ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ചുതകർത്തു; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയിക്കുന്നതായി പൊലീസ്
text_fieldsകായംകുളം: പട്ടാപ്പകൽ 63കാരൻ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ചു തകർത്തു. ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. പത്തിയൂർ സ്വദേശി സാംഭശിവനാണ് വിഗ്രഹങ്ങൾ തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, സംഭവം പകൽ വെളിച്ചത്തിലായതിന്റെ ആശ്വാസമാണ് നാട്ടുകാർ പങ്കുവെക്കുന്നത്. മുതലെടുപ്പുകാർ അവസരം പാർത്തിരിക്കുന്നതിനാൽ രാത്രിയെങ്ങാനുമായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.
എരുവ കോയിക്കപ്പടി പള്ളിയറക്കാവ് നാഗരാജ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് പാറക്കഷണം ഉപയോഗിച്ച് സാംഭശിവൻ അടിച്ച് തകർത്തത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. സമീപത്തെ ആൽത്തറയിൽ ഇരിക്കുകയായിരുന്ന ഇയാൾ അപ്രതീക്ഷിതമായാണ് ക്ഷേത്രത്തിലേക്ക് ഓടിക്കയറി വിഗ്രഹങ്ങൾ തകർത്തത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സംഭവം ശ്രദ്ധയിൽപ്പെട്ടവർ പിന്തുടർന്ന് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കായംകുളം പൊലീസ് എത്തി കസ്‌റ്റഡിയിലെടുത്തു. രാത്രിയോടെ ക്ഷേത്ര ഭാരവാഹികൾ എത്തി പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.