ഇടുക്കിയിൽ ജലനിരപ്പ് 2396.04 അടി; ട്രയൽ റണ്ണിന് ഒരടി മാത്രം
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയായി ഉയർന്നു. ബുധനാഴ്ച രാത്രി 12 മണിക്ക് രേഖപ്പെടുത്തിയ രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്. ജലനിരപ്പ് 2399 അടി ആയാൽ അവസാന ജാഗ്രത നിർദേശമായ റെഡ് അലർട്ട് പുറപ്പെടുവിക്കും. 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ.
അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തിൽ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുേമ്പാൾ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിർദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷണ തുറക്കൽ ഉണ്ടായാൽ അത് ജലനിരപ്പ് 2397ലോ 2398ലോ എത്തിയ ശേഷമാകുമെന്നാണ് സൂചന.
മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി. തിങ്കളാഴ്ച നീരൊഴുക്ക് കുറവായിരുന്നു. 35.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. പരമാവധി വൈദ്യുതി ഉൽപാദനമാണ് അഞ്ചു ദിവസമായി ഇടുക്കിയിലേത്. 15.01 ദശലക്ഷം യൂനിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉൽപാദനം. ഇത് ഇൗ വർഷെത്ത റെക്കോഡാണ്.
നാല് വർഷത്തിന് ശേഷം മലമ്പുഴ ഡാം തുറന്നു
പാലക്കാട്: കനത്തമഴയെ തുടർന്ന് ജലനിരപ്പ് 114.88 മീറ്റർ എത്തിയതിനാൽ മലമ്പുഴ ഡാം തുറന്നു. പരമാവധി സംഭരണശേഷി എത്തിയതിന് ശേഷം ഡാം ഇതിനുമുമ്പ് തുറന്നത് 2014ലാണ്. 11.30ന് ശേഷം ഡാമിെൻറ ഓരോ സ്പിൽവേ ഷട്ടറുകൾ വീതം 10 മിനിറ്റ് വ്യത്യാസത്തിൽ മൂന്ന് സെ.മീറ്റർ വീതമാണ് ഉയർത്തിയത്. അതുവഴി 312 ക്യുസെക്സ് (ക്യുബിക് മീറ്റർ പെർ സെക്കൻഡ്സ്) ജലമാണ് പ്രവഹിക്കുക. 115.06 മീറ്ററാണ് ഡാമിെൻറ മൊത്തം സംഭരണശേഷി.
മലമ്പുഴ ഡാമിെൻറ ഷട്ടറുകൾ ഉയർത്തുന്നതോടെ സമീപത്തെ പുഴകളിൽ വെള്ളം ഉയരുമെന്നും പൊതുജനങ്ങൾ മുൻകരുതലുകളെടുക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജില്ല എമർജൻസി ഓപറേഷൻ സെൻററുകളുമായി ബന്ധപ്പെടുക. നമ്പറുകൾ: കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട്- 0491 2505770, ആലത്തൂർ - 0492 2222324, ചിറ്റൂർ- 04923 224740, ഒറ്റപ്പാലം - 0466 2244322, പട്ടാമ്പി - 0466 2214300, മണ്ണാർക്കാട് 04924 222397.
കക്കി ഡാം: ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചു
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ഡാമിലെ ജലനിരപ്പ് 980 മീറ്റർ കടന്നതിനാൽ രണ്ടാംഘട്ട അതിജാഗ്രത (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. ഡാമിലെ പരമാവധി ജലവിതാന നിരപ്പ് 981.46 മീറ്ററാണ്. ജലനിരപ്പ് 980.5 മീറ്ററാകുമ്പോള്‍ അവസാനഘട്ട മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. തുടര്‍ന്ന് നിശ്ചിത സമയത്തിനകം ഡാമിെൻറ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇത് ത്രിവേണി വഴി പമ്പാനദിയില്‍ എത്തിച്ചേരും. ഈ സാഹചര്യത്തില്‍ ആനത്തോട് ഡാമിെൻറ താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കക്കി-പമ്പ നദികളുടെ ഇരുകരകളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്ക് വരുന്ന തീര്‍ഥാടകരും സമീപവാസികളും പമ്പാനദിയുമായി ബന്ധപ്പെട്ട് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ഇടമലയാർ ഡാമിലും ഓറഞ്ച് അലർട്ട്
കൊച്ചി: ഇടുക്കിക്ക് പിന്നാലെ ഇടമലയാർ അണക്കെട്ടിലും ഒാറഞ്ച് അലർട്ട് (അതിജാഗ്രത നിർദേശം). ജലനിരപ്പ് 167 മീറ്ററിൽ എത്തിയതിനെ തുടർന്നാണ് വൈദ്യുതി ബോർഡ് സിവിൽ ഡാം സുരക്ഷ വിഭാഗം ചീഫ് എൻജിനീയർ ജാഗ്രത നിർദേശം നൽകിയത്. 169 മീറ്ററാണ് അണക്കെട്ടിെൻറ പരമാവധി സംഭരണശേഷി. ജലനിരപ്പ് 165 മീറ്ററിൽ എത്തിയപ്പോൾ ഒന്നാംഘട്ട മുന്നറിയിപ്പ് (ബ്ലൂ അലർട്ട്) നൽകിയിരുന്നു. നിലവിലെ മഴയുടെ തോതും ശക്തമായ നീരൊഴുക്കും കണക്കിലെടുത്താണ് ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ജലനിരപ്പ് 168.5 മീറ്ററിൽ എത്തുേമ്പാൾ അതിജാഗ്രത നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കും. തുടർന്ന് നിശ്ചിത സമയത്തിനുശേഷം ഷട്ടർ ഉയർത്തി അധികജലം ഒഴുക്കും. അണക്കെട്ടിെൻറ താഴ്ഭാഗങ്ങളിൽ ഉള്ളവരും പെരിയാറിെൻറ ഇരുകരകളിലുള്ളവരും അതിജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണ്. ചൊവ്വാഴ്ച മുതൽ മഴയിൽ നേരിയ കുറവുണ്ടായതിനാൽ അണക്കെട്ട് തുറക്കേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ.
അണക്കെട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറിൽ ശരാശരി രണ്ട് സെൻറിമീറ്റർ വെള്ളം ഉയർന്നിരുന്നു. ഇടമലയാർ അണക്കെട്ട് തുറന്നാൽ വെള്ളം ഒഴുകിയെത്തുന്നത് കുട്ടമ്പുഴയിലേക്കാണ്. ഇവിടെനിന്ന് എട്ട് കിലോമീറ്റർ താഴെയാണ് ഭൂതത്താൻകെട്ട് അണക്കെട്ട്. മഴ കനത്തതോടെ ഭൂതത്താൻ അണക്കെട്ടിെൻറ 15 ഷട്ടറും പൂർണമായി തുറന്നിരിക്കുകയാണ്. ഇവിടെനിന്നുള്ള വെള്ളം മലയാറ്റൂർ, കാലടി, ആലുവ വഴി അറബിക്കടലിലെത്തും. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുമ്പ് 1992, 1994, 1998, 2005, 2007, 2013 വർഷങ്ങളിൽ ഇടമലയാർ അണക്കെട്ട് തുറന്നിരുന്നു.
ഇടുക്കിയിൽ ഉൽപാദനം പരമാവധി; നീരൊഴുക്ക് കുറഞ്ഞു
തൊടുപുഴ: വൈദ്യുതി ഉൽപാദനം പൂർണശേഷിയിലാക്കുകയും നീരൊഴുക്ക് ദുർബലമാകുകയും ചെയ്തതോടെ ഇടുക്കി ഡാം തുറക്കൽ സാധ്യത വീണ്ടും മങ്ങി. 48 മണിക്കൂറിനിടെ കഷ്ടിച്ച് ഒരടിയാണ് ജലനിരപ്പ് ഉയർന്നത്. തിങ്കളാഴ്ച രാത്രി ഒമ്പതിന് ജലനിരപ്പ് 2395 അടിയിലെത്തിയതിനെ തുടർന്നാണ് ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതിന് ജലനിരപ്പ് 2396 ആണ്. മഴ കുറഞ്ഞതും നീരൊഴുക്ക് ദുർബലമായതുമാണ് ജലനിരപ്പിെൻറ തോത് കുറച്ചത്. 28.76 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. 15.06 ദശലക്ഷം യൂനിറ്റാണ് വൈദ്യുതി ഉൽപാദനം. 1.56 സെൻറിമീറ്ററായിരുന്നു ബുധനാഴ്ചത്തെ മഴ. തലേന്ന് ഇത് 3.6 സെൻറിമീറ്ററും.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുറ്റ്യാടിയിൽ
തിരുവനന്തപുരം: കാലവർഷം ആരംഭിച്ച ജൂൺ ഒന്ന് മുതൽ ജൂലൈ 31വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുറ്റ്യാടിയിൽ. 4613 മി. മീറ്റർ മഴയാണ് ലഭിച്ചത്. എന്നാൽ, തെക്കേ ഇന്ത്യയിൽ കൂടുതൽ മഴ കിട്ടിയത് കർണാടകയിലെ ഷിമോഗ ജില്ലയിലെ അഗംബെയിലാണ്-5086 മി. മീറ്റർ. ഇതേസമയം, കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലും കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ അറബിക്കടലിെൻറ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.