ഐ.ഡി.ആർ.ബി ചീഫ് എഞ്ചിനീയറുടെ കാര്യാലയം: ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനെ തടയുന്നുവെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് (ഐ.ഡി.ആർ.ബി) വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനെ തടയുന്നുവെന്ന് ധനകാര്യ പരിശോധനവിഭാഗത്തിന്റെ റിപ്പോർട്ട്. ഈ കാര്യാലയത്തിൽ ഹാജർ ബുക്കിന്റെ പരിപാലനം തൃപ്തികരമല്ലെന്നും പരിശോധനയിൽ കണ്ടെത്തി. അതിനാൽ, ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ നിർദേശപ്രകാരം ബയോമെട്രിക് പഞ്ചിങ് സംവിധാനം എത്രയും വേഗം നടപ്പിലാക്കി ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തണമെന്നാണ് ശിപാർശ.
ഭരണനവീകരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പ് വരുത്തുന്നതിന് വിവിധ വകുപ്പുകൾക്കു കീഴിലുള്ള എല്ലാ ഡയറക്ടറേറ്റുകളിലും ബയോമെട്രിക് ഫിംഗർ പ്രിന്റ് അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന് 2010 സെപ്ദംബർ 13ന് സർക്കാർ ഉത്തരവായിരുന്നു. ഇറിഗേഷൻ ഐ.ഡി.ആർ.ബി വിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ ഹാജർ ബുക്കിന്റെ പരിപാലനം തൃപ്തികരമല്ലാത്തതിനാൽ ഓഫീസിലെ ജീവനക്കാരുടെ ഹാജർനില ബയോമെട്രിക് സംവിധാനത്തിൽ രേഖപ്പെടുത്തിയതിന്റെ റിപ്പോർട്ട് ആരാഞ്ഞിരുന്നു.
അതിനുള്ള മറുപടിയിൽ സർക്കാർ ഉത്തരവ് പ്രകാരം പഞ്ചിങ് സംവിധാനം നിലവിലുണ്ടെന്നും അത് കെൽട്രോൺ മുഖേനയാണ് ഉപയോഗിച്ചു വന്നിരുന്നതെന്നും വ്യക്തമാക്കി. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് പഞ്ചിങ് സംവിധാനം നിർത്തിവെച്ചു. അതിനെ തുടർന്ന് എ.എം.സി. സമയബന്ധിതമായി പുതുക്കാത്തതിനാൽ നിലവിൽ പ്രവർത്തനരഹിതമാണെന്നും അറിയിച്ചു.
പഞ്ചിങ് സംവിധാനം പുനഃസ്ഥാപിക്കുന്നതിന് ഉത്തരവായതിനെത്തുടർന്ന് പി.ഡബ്ള്യു.ഡി ക്ക് നിർവഹണച്ചുമതല നൽകി. എന്നാൽ ഇതിന്റെ നിർവഹണവുമായി ബന്ധപ്പെട്ട് ആവശ്യമായ തുക വികാസ് ഭവനിലെ എല്ലാ ഓഫീസുകളിൽനിന്നും ഒരുമിച്ച് ല്യമാകുന്ന മുറക്കു മാത്രമേ പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ആവുകയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം കലക്ടറേറ്റിലും ഡയറക്ടറേറ്റുകളിലും വകുപ്പധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി പഞ്ചിങ് സംവിധാനം നടപ്പാക്കണമെന്നായിരുന്നു.
വികാസ് ഭവനിലെ ഓഫിസുകളിൽ പഞ്ചിങ് പുനസ്ഥാപിച്ചു. എന്നാൽ ഐ.ഡി.ആർ.ബി ഓരോ തടസം ഉന്നയിച്ച് ബയോമെട്രിക് പഞ്ചിങ് സംവിധാനം പുനസ്ഥാപിക്കാതിരിക്കുകയാണെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി.
പരിശോധനയിൽ ഫിനാൻസ് ഓഫീസർ പല ദിവസങ്ങളിലും ഹാജർ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ചില ദിവസങ്ങളിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം തിരുത്തൽ വരുത്തി ആകസ്കാവധി രേഖപ്പെടുത്തി. അന്വേഷണ കുറിപ്പിന് മറുപടിയായി ചില ദിവസങ്ങളിൽ ഹാജർ രേഖപ്പെടുത്താൻ മറന്നുപോയതായും പണിമുടക്ക് ദിവസം ഒഴികെ ഹാജർ രേഖപ്പെടുത്താത്തതുൾപ്പെടെ ബാക്കി എല്ലാ ദിവസത്തെയും ശമ്പളം ലഭിച്ചിട്ടുള്ളതായി അറിയിച്ചു. പൊതുവിൽ ഹാജർബുക്കിന്റെ പരിപാലനത്തിൽ പല അപാകതകളും കണ്ടെത്തി. ഇക്കാര്യത്തിൽ ആവശ്യമായ അന്വേഷണം നടത്തി ഭരണവകുപ്പ് തുടർനടപടി സ്വീകരിക്കണമെന്നാണ് ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.