ഇടുക്കി അണക്കെട്ടിൽ സ്വകാര്യ വ്യക്തി താഴിട്ട് പൂട്ടിയ സംഭവം: പ്രതിയെക്കുറിച്ച് സൂചന
text_fieldsചെറുതോണി: ഇടുക്കി അണക്കെട്ടിൽ സ്വകാര്യ വ്യക്തി താഴിട്ട് പൂട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ആളെക്കുറിച്ച സൂചന പൊലീസിന് ലഭിച്ചതായി വിവരം. ഇയാൾ നിലവിൽ വിദേശത്താണ്. സംഭവദിവസം അണക്കെട്ടിലെത്തിയത് ടാക്സി കാറിലായിരുന്നു. വൈകീട്ട് 3.15ന് അണക്കെട്ടിൽ പ്രവേശിച്ച ഇയാൾ ആറ് കഴിഞ്ഞാണ് പുറത്തുകടന്നത്. കാമറയിൽ പതിഞ്ഞ കാറിന്റെ നമ്പർ വഴിയാണ് ആളെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളുമായി ബന്ധമുള്ള ഏതാനും ചിലരെ ചോദ്യം ചെയ്തു വരുകയാണ്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായും സൂചനയുണ്ട്. അണക്കെട്ടിന്റെ സുരക്ഷക്ക് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ്. ഇനി മുതൽ അണക്കെട്ട് സന്ദർശിക്കാനെത്തുന്നവർക്ക് ബാഗ് കൂടെ കൊണ്ടുപോകാൻ അനുവദിക്കില്ല.
വാച്ച് തുടങ്ങിയ ഇലക്ട്രോണിക്സ് വസ്തുക്കളും അനുവദിക്കില്ല. വൈകീട്ട് നാല് വരെയേ പാസ് നൽകുകയുള്ളൂ. ജനങ്ങൾക്ക് കർശന നിയന്ത്രണമുള്ള അണക്കെട്ടിൽ താഴിട്ടു പൂട്ടിയ സംഭവം വലിയ സുരക്ഷ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
സംഭവത്തിൽ വൈദ്യുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ഇടുക്കി ഡാമിന്റെ സുരക്ഷക്ക് ഇടുക്കി എ.ആർ ക്യാമ്പിൽനിന്നുള്ള പൊലീസുകാരെയാണ് നിയോഗിക്കാറുള്ളത്. പ്രധാന ഓഫിസിൽ അഞ്ചും ബാക്കി നാലും വീതം 21 പൊലീസുകാരാണ് അണക്കെട്ടിന്റെ ഡ്യൂട്ടിയിലുള്ളത്.
ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശിക്കുന്നത് മുതൽ ഇടുക്കി അണക്കെട്ടിലേക്കുള്ള ഭാഗത്തെല്ലാം വിവിധ സ്ഥലങ്ങളിൽ ചെറിയ താഴിട്ട് പൂട്ടിയത് വലിയ വീഴ്ചയായാണ് കാണുന്നത്. അണക്കെട്ടിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും പല സ്ഥലങ്ങളിലുമുള്ള കമ്പികളിലുമെല്ലാം പൂട്ടിട്ടിരുന്നു. എല്ലാ ബുധനാഴ്ചകളിലും സന്ദർശകരെ ഒഴിവാക്കി പരിശോധന നടത്താറുണ്ടെങ്കിലും കഴിഞ്ഞ നാലിന് പതിവായുള്ള പരിശോധനക്കിടെയാണ് ഡാം സുരക്ഷാവിഭാഗം താഴുകൾ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ധരെത്തി താഴുകൾ പരിശോധിച്ചെങ്കിലും കൂടുതലൊന്നും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.