ചിടാനും നിർദേശിച്ചു.
അനുമോദന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആഷിത മുഖ്യാതിഥിയായി. പുന്നയൂർ പഞ്ചായത്തിന് വേണ്ടി ടി.വി. സുരേന്ദ്രനും, ഹരിത കേരളം സംസ്ഥാന മിഷനു വേണ്ടി ജില്ല മിഷൻ കോഓഡിനേറ്റർ സി. ദിദികയും, തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ഇന്റേണൽ വിജിലൻസ് ഓഫിസർ ദുർഗാദാസും ഉപഹാരങ്ങൾ നൽകി. പുന്നയൂർ പഞ്ചായത്തിന്റെ ക്യാഷ് അവാർഡ് സെക്രട്ടറി എൻ.വി. ഷീജ നൽകി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ, സ്ഥിരസമിതി അധ്യക്ഷൻ എ.കെ. വിജയൻ, വടക്കേക്കാട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീധരൻ മാക്കാലിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിസ്ന ലത്തീഫ്, സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ മാനേജറും ആറ്റുപുറം പള്ളി വികാരിയുമായ ഫാ. ഡെന്നിസ് മാറോക്കി, പി.ടി.എ പ്രസിഡന്റ് ദിനേശ് ജി നായർ എന്നിവർ സംസാരിച്ചു. പുന്നയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. വിശ്വനാഥൻ സ്വാഗതവും സെന്റ് ആന്റണീസ് എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എ.ഡി. സാജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.