കെട്ടിട നിർമാണങ്ങളിൽ ഐ.ബി.എസ് നിർബന്ധം; കേരളം ഡിജിറ്റലാവാനുള്ള ചട്ടം ജീവനക്കാരറിഞ്ഞില്ല
text_fieldsതൃശൂർ: കേരളം ഡിജിറ്റിലാക്കുന്നതിന്റെ ഭാഗമായി കെട്ടിട നിർമാണങ്ങളിൽ ഇന്റർനെറ്റ്, ഡിജിറ്റൽ സംവിധാനമൊരുക്കാനുള്ള ഐ.ബി.എസുകൾ (ഇൻ ബിൽഡിങ് സൊലൂഷൻസ്) നിർബന്ധമാക്കി. കേരള പഞ്ചായത്ത് - മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ഭേദഗതി ചട്ടത്തിൽ 41 എ ഉപചട്ടം കൂട്ടിച്ചേർത്താണ് 300 ചതുരശ്രമീറ്ററിൽ കൂടുതലുള്ള കെട്ടിട നിർമാണങ്ങളിൽ ഐ.ബി.എസുകൾ നിർബന്ധമാക്കിയത്.
കെട്ടിടത്തിനുള്ളിൽ ഉയർന്ന ഗുണനിലവാരമുള്ളതും തടസ്സരഹിതവുമായ ഇന്റർനെറ്റ് ഒഴുക്ക് ഉറപ്പുവരുത്താൻ ടെലികോം ഓപറേറ്റർമാരുടെ സെല്ലുലാർ സിഗ്നൽ എത്തിച്ച് വിതരണം ചെയ്യുകയെന്ന പ്രവർത്തനമാണ് ഐ.ബി.എസിലൂടെ ഉറപ്പുവരുത്തുക. വലിയ മാളുകളും സൂപ്പർ മാർക്കറ്റുകളും പോലെ ഇന്റർനെറ്റ് സുഗമമായി എത്താൻ തക്കവണ്ണം അവശ്യഡിജിറ്റൽ സജ്ജീകരണങ്ങൾ കെട്ടിടങ്ങളിൽ ഉറപ്പുവരുത്തേണ്ടിവരും.
കെട്ടിടനിർമാണത്തിന് അപേക്ഷ നൽകുമ്പോൾ വെള്ളത്തിനും വെളിച്ചത്തിനും ഉള്ള സംവിധാനം രേഖപ്പെടുത്തുംപോലെ സർവിസ്, ബിൽഡിങ് പ്ലാനുകളിൽ കെട്ടിടത്തിലേക്കുള്ള ഡിജിറ്റൽ, ഇന്റർനെറ്റ് സൗകര്യത്തിനുള്ള ഇടംകൂടി വ്യക്തമാക്കണം. ഉപചട്ടം ആറ് പ്രകാരം സേവനപദ്ധതിയിലും ഉപചട്ടം ഏഴ് പ്രകാരം കെട്ടിടരൂപരേഖയിലും നീല വരകളോടെ ഈ സംവിധാനം വ്യക്തമാക്കിയിരിക്കണമെന്ന് ദേദഗതിച്ചട്ടം വിശദീകരിക്കുന്നു. പ്ലാൻ സമർപ്പിക്കുമ്പോൾ അതിന്റെ കൂടെ ഏത് ഇന്റർനെറ്റ്, മൊബൈൽ സേവനദാതാക്കൾ, ഡിജിറ്റൽ അടിസ്ഥാനസൗകര്യം, ആവശ്യമായ ശേഷി എന്നിവ വിശദമാക്കണം. ബിൽഡിങ് പ്ലാനിൽ കെട്ടിടത്തിന്റെ അകത്തും മേൽക്കൂരയിലും ബ്രോഡ്ബാൻഡ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യം, ആന്റിന എന്നിവക്കായി വേർതിരിച്ച ഭാഗങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തണം. ഇവ സജ്ജീകരിക്കുന്നതോടെ ഇന്റർനെറ്റ് സേവനദാതാക്കളുടെ പണി എളുപ്പമാകും.
കൂടുതൽ ഉപഭോക്താക്കളുള്ള കെട്ടിട സമുച്ചയങ്ങളിൽ ഇപ്പോൾ ട്രാൻസ്മിറ്ററുകളും ആന്റിനകളും ഘടിപ്പിച്ചാണ് വിവിധ സേവനദാതാക്കളുടെ വാർത്താവിനിമയ, ഡിജിറ്റൽ സംവിധാനമൊരുക്കാറ്. ഏറെ ചെലവേറുന്ന സജ്ജീകരണമാണിത്. 300 ചതുരശ്രമീറ്ററിൽ കൂടുതലുള്ള കെട്ടിടനിർമാണങ്ങളിൽ ഇനി മുതൽ നിർബന്ധമാക്കുകയാണ്.
നിലവിൽ ടെലികോം കമ്പനികൾ ഒരു ലക്ഷം ചതുരശ്ര അടി ഉണ്ടെങ്കിലേ ഐ.ബി.എസ് നൽകാറുള്ളൂ. വീടുകളിൽ മൊബൈൽ സേവനങ്ങൾക്ക് റിപ്പീറ്ററുകൾ ഘടിപ്പിക്കാൻ അധികം ചെലവ് വരില്ല.
പക്ഷേ ഒരു ഇന്റർനെറ്റ് സേവനദാതാവിന്റെ സേവനം മാത്രമേ ലഭിക്കൂവെന്നതാണ് ന്യൂനത. ഇന്ത്യൻ ഡിജിറ്റൽ രംഗം 5 ജിയിലേക്ക് കുതിക്കുമ്പോൾ കേരളത്തിന്റെ ഈ തീരുമാനം കുതിപ്പേകുമെന്നാണ് വിലയിരുത്തൽ. പക്ഷേ, ചട്ടം പ്രാബല്യത്തിൽ വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഈ സുപ്രധാന ചുവടുവെപ്പിനെപ്പറ്റി തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പോലുമറിയില്ല. ചട്ടത്തിലെ പരാമർശം കണ്ടുവെന്നല്ലാതെ വകുപ്പുതലത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരണങ്ങളോ നിർദേശങ്ങളോ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.