പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു
text_fieldsആലുവ: ആലുവ പുഴയിൽ ചൊവ്വാഴ്ച രാവിലെ ഉയർന്ന ജലനിരപ്പ് വൈകീട്ടോടെ കുറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലം പെരിയാറിൽ എത്തി തുടങ്ങിയതോടെയാണ് ജലനിരപ്പ് ചെറിയ തോതിൽ ഉയർന്നത്. തിങ്കളാഴ്ച രാത്രി രണ്ട് മീറ്ററായിരുന്നു ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെ രണ്ടര മീറ്ററായി ഉയരുകയായിരുന്നു. ഇന്നലെ രാവിലെ ആറു മണിയോടെയാണ് ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്.
ഏഴു മണിയോടെ ക്ഷേത്രത്തിൽ വെള്ളം കയറി. നിലവിൽ ഇടുക്കിയിൽ നിന്നുള്ള വെള്ളം ഒഴുകി എത്തിയതാണ് രണ്ടര അടിയോളം ജലനിരപ്പ് ഉയരാൻ കാരണം. ഇടമലയാർ ഡാം തുറന്നതിനാൽ രാത്രിയോടെ വീണ്ടും ജലനിരപ്പ് കൂടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ പെരിയാറിലെ ജലനിരപ്പ് 10 അടിയോളം ഉയർന്നത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിരുന്നു.
എന്നാൽ, മഴയുടെ കുറവും വേലിയിറക്കം മൂലം കടൽ വെള്ളം വലിച്ചെടുത്തതിനാലും ഇന്നലെ വെള്ളം കാര്യമായി കയറിയില്ല. ഇടമലയാറിലെ വെള്ളം രാത്രിയോടെ ഒഴുകയെത്തിയാലും ആഗസ്റ്റ് ആദ്യവാരത്തിലെ പോലെ ജലനിരപ്പ് ഉയരാൻ സാധ്യതയില്ല. എന്നിരുന്നാലും 2018ലെ പ്രളയഭീതി ജനങ്ങളിൽ ഉള്ളതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയർന്ന ദിവസം മുതൽ തന്നെ ആലുവക്കാരിൽ ഭൂരിഭാഗവും വില പിടിപ്പുള്ള വസ്തുക്കളും വീട്ട് ഉപകരണങ്ങളും മറ്റ് പ്രമാണങ്ങളും രേഖകളും സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ സൂക്ഷിച്ചിരിക്കയായിരുന്നു.
2018ലും പല പ്രാവശ്യം ഇത്തരത്തിൽ ജലനിരപ്പ് കൂടിയും കുറഞ്ഞും നിന്നിട്ട് ആഗസ്റ്റ് 15ന് രാവിലെ മുതൽ വെള്ളം കയറുകയായിരുന്നു. രാത്രിയോടെ ആലുവയുടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അതിനാൽ തന്നെ ആഗസ്റ്റ് മാസം വരുമ്പോൾ തന്നെ ഒരു പേടിസ്വപ്നമായി പ്രളയം ജനമനസിലുണ്ട്. ആലുവ മണപ്പുറത്ത് ജലനിരപ്പ് അറിയാൻ ഓരോ മണിക്കൂർ ഇടവിട്ട് നാട്ടുകാർ നിരീക്ഷിക്കാൻ എത്തുന്നുണ്ട്. ശിവക്ഷേത്രത്തിന്റെ മേൽകുരയിൽ നിന്നുള്ള ജലനിരപ്പ് നോക്കിയാണ് അവർ വെള്ളം കയറിയോ ഇറങ്ങിയോ എന്ന് തിട്ടപെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.