Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ചിരിതൂകും പെണ്ണ’ല്ല,...

‘ചിരിതൂകും പെണ്ണ’ല്ല, മുറിവേറ്റ മണ്ണാണ് ഇടുക്കി

text_fields
bookmark_border
‘ചിരിതൂകും പെണ്ണ’ല്ല, മുറിവേറ്റ മണ്ണാണ് ഇടുക്കി
cancel

തൊടുപുഴ: ഇടുക്കിയില്‍ അന്ന് കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം നിര്‍മിച്ചിട്ടില്ല. ജൈവവൈവിധ്യത്താല്‍ അതിസമ്പന്നമാണ് പ്രദേശം. 365 ദിവസവും നൂല്‍മഴ പെയ്തുകൊണ്ടിരിക്കും. നാല്‍പതാം നമ്പര്‍ മഴയെന്നാണ് ഇതിനു പറയുക. (അളവും ശക്തിയുമനുസരിച്ച് പഴമക്കാര്‍ മഴയെ പല നമ്പറുകളില്‍ വിളിച്ചിരുന്നു. നൂലു കണക്കെ നിര്‍ത്താതെ പെയ്തിരുന്ന മഴക്ക് അവരിട്ട പേര് നാല്‍പതാം നമ്പര്‍ മഴ എന്നായിരുന്നു) കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍, കുമളി, അടിമാലി മേഖലകളെല്ലാം വര്‍ഷം മുഴുവന്‍ ആ മഴയില്‍ തണുത്തുനില്‍ക്കും. വേനലും കാട്ടുതീയുമെന്തെന്നറിയില്ല. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ച പ്രദേശങ്ങളിലൊന്നായി ഇടുക്കി മാറിയതോടെ നാല്‍പതാം നമ്പര്‍ മഴയുടെ തണുപ്പ് പഴമക്കാരുടെ ഓര്‍മകളില്‍ മാത്രമായി. ‘ഇവിടുത്തെ കാറ്റാണ് കാറ്റ്’ എന്നൊക്കെ പാട്ടിലേയുള്ളൂ.

അറുപതാണ്ട്  പിന്നിടുന്ന കേരളം ഒരു പക്ഷേ ഏറ്റവും നഷ്ടബോധത്തോടെ ഓര്‍ക്കുക അനുഗൃഹീത കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ട് ലോകത്തെ ആകര്‍ഷിച്ച ഇടുക്കിയുടെ പാരിസ്ഥിതിക മാറ്റങ്ങളാകും. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി മേഖല ഉള്‍പ്പെടുന്ന ഇടുക്കിക്ക് കേരളത്തിന്‍െറ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്.

ഈ മേഖലയിലെ ചെറിയൊരു മാറ്റം പോലും കേരളത്തിന്‍െറ കാലാവസ്ഥയെ സ്വാധീനിക്കും. അരനൂറ്റാണ്ടിനിടെ കേരളത്തിലെ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് 42 ഡിഗ്രിയിലത്തെിയതിനു പിന്നില്‍ ഇടുക്കി നേരിട്ട പാരിസ്ഥിതിക ആഘാതങ്ങളുമുണ്ട്. ഈ കാലയളവില്‍ കേരളത്തിലെ മൂന്നു ലക്ഷം ഹെക്ടര്‍ കാട് വെട്ടിവെളുപ്പിച്ചു. ഇതില്‍ ഒരു ലക്ഷം  ഹെക്ടര്‍ ഇടുക്കിയിലാണ്. ഭൂമാഫിയ കൈയടക്കിയത് ഇതിലേറെ വരും. ഇതോടെ തമിഴ്നാട്ടില്‍നിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് കടന്നു. തെക്കിന്‍െറ കശ്മീരായ മൂന്നാറില്‍ ഒരു കാലത്ത് നട്ടുച്ചക്ക് പോലും കമ്പിളി പുതക്കാതെ പുറത്തിറങ്ങാനാകുമായിരുന്നില്ല. ഇപ്പോള്‍ രാത്രിയിലും ചൂട് അസഹനീയം. കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷികോല്‍പാദനം 70 ശതമാനത്തോളം കുറഞ്ഞു.

ഇടുക്കി ആര്‍ച്ച് ഡാമിന്‍െറ വിദൂര ദൃശ്യം
 


അണക്കെട്ടുകള്‍ ഇടുക്കിയുടെ പരിസ്ഥിതി സന്തുലിതാവസ്ഥക്ക് തിരിച്ചടിയായി. 1972ല്‍ വന്ന ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി മാത്രം 30,000 ഹെക്ടര്‍ കാട് വെട്ടിത്തെളിച്ചു. 17 അണക്കെട്ടുകളുണ്ട് ജില്ലയില്‍. 2013ല്‍ മാത്രം ഡാമുകള്‍ കേന്ദ്രീകരിച്ച് 69 ഭൂചലനങ്ങളുണ്ടായി. പശ്ചിമഘട്ടമേഖലയിലെ 240 ഇനം അപൂര്‍വ ജീവജാലങ്ങളില്‍ 72 എണ്ണം ഇടുക്കിയിലെ ഏലമലക്കാടുകളിലായിരുന്നു. ഇവയില്‍ പലതും അപ്രത്യക്ഷമായി. ജില്ലയുടെ പാരിസ്ഥിതിക തകര്‍ച്ച തിരിച്ചുപിടിക്കാനാവാത്ത വിധം ആഴമേറിയതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം പറയുന്നു.  

1924ല്‍ ഇടുക്കിയില്‍ പെയ്തത് 1100 സെ.മീ. മഴയാണ്. ഈ വര്‍ഷമത് 200 പോലും എത്തിയില്ല. കമ്പംമേടിനും രാമക്കല്‍മേടിനുമിടയിലെ 640 ച.കി.മീ. മരുഭൂമിയായിക്കൊണ്ടിരിക്കുന്നു എന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാല്‍നൂറ്റാണ്ടായി ഈ പ്രദേശത്ത് മഴ നാമമാത്രം. ജില്ലയില്‍നിന്ന് ഉദ്ഭവിച്ച് സമൃദ്ധമായി ഒഴുകിയിരുന്ന നദികള്‍ വരളുകയാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ മണ്ണൊലിപ്പുള്ള പെറുവിനൊപ്പം ഇടുക്കിയത്തെി. ജില്ലയിലെ 260ഓളം  പാറമടകളില്‍ ഭൂരിഭാഗവും മണ്ണും മരങ്ങളും നശിപ്പിച്ചു തെളിച്ചെടുത്തവയാണ്. ഇതോടെ മണ്ണിന്‍െറ ജലസംഭരണശേഷി ഇല്ലാതായി. ചുരുക്കത്തില്‍, അരനൂറ്റാണ്ടുകൊണ്ട് ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ സുരക്ഷയും ജലസുരക്ഷയും നഷ്ടപ്പെട്ട ഭൂപ്രദേശമായി ഇടുക്കി മാറി.

ആശങ്കപ്പെടുത്തുന്ന സത്യങ്ങള്‍

  • അണക്കെട്ടുകള്‍ ഇടുക്കിയുടെ പരിസ്ഥിതി സന്തുലിതാവസ്ഥക്ക് തിരിച്ചടിയായി
  • ജില്ലയില്‍ 17 അണക്കെട്ടുകള്‍
  • ഇടുക്കി ജലവൈദ്യുതി പദ്ധതിക്കായി മാത്രം 30,000 ഹെക്ടര്‍ കാട് വെട്ടിത്തെളിച്ചു.
  • ലോകത്ത് ഏറ്റവും കൂടുതല്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് ഇടുക്കി
  • 1924ല്‍ ഇടുക്കിയില്‍ ലഭിച്ചത് 1100 സെ.മീ. മഴ. ഇന്നത് 200ല്‍ താഴെയായി
  • മണ്ണൊലിപ്പ് നിരക്ക് ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുള്ള പെറുവിനൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralam @ 60
News Summary - iduki at 60
Next Story