ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
text_fieldsതൊടുപുഴ: ദിവസങ്ങളായി തുറന്നുവെച്ചിട്ടും ജലനിരപ്പ് താഴാതെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ. ഇതോടെ ഇരുഡാമിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി വർധിപ്പിച്ചു.
മുല്ലപ്പെരിയാറിന്‍റെ എല്ലാ ഷട്ടറും തുറന്നു. തുടർന്ന്, പെരിയാർവാലി, തടിയമ്പാട് ചപ്പാത്തുകൾ മുങ്ങി. പ്രദേശത്തെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പെരിയാറിന്‍റെ ഇരുകരയിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകൾവഴി സെക്കൻഡിൽ 400 ഘനയടി (നാല് ലക്ഷം ലിറ്റർ) വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 300 ഘനടയടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30 മുതൽ ഇത് 330ഉം ഒരു മണിക്കൂറിനുശേഷം 350ഉം ഘനയടിയാക്കി ഉയർത്തുകയായിരുന്നു.
400 ഘനയടി ആക്കാനും ആലോചനയുണ്ട്. വൃഷ്ടിപ്രദേശത്തെ കനത്ത മഴയും മുല്ലപ്പെരിയാർ തുറന്നുവെച്ചിരിക്കുന്നതും മൂലം നീരൊഴുക്ക് കൂടിയതാണ് കാരണം. ചെറുതോണി ഡാമിന്‍റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 140 സെ.മീ വീതവും ഒന്ന്, അഞ്ച് ഷട്ടറുകൾ 40 സെ.മീ. വീതവുമാണ് ഉയർത്തിയിട്ടുള്ളത്. 2387.24 അടിയാണ് നിലവിൽ ഇടുക്കിയിലെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 81.95 ശതമാനമാണ്.
കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിന് മുല്ലപ്പെരിയാർ ഡാമിന്‍റെ ശേഷിച്ച മൂന്ന് ഷട്ടറുകളും കൂടി ചൊവ്വാഴ്ച രാവിലെ തുറന്നു. 10 ഷട്ടറുകൾ നേരത്തേ തുറന്നിരുന്നു.
13 ഷട്ടറുകൾ വഴി സെക്കൻഡിൽ 10,400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ ശരാശരി 11,599 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 139.55 അടിയാണ് നിലവിലെ ജലനിരപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.