ഇബ്രാഹിമിെൻറ മോചനം: മുഖ്യമന്ത്രിയെ സമീപിച്ച് ഭാര്യ
text_fieldsതിരുവനന്തപുരം: ആറുവർഷമായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 67 കാരനായ ഇബ്രാഹിമിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഭാര്യ കെ. ജമീല മുഖ്യമന്ത്രിയെ സമീപിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹൃദ്രോഗിയും ആരോഗ്യകരമായ അവശതയും നേരിടുന്ന ഇബ്രാഹിമിെൻറ കാര്യത്തിൽ അനുഭാവപൂർണമായ പരിഗണന ഉണ്ടാകണമെന്ന് അഭ്യർഥിച്ച് 13 സാംസ്കാരിക പ്രമുഖരും മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
2015 ജൂലൈ 13ന് കോഴിക്കോട് പയ്യോളിയിൽനിന്ന് മാവോവാദി മുദ്ര കുത്തപ്പെട്ട് അറസ്റ്റ് െചയ്ത ഇബ്രാഹിം കടുത്ത പ്രമേഹരോഗിയാണെന്ന് കത്തിൽ പറയുന്നു. ദിവസം 22 ഗുളികകൾ കഴിക്കുന്നെങ്കിലും പ്രമേഹം നിയന്ത്രണത്തിലല്ല. അതിനാൽ പല്ലുകൾ മിക്കവാറും കൊഴിഞ്ഞ് വെപ്പുപല്ലുകൾ വെക്കാൻ കഴിയാത്തതു കാരണം ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുന്നു. അദ്ദേഹം അവശനിലയിലാണെന്ന് ഭാര്യ ചൂണ്ടിക്കാട്ടി.
ഇബ്രാഹിമിെൻറ പേരിലുള്ള രണ്ട് കേസുകളിൽ മുഴുവൻ പ്രതികളെയും വിട്ടയച്ചതിനാൽ എൻ.െഎ.എ കേസാണ് നിലനിൽക്കുന്നത്. അതിൽ ജാമ്യം ലഭിക്കാത്തതിനാലാണ് തടവ് നീണ്ടത്. ജയിലുകളിൽ കോവിഡ് അതിവേഗം പടരുന്നതിനാൽ തടവുകാരെ മോചിപ്പിക്കുകയാണ്. നിലവിൽ കേരളത്തിലടക്കം തടവുകാർക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിച്ചിട്ടുണ്ട്. എന്നാൽ, യു.എ.പി.എ കേസിലെ തടവുകാരെ ഇൗ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കിയതിനാൽ ഇബ്രാഹിമിന് പുറത്തുവരാൻ സാധിച്ചിട്ടില്ല.
ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിദാനന്ദൻ, ബി.ആർ.പി. ഭാസ്ക്കർ, ജെ. ദേവിക, കെ.ടി. റാംമോഹൻ, സക്കറിയ, കൽപറ്റ നാരായണൻ, സുനിൽ പി. ഇളയിടം, അൻവർ അലി, രാജീവ് രവി, മീനാ കന്ദസ്വാമി, സണ്ണി കപിക്കാട്, റഫീഖ് അഹമ്മദ്, ടി.ടി. ശ്രീകുമാർ എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.