ഐ.ഡി.ബി.ഐ ബാങ്ക് വിൽക്കുന്നു: ഏപ്രിലിൽ താൽപര്യപത്രം ക്ഷണിക്കും
text_fieldsതൃശൂർ: പൊതുമേഖല ബാങ്കുകളുടെ ലയന-സ്വകാര്യവത്കരണ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ സ്വകാര്യ മേഖലയിലെ ഐ.ഡി.ബി.ഐ ബാങ്ക് വിൽക്കുന്നു. ബാങ്കിൽ കേന്ദ്ര സർക്കാറിനും ലൈഫ് ഇൻഷുറൻസ് കോർപറേഷനുമുള്ള ഓഹരി വിറ്റഴിക്കൽ നടപടി ഉടൻ തുടങ്ങും. ഇതിനുള്ള നടപടിക്രമങ്ങൾ റിസർവ് ബാങ്ക് പരിശോധിച്ചു. ഏപ്രിലോടെ താൽപര്യപത്രം ക്ഷണിക്കും. ഈ വർഷം വിൽപന നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം.
സ്വകാര്യ മൂലധനം സ്വരൂപിച്ച് സർക്കാറിന് ബാങ്ക് തുടങ്ങാമെന്ന ആശയം പ്രാവർത്തികമാക്കിയാണ് 1964ൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐ.ഡി.ബി.ഐ) ആരംഭിച്ചത്. 2019ൽ 51 ശതമാനം ഓഹരി എൽ.ഐ.സി സ്വന്തമാക്കിയതോടെ ഐ.ഡി.ബി.ഐയെ എൽ.ഐ.സിയുടെ സബ്സിഡിയറി ആക്കി. 2020ൽ എൽ.ഐ.സിയുടെ ഓഹരി വിഹിതം 50 ശതമാനത്തിൽ താഴെയായതോടെ ഐ.ഡി.ബി.ഐ, എൽ.ഐ.സിയുടെ അസോസിയേറ്റ് ആയി. നിലവിൽ എൽ.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവും ഓഹരിയാണ് ഉള്ളത്. ഇതാണ് വിൽക്കുന്നത്. എൽ.ഐ.സിയാണ് ബാങ്കിന്റെ പ്രമോട്ടർ. സ്വകാര്യ ബാങ്കുകളിൽ പ്രമോട്ടർ 26 ശതമാനം ഓഹരി നിലനിർത്തണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് ഓഹരി വിൽപന. വിൽപന പൂർത്തിയാകുന്നതോടെ പൊതുമൂലധനത്തിന് ഒരു നിയന്ത്രണവുമില്ലാത്ത എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ മാതൃകയിലുള്ള നവ സ്വകാര്യ ബാങ്കായി ഐ.ഡി.ബി.ഐ മാറും.
ഐ.ഡി.ബി.ഐയെ 'സ്വകാര്യ മേഖല ബാങ്ക് പട്ടിക'യിലാണ് റിസർവ് ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്താകെ 1800 ശാഖകളുണ്ട്. കേന്ദ്ര സർക്കാറും എൽ.ഐ.സിയും ഓഹരി വിറ്റ് ബാങ്കിനെ പൂർണമായും കൈയൊഴിയുന്ന നീക്കത്തെ ജീവനക്കാർ ഒറ്റക്കെട്ടായി എതിർക്കുന്നുണ്ടെങ്കിലും നീക്കം പുരോഗമിക്കുകയാണ്. എൽ.ഐ.സിയുടെ ഓഹരി വിൽപന നടപടികൾ അടുത്ത മാസം യാഥാർഥ്യമാകും. ഈ സാഹചര്യത്തിൽ ഇനി ഐ.ഡി.ബി.ഐയിലേക്ക് മൂലധനം നിക്ഷേപിക്കുന്നത് തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നാണ് എൽ.ഐ.സിയുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.