ബത്തേരിയിൽ ഹാട്രിക് നേടാൻ െഎ.സി; തിരിച്ചുപിടിക്കാൻ എം.എസ്
text_fieldsസുൽത്താൻ ബത്തേരി: പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോൾ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ പ്രവചനങ്ങൾ പലവിധം. പകൽ ചൂട് കൂസാതെ ഇടത്, യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണം മുന്നേറുകയാണ്. എൻ.ഡി.എ സ്ഥാനാർഥിയും ശക്തമായ സാന്നിധ്യമായി രംഗത്തുണ്ട്.
ഗ്രൂപ് ചർച്ചകളും ബഹളങ്ങളും ഇല്ലാതെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. മൂന്നാം അങ്കത്തിന് ഇറങ്ങുന്ന ഐ.സി. ബാലകൃഷ്ണൻ പ്രവർത്തകർക്ക് ഐ.സിയാണ്. ബത്തേരിയുടെ സിറ്റിങ് എം.എൽ.എ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് മത്സരം. പട്ടികവർഗ സംവരണ മണ്ഡലത്തിൽ ഇത്തവണ മത്സരച്ചൂട് കൂടുതലാണ്.
കെ.പി.സി.സി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് സി.പി.എമ്മിലെത്തിയ എം.എസ്. വിശ്വനാഥനെ സ്ഥാനാർഥിയാക്കി മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. വിശ്വനാഥൻ പ്രവർത്തകർക്ക് എം.എസ് ആണ്.
മുത്തങ്ങ സമരനായിക മാത്രമല്ല, ആദിവാസി ഭൂമി പ്രശ്നവും സർക്കാർ വഞ്ചനയും ദേശീയതലത്തിൽ ഉയർത്തിയ സി.കെ. ജാനുവാണ് എൻ.ഡി.എ സ്ഥാനാർഥി. ജാനു ഇത് രണ്ടാം തവണയാണ് ബത്തേരിയിൽ ജനവിധി തേടുന്നത്. 2016ൽ സി.പി.എമ്മിലെ രുഗ്മിണി സുബ്രഹ്മണ്യനെ 11,198 വോട്ടുകൾക്ക് പിന്നിലാക്കിയാണ് കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണൻ വിജയിച്ചത്.
2011ൽ സി.പി.എമ്മിലെ ഇ.എ. ശങ്കരനെതിരെ നേടിയ 7583 എന്ന ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഐ.സി വർധിപ്പിച്ചത്. ഈയൊരു ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. 10 വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾ ഐ.സിക്ക് വിശദീകരിക്കാനുണ്ട്.
നടവയൽ, പുൽപള്ളി, മുള്ളൻകൊല്ലി തുടങ്ങിയ കുടിയേറ്റ മേഖലകളിൽ വലിയ വരവേൽപ്പാണ് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചിട്ടുള്ളത്. സാമുദായിക സംഘടന നേതാക്കളെയും തൊഴിലാളി കേന്ദ്രങ്ങളേയും പ്രത്യേകം സമീപിച്ചാണ് പ്രചാരണം മുന്നേറുന്നത്.
ഒരുമാസം മുമ്പുവരെ സഹപ്രവർത്തകനായ എം.എൽ.എക്കെതിരെ രംഗത്തിറങ്ങുമ്പോൾ സി.പി.എമ്മിലെ എം.എസ്. വിശ്വനാഥൻ വലിയ ആവേശത്തിലാണ്. കൂടുതൽ കാലം മണ്ഡലം യു.ഡി.എഫിനെ പിന്തുണച്ചു എന്നത് മാത്രമാണ് ഇടത് പാളയത്തിൽ അൽപ്പം ആശങ്കയുണ്ടാക്കുന്നത്. സംസ്ഥാനത്തെ തുടർഭരണ സാധ്യത സുൽത്താൻ ബത്തേരിയിലെ വോട്ടർമാരും കാര്യമായി എടുക്കുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്.
2016ൽ 27,920 വോട്ടുകൾ നേടി സി.കെ. ജാനു മൂന്നാമതെത്തി. ഇത്തവണ ജാനു നേടുന്ന വോട്ടുകൾ ഇരുമുന്നണികളും വിലയിരുത്തുന്നുണ്ട്. കോളനികൾ കേന്ദ്രീകരിച്ചുള്ള ജാനുവിെൻറ പ്രചാരണം ഇടത്, വലത് മുന്നണികൾ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ ജാനു കൂടുതൽ വോട്ടുകൾ പിടിച്ചപ്പോൾ അത് സി.പി.എമ്മിനാണ് കൂടുതൽ ക്ഷീണം ഉണ്ടാക്കിയത്.
1977ൽ സുൽത്താൻ ബത്തേരി മണ്ഡലം രൂപവത്കരിച്ചതിനുശേഷം 10 തെരഞ്ഞെടുപ്പിൽ എട്ടിലും യു.ഡി.എഫാണ് ജയിച്ചത്. 1977ൽ കോൺഗ്രസിലെ കെ. രാഘവൻ മാസ്റ്റർ, 1982,1987ൽ കോൺഗ്രസിലെ കെ.കെ. രാമചന്ദ്രൻ, 1991ൽ കോൺഗ്രസിലെ കെ.സി. റോസാക്കുട്ടി, 1996ൽ സി.പി.എമ്മിലെ വർഗീസ് വൈദ്യർ, 2001ൽ കോൺഗ്രസിലെ എൻ.ഡി. അപ്പച്ചൻ, 2006ൽ സി.പി.എമ്മിലെ പി. കൃഷ്ണപ്രസാദ് എന്നിവരാണ് വിജയിച്ചത്. പിന്നീടായിരുന്നു ഐ.സി. ബാലകൃഷ്ണെൻറ രംഗപ്രവേശനം.
ജില്ലയിൽ ഏറ്റവും കൂടുതല് വോട്ടര്മാരുള്ള മണ്ഡലമാണിത്. 2,20,167 വോട്ടർമാർ. പുൽപള്ളി, പൂതാടി, മുള്ളൻകൊല്ലി, നെന്മേനി, നൂൽപ്പുഴ, മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തകളും സുൽത്താൻ ബത്തേരി നഗരസഭയുമാണ് മണ്ഡലത്തിലുള്ളത്. ഇതിൽ ബത്തേരി നഗരസഭയും അമ്പലവയൽ പഞ്ചായത്തും മാത്രമാണ് ഇപ്പോൾ എൽ.ഡി.എഫ് ഭരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ യു.ഡി.എഫിനാണ് മേധാവിത്വം. സാമുദായിക വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമം അണിയറയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.