ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.18 അടിയായി
text_fieldsചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.18 അടിയായി ഉയർന്നു. വൈകീട്ട് എട്ട് മണി വരെയുള്ള കണക്ക് പ്രകാരമാണിത്. സംഭരണശേഷിയുടെ 91.95 ശതമാനമാണിത്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്കിനും കുറവുണ്ട്. ഈ സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കെ.എസ്.ഇ.ബിയുടെയും ശ്രമം. 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം.
അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനുശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തൽ. വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് രാവിലെ വീണ്ടും ഡാം സന്ദർശിക്കും. തുടന്ന് കലക്ട്രേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ തിങ്കളാഴ്ച രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാൽ അവസാന ജാഗ്രത നിർദേശമായ റെഡ് അലർട്ട് പുറപ്പെടുവിക്കും.
ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ അണക്കെട്ട് തുറക്കുകയെന്ന ഉന്നതതല തീരുമാനത്തിൽ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുേമ്പാൾ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിർദേശം. ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. മുമ്പ് രണ്ടുതവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി.
എന്നാൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കേണ്ടത് അനിവാര്യമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന്‍റെ വിലയിരുത്തൽ. ഇടുക്കി ഇടമലയാർ ഡാമുകള്‍ തുറക്കാന്‍ സാധ്യത നിലനില്‍ക്കേ രണ്ടിടങ്ങളില്‍ നിന്നും വെള്ളം ഒഴുകിയെത്തുന്ന ഭൂതത്താന്‍കെട്ട് ഡാമില്‍ മുന്‍കരുതല്‍ ശക്തമാക്കി. അതേസമയം ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പെരിയാറിന്‍റെ തീരങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.