ചെറുതോണിക്കൊപ്പം ഇടമലയാറും തുറക്കുന്നു; പെരിയാർ തീരം ജാഗ്രതയിലേക്ക്
text_fieldsകൊച്ചി: ചെറുതോണിക്ക് പിന്നാലെ ഇടമലയാർ ഡാമും ചൊവ്വാഴ്ച തുറക്കുന്ന സാഹചര്യത്തിൽ പെരിയാർ തീരം കനത്ത ജാഗ്രതയിലേക്ക്. എറണാകുളം ജില്ല ഭരണകൂടം വൻ മുൻകരുതലാണ് സ്വീകരിച്ചിരിക്കുന്നത്. എന്‍.ഡി.ആര്‍.എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) സംഘം ജില്ലയില്‍ എത്തി. ടീം കമാൻഡ൪ കുല്‍ജേന്ദര്‍ മൗണിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ജില്ല ഭരണകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കലക്ടര്‍ ഡോ. രേണുരാജുമായി സംഘം ആശയവിനിമയം നടത്തി. തൃക്കാക്കര യൂത്ത് ഹോസ്റ്റലിലാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്. ജില്ലയില്‍ എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാകുന്ന പക്ഷം എന്‍.ഡി.ആര്‍.എഫ് സേനയെ വിന്യസിക്കും.
നിലവില്‍ ചെറുതോണി അണക്കെട്ട് തുറന്നിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തിനാണ് ഇടമലയാര്‍ ഡാം തുറക്കുക. ഇടുക്കി വൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നിട്ട് 40 മണിക്കൂര്‍ പിന്നിട്ടെങ്കിലും ജില്ലയിൽ പെരിയാറിലും കൈവഴികളിലും ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. 50 ക്യുമെക്‌സ് വെള്ളമാണ് തിങ്കളാഴ്ച രാവിലെ 10വരെ ഡാമില്‍നിന്ന് പുറത്തേക്ക് വിട്ടത്.
പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് തിങ്കളാഴ്ച വൈകീട്ടോടെ 300 ക്യുമെക്‌സായി വര്‍ധിപ്പിച്ചു. ചൊവ്വാഴ്ച ജലത്തിന്‍റെ അളവ് 500 ക്യുമെക്സിലേക്ക് ഉയർത്താനാണ് സാധ്യത. ഇടമലയാർ അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി 50 മുതൽ 100 ക്യുമെക്സുവരെ ജലം പെരിയാറിലേക്കൊഴുക്കും. ഇടുക്കിയിൽനിന്നും ഇടമലയാറിൽനിന്നുമുള്ള വെള്ളം മൂലം ചൊവ്വാഴ്ച ഉച്ചയോടെ പെരിയാറിൽ ജലനിരപ്പ് ചെറിയ തോതിൽ ഉയരുമെന്നാണ് വിലയിരുത്തൽ.
പെരിയാർ തീരത്ത് ജാഗ്രത വേണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ നൽകുന്ന അറിയിപ്പുകൾ പാലിക്കണമെന്നുമാണ് നിർദേശം. പെരിയാർ തീരത്തെ എല്ലാ പഞ്ചായത്തിലും മൈക്ക് അനൗൺസ്മെന്‍റ് നടത്തി മുന്നറിയിപ്പുകൾ നൽകി തുടങ്ങി.
ഭൂതത്താന്‍കെട്ട് അണക്കെട്ടിന് താഴേക്കുള്ള പെരിയാര്‍ തീരങ്ങളിലൊന്നും വെള്ളക്കെട്ട് ഉണ്ടായതായി റിപ്പോർട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് ദിവസവും ഗ്രീന്‍ അലര്‍ട്ടാണ്. അത് കൊണ്ടുതന്നെ കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിട്ടാലും അപകടകരമായ രീതിയിലേക്ക് ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.