ഇടുക്കി ഇക്കോ ലോഡ്ജ് : നാളെ മുതല്‍ ജനങ്ങള്‍ക്ക് സ്വന്തം
text_fieldsതൊടുപുഴ :ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ നാളെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, കലക്ടറും ഡി.ടി.പി.സി ചെയര്‍പേഴ്സണുമായ ഷീബാ ജോർജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യരംഗത്തുള്ള പൗരപ്രമുഖര്‍, ഇതര വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇക്കോ ലോഡ്ജിലെ താമസസൗകര്യങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങള്‍ ഇന്ന് ഉണ്ടായിരിക്കും.
25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണു ലോഡ്ജുകളുടെ നിര്‍മാണം. എറണാകുളത്തു നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ടു പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താന്‍ സാധിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല പത്ത് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡി.ടി.പി.സി പാര്‍ക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.
പദ്ധതിയുടെ നിർമാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസര്‍ക്കാരില്‍ നിന്നും 2.78 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് (സ്വദേശ് ദര്‍ശന്‍ പദ്ധതി മുഖേന ) 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി നാളെ മുതല്‍ ബുക്ക് ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.