ഇടുക്കി കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികളിലേക്ക്
text_fieldsവയലുകളും വനങ്ങളും നാണ്യവിളകളും സംരക്ഷിക്കുകയും കാലാവസ്ഥക്കും ഭൂപ്രകൃതിക്കും കൂടുതൽ തകരാറുകൾ വരാതെ നിലനിർത്തുകയും വേണം - പരിസ്ഥിതി വിദഗ്ധർ
ഇടുക്കി: കേരളത്തിലെ ജലവൈദ്യുതിയുടെ പ്രഭവകേന്ദ്രം. മധ്യകേരളത്തിലെ കൃഷിക്കും കുടിവെള്ളത്തിനും വ്യാവസായിക വളർച്ചക്കും ആവശ്യമായ ജലത്തിന്റെ ഗണ്യമായ പങ്കും സംഭാവന ചെയ്യുന്ന ജില്ല. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരക്കണക്കിന് വിനോദസചാരികളെ ആകർഷിക്കുന്ന നാട്. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന്റെ തനിപ്പകർപ്പായിട്ടും അടുത്ത കാലത്ത് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പ്രകൃതി ദുരന്തങ്ങൾ. കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികളിലേക്കാണ് ഇടുക്കി കടന്നുപോകുന്നതെന്ന ആശങ്ക പങ്കുവെച്ച് പൈനാവിൽ നടന്ന ശിൽപശാലയിൽ പങ്കെടുത്ത വിദഗ്ധർ നൽകുന്നത് ശക്തമായ മുന്നറിയിപ്പുകൾ. സംസ്ഥാന ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററും കൃഷി വികസന കർഷക ക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസർ, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ഇടുക്കിയിൽ കാലാവസ്ഥാ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നതായി ശിൽപശാല വിലയിരുത്തി. ഇതിനെ അതിജീവിക്കാൻ മണ്ണിന്റെ ഫലഭൂയിഷ്ടത വർധിപ്പിക്കുകയും ജലസംരക്ഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും വേണമെന്ന് ശിൽപശാല ചൂണ്ടിക്കാട്ടി.
ഇടുക്കിയുടെ സുസ്ഥിര വളർച്ച സംസ്ഥാനത്തിന്റെ നിലനിൽപ്പിനു കൂടി ആവശ്യമാണ്. പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ കർഷകരെയും കർഷക തൊഴിലാളികളെയും വിശ്വാസത്തിലെടുത്തും അവരുടെ പങ്കാളിത്തത്തോടെയുമായിരിക്കണം. വയലുകളും വനങ്ങളും നാണ്യവിളകളും സംരക്ഷിക്കുകയും കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കൂടുതൽ തകരാറുകൾ വരാതെ നിലനിർത്തുകയും ചെയ്തെങ്കിൽ മാത്രമേ വിനോദസഞ്ചാര മേഖലയിലും ജില്ലക്ക് മുന്നോട്ടുപോകാനാകൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഇടുക്കി ജില്ല നേരിടുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും കാർഷിക മേഖലയിൽ രൂപപ്പെടുത്തേണ്ട പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമാണ് ഏകദിന ശിൽപശാല സംഘടിപ്പിച്ചത്.
ജില്ലയിലെ നദികളുടെ ഉത്ഭവ പ്രദേശങ്ങളിൽ മണ്ണും വിഭവങ്ങളും സംരക്ഷിക്കുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ വേണമെന്ന് കാർഷിക വിദഗ്ധയായ ഉഷാ ശൂലപാണി പറഞ്ഞു. വെള്ളം പിടിച്ചു നിർത്താനുള്ള മണ്ണിന്റെ ശക്തി കൂട്ടുന്ന ശാസ്ത്രീയ ഇടപെടലുകൾ ഉണ്ടാകണമെന്നും അവർ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുത്തു.
കാലാവസ്ഥാ വിദഗ്ധരായ ഡോ. സി.ജി മധുസൂദനൻ, സി. ജയരാമൻ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫിസർ കെ.പി സലീനാമ്മ, ഊർജ കാര്യക്ഷമതാ വിദഗ്ധൻ ജോൺസൺ ഡാനിയേൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.