ഹൃദ്രോഗിയെ ഡിവൈ.എസ്.പി മർദിച്ച കേസ് ഇടുക്കി ജില്ല പൊലീസ് മേധാവി അന്വേഷിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ഹൃദ്രോഗിയെ ഡിവൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ എടുത്ത കേസിൽ ഇടുക്കി ജില്ല പൊലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തണമെന്ന് ഹൈകോടതി. തൊടുപുഴ മലങ്കര സ്വദേശി വി.കെ. മുരളീധരനെ തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബു മർദിച്ചെന്ന കേസിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. മർദനം സംബന്ധിച്ച് സർക്കാറിനും ഡി.ജി.പിക്കും ഇടുക്കി ജില്ല പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
അന്വേഷണത്തിനായി മറ്റാരെയും നിയോഗിക്കരുതെന്നും എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂനിയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ടെന്ന പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ച ഡിവൈ.എസ്.പി മധു ബാബു തന്നെ മർദിച്ചെന്നാണ് മുരളീധരന്റെ പരാതി. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയർലെസ് എടുത്തെറിഞ്ഞെന്നും പരാതിയിൽ പറയുന്നു.
മുരളീധരന്റെ പരാതിയിൽ ഇടുക്കി അഡീ. പൊലീസ് സൂപ്രണ്ടിനോട് പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് സൂപ്രണ്ട് നിർദേശിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. സാക്ഷികളിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്. എന്നാൽ, പരാതിക്കാരൻ കൈവശമുള്ള ഓഡിയോ ക്ലിപ് ഇതുവരെ നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗൗരവമേറിയ പരാതിയുന്നയിച്ചിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും തൊടുപുഴ ഡിവൈ.എസ്.പിയും ഇടുക്കി അഡീ. പൊലീസ് സൂപ്രണ്ടും ഒരേ റാങ്കിലുള്ളവരായതിനാൽ നീതിയുക്തമായ അന്വേഷണമുണ്ടാകില്ലെന്നും ഹരജിക്കാരൻ വാദിച്ചു. തുടർന്നാണ് ജില്ല പൊലീസ് സൂപ്രണ്ട് നേരിട്ട് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.