ഇടമലയാർ പ്രോജക്ട് ഓഫിസ് അഴിമതി; 44 പേർക്ക് മൂന്നു വർഷം തടവും പിഴയും
text_fieldsതൃശൂർ: ഇടമലയാർ ജലസേചനപദ്ധതിയുടെ ചാലക്കുടി ഡിവിഷൻ-രണ്ട് പ്രോജക്ട് ഓഫിസിൽ കരാറുകാർക്ക് ടെൻഡർ ഷെഡ്യൂൾ ഫോം വിതരണം ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് കേസിൽ 44 പ്രതികൾക്ക് മൂന്നു വർഷം വീതം തടവും പിഴയും ശിക്ഷ.
ആറ് എൻജിനീയർ, നാല് ഓവർസിയർ, 34 കരാറുകാർ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ജഡ്ജി അനിൽ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ മൂന്നു വർഷം വീതമുള്ള തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി തടവ് അനുഭവിക്കണം.
2004ൽ പ്രോജക്ട് ഓഫിസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജൂനിയർ സൂപ്രണ്ടന്റായിരുന്ന ടി.കെ. സുകുമാരന്റെ മേശവലിപ്പിൽനിന്ന് കണക്കിൽപ്പെടാത്ത ഒന്നര ലക്ഷത്തിലധികം രൂപ കണ്ടെടുത്തിരുന്നു. തുടർന്ന് വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം ടി.കെ. സുകുമാരൻ, എക്സിക്യൂട്ടിവ് എൻജിനീയർ ടി.ആർ. ശൈലേശൻ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി.
ഡിവൈ.എസ്.പി എം.എം. മോഹനന്റെ നേതൃത്വത്തിൽ വിജിലൻസ് തൃശൂർ യൂനിറ്റ് ഡിവൈ.എസ്.പിമാരായിരുന്ന സി.എസ്. മജീദ്, സതീശൻ എന്നിവരാണ് അന്വേഷിച്ചത്.
ഇടമലയാർ വലതുകര മെയിൻ കനാൽ നവീകരണവും അന്വേഷണത്തിൽ ഉൾപ്പെടുത്തി. 8.515 കിലോമീറ്റർ ചെയിനേജ് നിർമാണം ചെറുപ്രവൃത്തികളാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. 43 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ആക്കി എക്സിക്യൂട്ടിവ് എൻജിനീയറുടെ അധികാരപരിധിയിൽ ബില്ലുകളാക്കിയതു വഴി 1.05 കോടിയുടെ നഷ്ടം വരുത്തിയതായാണ് കണ്ടെത്തൽ.
2011 ഒക്ടോബർ 21ന് ഡിവൈ.എസ്.പി എസ്.ആർ. ജ്യോതിഷ് കുമാറാണ് 51 പ്രതികൾക്കെതിരെ തൃശൂർ എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി (വിജിലൻസ്) മുമ്പാകെ 39 കുറ്റപത്രം സമർപ്പിച്ചത്.
ആറു കരാറുകാർ ഇതിനിടെ മരിച്ചു. ഓവർസിയറായിരുന്ന അർജുനനെ ശിക്ഷയിൽനിന്നും ഒഴിവാക്കി. അസി. എൻജിനീയറായിരുന്ന ശ്രീധരനെ ജോലി ചെയ്ത കാലത്തെ രണ്ടു കേസുകളിൽ ശിക്ഷിക്കുകയും ഓവർസിയറായിരുന്ന കാലത്തെ മൂന്നു കേസിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. മറ്റു 44 പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്.
എക്സിക്യൂട്ടിവ് എൻജിനീയർ ടി.ആർ. ശൈലേശനു പുറമെ അസി. എക്സി. എൻജിനീയറായിരുന്ന പി.വി. പുഷ്പരാജ്, അസി. എൻജിനീയർമാരായിരുന്ന എം.എ. ബഷീർ, രാമകൃഷ്ണൻ, ശ്രീധരൻ, കെ.വി. ദേവസി, ഓവർസിയറായിരുന്ന ജയപ്രകാശ്, എം.ടി. ടോമി, കെ.എ. പോൾ, കെ.ജി. സദാശിവൻ, കരാറുകാരായിരുന്ന ടി.കെ. മോഹൻദാസ്, വി.എൽ. വർഗീസ്, എം.എസ്. ശിവരാമൻ, ടി.വി. മത്തായികുഞ്ഞ്, ഇ.വി. ജോസ്, കെ.ജെ. ജോൺസൺ, ബാബു ജോസഫ്.
പി.കെ. ഡേവിസ്, എം.വി. പൗലോസ്, ടി.ടി. മൈക്കിൾ, പി.ഐ. മാർട്ടിൻ, കെ.ടി. ജോർജ്, കെ.പി. അനിൽകുമാർ, കെ.ബി. നിത്യാനന്ദൻ, പി.ആർ. സുബാഷ്, വി.എം. വർഗീസ്, കെ.പി. ജോസഫ്, കെ.കെ. ഷൈജു, വി.എൽ. ബൈജു ജോസഫ്, പി.ഒ. ജേക്കബ്, വി.സി. ജോസഫ്, എ.സി. ശ്രീധരൻ, ജി.വി. ഡേവിഡ്, കെ.എ. ചന്ദ്രൻ, എം. സജു, കെ.പി. ജോയി, കെ.ഒ. വറീത്, വി. ജസ്റ്റിൻ, കെ.ഡി. ജോസ്, എം.ഡി. കുര്യൻ, വി.ഐ. ബൈജു, ഷാജി എ. പാറയ്ക്ക, സി.ജെ. ഷാജു എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
വിവിധ വകുപ്പുകളിലായി പുഷ്പരാജൻ 2.34 കോടി രൂപയും രാമകൃഷ്ണൻ 1.08 കോടിയും കെ.വി. ദേവസി, കെ.ജി. സദാശിവൻ എന്നിവർ 66 ലക്ഷവും എം.എ. ബഷീർ, എം.ടി. ടോമി എന്നിവർ 54 ലക്ഷവും ജയപ്രകാശ് 48 ലക്ഷവും ശ്രീധരൻ, കെ.എ. പോൾ എന്നിവർ 12 ലക്ഷവും 34 കരാറുകാർ ആറു ലക്ഷം രൂപ വീതവും പിഴ അടക്കണം.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷൈലജൻ, പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സ്റ്റാലിൻ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.