രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച ഇടുക്കി കലക്ടറുടെ ഉത്തരവ് ഒരാഴ്ചക്കകം
text_fieldsതൊടുപുഴ: ദേവികുളം താലൂക്കിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച ഇടുക്കി കലക്ടറുടെ ഉത്തരവ് ഒരാഴ്ചക്കകം. ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ജില്ല ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതാണ് നടപടികൾ നീളാൻ കാരണം. പട്ടയങ്ങൾ റദ്ദാക്കി ഉത്തരവ് ഇറങ്ങിയ ശേഷമേ പുതിയ പട്ടയത്തിന് അപേക്ഷ സ്വീകരിച്ച് തുടങ്ങൂ.
പട്ടയങ്ങൾ റദ്ദാക്കാൻ കലക്ടറോട് നിർദേശിച്ച് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ഇതുമായി ബന്ധപ്പെട്ട് സമയബന്ധിതമായി പൂർത്തിയാക്കേണ്ട അനുബന്ധ നടപടിക്രമങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. യോഗ്യരായ എല്ലാ അപേക്ഷകർക്കും രണ്ട് മാസത്തിനകം പട്ടയം നൽകണമെന്നാണ് നിർദേശം. എന്നാൽ, ദുരന്തനിവാരണത്തിന്റെ കൂടി ചുമതലയുള്ള കലക്ടർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ഘട്ടത്തിൽ ഇത് പ്രായോഗികമാണോ എന്ന് സംശയമുണ്ട്. തുടർനടപടികൾ ചർച്ച ചെയ്യാൻ കലക്ടർ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയശേഷം അർഹരായവർക്ക് പുതിയ പട്ടയം നൽകാൻ നടപടി തുടങ്ങും. ഇക്കാര്യങ്ങളിലെല്ലാം രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കലക്ടർ ഷീബ ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു.
രവീന്ദ്രൻ പട്ടയങ്ങളെക്കുറിച്ച് അന്വേഷിച്ച വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത ഫയലുകളുടെയും അനുബന്ധ രേഖകളുടെയും പകർപ്പ് 15 ദിവസത്തിനകം ലഭ്യമാക്കാൻ കലക്ടർ നടപടി സ്വീകരിക്കണമെന്നാണ് റവന്യൂ വകുപ്പ് നിർദേശം. പുതിയ പട്ടയം നൽകാൻ രൂപവത്കരിക്കുന്ന പ്രത്യേക റവന്യൂ സംഘത്തിന്റെ പ്രവർത്തനം 45 ദിവസത്തേക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്.
ഈ ദിവസത്തിനകം ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിൽനിന്നും പുതിയ പട്ടയ അപേക്ഷകൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കുകയും ഭൂപതിവിന് ആവശ്യമായ എല്ലാ രേഖകളും തയാറാക്കി തഹസിൽദാർക്ക് കൈമാറുകയും ചെയ്യേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്രയും നടപടികൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കി പട്ടയം വിതരണം ചെയ്യുക പ്രയോഗികമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.