ഇടുക്കി അണക്കെട്ട് 11 മണിക്ക് തുറക്കും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
text_fieldsതിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഇന്ന് തുറക്കും. ഉച്ചക്ക് 11 മണിക്ക് ശേഷമാവും മധ്യഭാഗത്തെ ഷട്ടർ 40 സെന്‍റീമീറ്റർ ഉയർത്തുക. സെക്കൻഡിൽ 50 ക്യുമെക്‌സ് ജലമാണ് പെരിയാർ നദിയിലേക്ക് ഒഴുക്കിവിടുന്നത്. ഇന്നലെ കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കാലാവസ്ഥ പ്രവചനത്തിൽ മാറ്റം വന്നാൽ, ഇൗ തീരുമാനം മാറും. ചെറുതോണി പുഴയുടെയും പെരിയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
സ്ഥിതിഗതികൾ വിലയിരുത്താൻ രാവിലെ 10.30ന് കലക്ടർ ജീവൻ ബാബുവിെൻറ അധ്യക്ഷതയിൽ അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അവലോകന യോഗത്തിലെ വിലയിരുത്തൽ പ്രകാരം കൂടുതൽ ഷട്ടറുകൾ ഉയർത്തണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ തുറക്കുന്നതെന്നും ജലനിരപ്പ് ഒാരോ മണിക്കൂറിലും നിരീക്ഷിച്ചു വരികയാണെന്നും കെ.എസ്.ഇ.ബി ചെയർമാൻ മാധ്യമങ്ങളെ അറിയിച്ചു.
ഒക്ടോബർ ഏഴിന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടത്തെ കണക്ക് പ്രകാരം അണക്കെട്ടിൽ 2387.68 അടി വെള്ളമുണ്ട്. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവിൽ വൈദ്യുതി ബോർഡിെൻറ ഡാമുകളിൽ ഷട്ടറുള്ള 14 എണ്ണവും ജലവിഭവ വകുപ്പിെൻറ 17 അണക്കെട്ടുകളും തുറന്നിട്ടുണ്ട്.
ചെറുതോണി ഡാമില്‍ നിന്ന് 50 ക്യുമെക്‌സ് വെള്ളം ഇന്ന് വൈകീട്ട് നാലു മണിക്ക് തുറന്നു വിടുന്നതിന് വൈദ്യുതി ബോര്‍ഡിന് ജില്ലാ കലക്ടര്‍ നേരത്തെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കാലാവസ്ഥയില്‍ ഉണ്ടായ മാറ്റവും വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും മൂലം ചെറുതോണി ഡാമില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് താല്‍കാലികമായി നീട്ടിവെക്കാൻ വൈദ്യുതി ബോര്‍ഡ് പിന്നീട് തീരുമാനിച്ചിരുന്നു.
ആഗസ്റ്റ് ഒമ്പതിന് ഡാമിലെ ജലനിരപ്പ് 2397 അടിയെത്തിയപ്പോഴാണ് ഡാം തുറന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്. എന്നാല്‍, മഴ കനത്തതോടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നു. ഡാം തുറന്നുവിട്ടതോടെ പെരിയാറ്റിലെ കുത്തൊഴുക്കില്‍ വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു.
പ്രളയത്തിന് കാരണമായത് അണക്കെട്ടുകൾ ഒന്നിച്ച് തുറന്നതാണെന്ന ആരോപണം നിലനിൽക്കുന്നതിനാൽ ഇത്തവണ കരുതലോടെയാണ് കെ.എസ്.ഇ.ബി തീരുമാനം. അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യം കൂടി പരിഗണിച്ച് വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യത
ഒക്ടോബർ ആറ് മുതൽ ഒമ്പത് വരെ സംസ്ഥാനത്തിെൻറ ചില പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്‍റി മീറ്റർ വരെ ശക്തമായ മഴയോ 12 മുതൽ 21 സെന്‍റി മീറ്റർ വരെ അതിശക്തമായ മഴയോ ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായി ന്യൂനമർദം രൂപം കൊണ്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.
ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ഒമാൻ തീരത്തേക്ക് നീങ്ങാനിടയുണ്ടെന്നാണ് പ്രവചനം. കേരളത്തിൽ ചുഴലിക്കാറ്റുണ്ടാവില്ലെങ്കിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇൗയൊരു സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.