ഇടുക്കിയിൽ 330 ഭൂമി കൈയേറ്റ കേസുകളിൽ നടപടി ആരംഭിച്ചുവെന്ന് കലക്ടർ
text_fieldsകൊച്ചി: ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് 330 കേസുകളിൽ നടപടി ആരംഭിച്ചുവെന്ന് കലക്ടർ ഷീബ ജോർജ്. ഹൈകോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റേ അനുവദിച്ചതും കെട്ടിക്കിടക്കുന്നതും കോടതിയുടെ പരിഗണനയിലുൾപ്പെടെയുള്ളവയുടെ ലിസ്റ്റ് നൽകാൻ ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അവയിൽ തീർപ്പാക്കാത്ത നിലയുള്ളവയുടെയും മറ്റുള്ളവയുടെയും സ്വഭാവമനുസരിച്ച് ക്രമീകരിച്ചാണ് അഡ്വക്കേറ്റ് ജനറലിന് റിപ്പോർട്ട് കൈമാറിയത്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു സ്പെഷ്യൽ ടീം രൂപീകരിക്കുന്നത് സംബന്ധിച്ചും ഭൂസംരക്ഷണ നടപടികളുടെ ആവശ്യത്തിനും സർക്കാർ ഭൂമി കൈയേറ്റ കേസുകൾ ഹിയറിങ് നടത്തി തീർപ്പാക്കുന്നതിനും കലക്ടർ എന്ന നിലയിൽ മറ്റേതെങ്കിലും പൊതു ഉദ്യോഗസ്ഥനെ നിയമിക്കുന്നത് സംബന്ധിച്ചും സർക്കാരിന്റെ നിലപാട് അറിയിക്കുവാൻ ഉത്തരവായിരുന്നു.
ഇടുക്കി ജില്ലയിലെ അനധികൃത ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സർക്കാർ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ദൗര്യ സംഘം(ടാസ്‌ക് ഫോഴ്‌സ്) രൂപീകരിച്ചു. തഹസിൽദാർമാർക്ക് പുറമെ ഭൂസംരക്ഷണ കേസുകൾ കൈകാര്യം ചെയ്യാൻ തഹസിൽദാർമാരെ (ലാൻഡ് റെക്കോർഡുകൾ) നിയോഗിച്ചു.
പട്ടയത്തിന് അർഹതയുള്ളവർ ഒഴികെയുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഇടുക്കി കലക്ടറുടെ നേതൃത്വത്തിൽ സബ് കലക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ, ഏലം അസിസ്റ്റന്റ് കമ്മീഷണർ എന്നിവരടങ്ങുന്ന പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. മിഷന്റെ പ്രതിവാര പുരോഗതി അവലോകനം ചെയ്യാൻ ജോയിന്റ് കമീഷണർക്ക് നിർദേശം നൽകി. രജിസ്‌ട്രേഷൻ, വനം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ദൗത്യസംഘത്തിന് ആവശ്യമായ സഹായം നൽകണമെന്നും ദൗത്യസംഘത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവി നടപടിയെടുക്കണമെന്നും നിർദേശം നൽകിയെന്നും കലക്ടർ അറിയിച്ചു.
റിപ്പോർട്ടിനൊപ്പം 330 കൈയേറ്റക്കാരുടെ ലിസ്റ്റും ഹാജരാക്കി. ലിസ്റ്റിൽ ഒന്നാമത് ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുണ്ടള ആദിവാസി കോളനിയിലെ ഭൂമി കൈയേറ്റമാണ്. കുണ്ടള സാൻട്രോസ് കോളനിയിൽ ആദിവാസികൾക്ക് അഞ്ച് ഏക്കർ വീതം വിതരണം ചെയ്ത ഭൂമിയാണ് 15 പേർ കൈയേറിയിരിക്കുന്നത്. അതിനോട് ചേർന്ന് പട്ടികജാതി വിഭാഗക്കാർക്ക് നൽകിയ ഭൂമിയും കൈയേറിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.