ഇടുക്കിയിൽ ആദിവാസികൾ നിൽപ് സമരത്തിലേക്ക്
text_fieldsതൊടുപുഴ: ആദിവാസികളുടെ വനാവകാശം സംരക്ഷിക്കണമെന്നും ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ഗോത്രസഭ നേതൃത്വത്തിൽ ഇടുക്കി കലക്ടറേറ്റിനു മുന്നിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിൽപ് സമരം ആരംഭിക്കുെമന്ന് കോ-ഓഡിനറ്റർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വനാവകാശ സംരക്ഷണ സമിതിയുടെ പിന്തുണയോടെ നടത്തുന്ന സമരം ഭൂഅധികാര സംരക്ഷണ സമിതി അധ്യക്ഷൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും.
2006ൽ പാർലമെൻറ്, ആദിവാസികൾക്ക് വനഭൂമിയിലുള്ള പാരമ്പര്യാവകാശം അംഗീകരിച്ചിരുന്നു. വനാവകാശമുള്ള ഭൂമിയിലെ കൈയേറ്റങ്ങൾ കുറ്റകൃത്യമായി കണക്കാക്കി, പട്ടികജാതി--വർഗ അതിക്രമം തടയൽ 2015ൽ പ്രത്യേക വകുപ്പും ഉൾപ്പെടുത്തി. എന്നാൽ, നിയമം കർശനമായി നടപ്പാക്കാത്തതിനാൽ വനാവകാശമുള്ള ഭൂമിയിൽ വ്യാപക കൈയേറ്റം തുടരുകയാണ്.
ഇടുക്കിയിൽ പ്രശ്‌നങ്ങൾ രൂക്ഷമാണ്. അടിമാലി പടിക്കപ്പ് ആദിവാസി ഊരിൽ മാത്രം 62 കൈയേറ്റമാണ് നടന്നത്. പ്രശ്‌നം ഇപ്പോഴും സംഘർഷാവസ്ഥയിൽ തുടരുന്നു. ജില്ല ഭരണകൂടം പ്രഖ്യാപിച്ച 144ഉം പൊലീസ് പിക്കറ്റുംകൊണ്ട് മാത്രമാണ് ആദിവാസികൾ ഊരിൽ പിടിച്ചുനിൽക്കുന്നത്. മറ്റുള്ള ഊരുകളുടെ അവസ്ഥയും ഇതുതന്നെയാണ്. ആദിവാസി സെറ്റിൽമെൻറിൽനിന്ന് കൈയേറ്റങ്ങൾ ഒഴിവാക്കുക, കൈയേറിയ എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമമനുസരിച്ച കേസെടുക്കുക, ഒഴിവാക്കിയ കൈയേറ്റക്കാരിലെ ഭൂരഹിതർക്ക് ഭൂമി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും ഗീതാനന്ദൻ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കുഞ്ഞമ്മ മൈക്കിൾ, പി.ജി. ജനാർധനൻ, സി.എസ്. ജിയേഷ്, രാധാമണി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.