ഐ.സി.യു പീഡനക്കേസ്: അതിജീവിത വീണ്ടും സമരത്തിലേക്ക്; ‘ആരോഗ്യ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ല’
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതിനെതിരെയാണ് സമരം. അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ കമീഷണർ ഓഫിസിന് മുന്നിൽ സമരം നടത്താനാണ് തീരുമാനം. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിജീവിത ആരോപിച്ചു. കേസിന്‍റെ ഭാഗമായി അതിജീവിതയെ പരിശോധിച്ചതും മൊഴി രേഖപ്പെടുത്തിയതും മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിയാണ്.
താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഡോക്ടർ രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും അതിജീവിത സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മെഡിക്കല്‍ കോളജ് എ.സി.പി സുദര്‍ശന്‍ അന്വേഷിച്ചെങ്കിലും ഡോക്ടർക്ക് വീഴ്ച സംഭവിച്ചില്ലെന്നായിരുന്നു കണ്ടെത്തൽ.
ഈ റിപ്പോര്‍ട്ട് അതിജീവിത ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല. അതിജീവിതക്ക് അനുകൂലമായ കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നും അതിനാലാണ് റിപ്പോർട്ട് നൽകാത്തതെന്നുമാണ് അവരുടെ വാദം. ഒരു വർഷം മുമ്പ് ആവശ്യപ്പെട്ട റിപ്പോർട്ടാണ് ഇതുവരെ നൽകാതിരിക്കുന്നത്. വിവരാവകാശം വഴി അപേക്ഷ നൽകിയിട്ടും അനുകൂല നടപടി ഉണ്ടാകാത്തതിനെതുടർന്നാണ് തിങ്കളാഴ്ച അതിജീവിത വീണ്ടും കമീഷണറെ കണ്ടത്.
കമീഷണറെ കാണാൻ എത്തിയ അവർക്ക് ആദ്യം അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളെ അറിയിച്ചതിനു ശേഷം എത്തിയപ്പോഴാണ് അനുമതി നൽകിയത്. എന്നാൽ, റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന് കമീഷണർ ആവർത്തിച്ചതോടെ രണ്ട് ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ സമരം ചെയ്യുമെന്ന് അവർ പ്രഖ്യാപിക്കുകയായിരുന്നു.
പൊതുജനത്തിന് മുന്നിൽ പൊലീസ് തന്നെ കാഴ്ചവസ്തു ആക്കുകയാണെന്ന് അവർ ആരോപിച്ചു. കമീഷണറുടെ മുന്നിൽ പരാതി നൽകാൻ എത്തിയാൽപോലും യാതൊരുവിധ സംരക്ഷണവും നൽകുന്നില്ല. ആരോഗ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നും കമീഷണർ ഓഫിസിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും അതിജീവിത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.