ഇടുക്കിയിൽ മഴ കുറഞ്ഞു; ജലനിരപ്പ് താഴേക്ക്
text_fieldsതൊടുപുഴ: ചെറുതോണി അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ തിങ്കളാഴ്ച വൈകീട്ട് അടച്ചു. ജലനിരപ്പ് 24 മണിക്കൂറിനിടെ ഒന്നരയടിയോളം കുറഞ്ഞ് 2397 അടിയിലെത്തിയതോടെയാണിത്. നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഒന്നും അഞ്ചും ഷട്ടറുകൾ അടച്ചത്. അഞ്ച് ഷട്ടറുകളും വ്യാഴാഴ്ചയാണ് തുറന്നത്. ഒഴുക്കുന്ന ജലത്തിെൻറ തോത് കുറക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാൽ, ജലനിരപ്പ് സുരക്ഷിത നിലയിലാവുകയും തിങ്കളാഴ്ച മഴ തീരെ കുറഞ്ഞതും കണക്കിലെടുത്ത് രണ്ടെണ്ണം താൽക്കാലികമായി അടക്കുകയായിരുന്നു.
മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്താലേ ഇനി ഇൗ ഷട്ടറുകൾ ഉയർത്തുകയുള്ളൂ. നീരൊഴുക്ക് കുറയുന്നതിന് അനുസരിച്ച് നിലവിൽ തുറന്നിട്ടുള്ള മൂന്ന് ഷട്ടറുകൾ അടുത്ത ദിവസങ്ങളിൽ കുറേശ്ശയായി താഴ്ത്താനും ധാരണയുണ്ട്. മഴ തീരെ കുറഞ്ഞാൽ ഇവയും തൊട്ടടുത്ത ദിവസങ്ങളിൽ അടക്കും.അണക്കെട്ട് തുറന്നശേഷം ഇതാദ്യമായി ഒന്നരയടിയോളം വെള്ളം താഴ്ന്നതോടെയാണ് ഷട്ടർ അടക്കാൻ തീരുമാനിച്ചത്.
2398.42 ആയിരുന്നു ഞായറാഴ്ച ജലനിരപ്പ്. 2399.04 അടിയിലെത്തിയപ്പോഴായിരുന്നു ഡാം തുറന്നത്. നാല് മണിക്കൂർ തുറന്നശേഷവും ഇത് 2399.40 അടിയിലേക്ക് ഉയരുകയായിരുന്നു. രാത്രി മുഴുവൻ തുറന്നിട്ടും പിറ്റേന്ന് ജലനിരപ്പ് ഒരടിയോളം ഉയർന്നു. ഇതേത്തുടർന്നാണ് അഞ്ച് ഷട്ടറുകളും കൂടിയ അളവിൽ തുറന്നത്. മൂന്നുദിവസമായി ഇൗ സ്ഥിതി തുടരുകയാണ്. അതിനിടെയാണ് വൃഷ്ടിപ്രദേശത്തെ മഴ ദുർബലമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.