18 ലക്ഷം മോഷ്ടിക്കപ്പെട്ടെന്ന് വീട്ടമ്മയുടെ കള്ളപ്പരാതി; രണ്ടരമണിക്കൂർ അന്വേഷണത്തിൽ തട്ടിപ്പ് പുറത്ത്
text_fieldsനെടുങ്കണ്ടം: മുളകുപൊടി വിതറി 18 ലക്ഷം രൂപ കവര്‍ന്നെന്ന വീട്ടമ്മയുടെ മോഷണപരാതി രണ്ടര മണിക്കൂര്‍ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഒടുവില്‍ മോഷണം കള്ളക്കഥയെന്ന് തെളിഞ്ഞു. കോമ്പയാറിനും മുരുകന്‍പാറക്കുമിടയില്‍ താമസിക്കുന്ന വീട്ടമ്മയുടേതാണ് ‘തിരക്കഥ’.
തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് വാതിലില്‍ മുട്ടിവിളിക്കുകയും കതക് തുറന്നപ്പോള്‍ മുളകുപൊടി കണ്ണില്‍ വിതറി ഭീഷണിപ്പെടുത്തി താക്കോല്‍ എടുപ്പിച്ച് പണം കൈക്കലാക്കിയെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ഓണച്ചിട്ടിക്ക് നല്‍കാൻ തിങ്കളാഴ്ച ബാങ്കില്‍ നിന്നെടുത്ത പണം രണ്ടംഗ സംഘം തട്ടിയെടുത്തെന്നാണ് പൊലീസിനെയും അയൽവാസികളെയും പറഞ്ഞുവിശ്വസിപ്പിച്ചത്. മുറിക്കകത്തും തിണ്ണയിലും മറ്റും മുളകുപൊടി വിതറിയിരുന്നു.
18 ലക്ഷം തട്ടിയെടുത്തെന്ന് പറഞ്ഞിടത്തുതന്നെ നാലുലക്ഷം രൂപ ഇരുന്നത് നഷ്ടപ്പെടാതിരുന്നതും വീട്ടമ്മയുടെ കഴുത്തില്‍ നാലുപവൻ സ്വർണമാല സുരക്ഷിതമായിരുന്നതും പൊലീസിൽ സംശയം ജനിപ്പിച്ചതോടെ വിശദ ചോദ്യംചെയ്യലിലാണ് കള്ളി വെളിച്ചത്തായത്. ചൊവ്വയും ബുധനുമായി പലര്‍ക്കും ചിട്ടിപ്പണം കൊടുക്കേണ്ടതുണ്ട്. പലിശക്ക് കൊടുത്ത പണം കിട്ടാത്തതിനാൽ ചിട്ടിപ്പണം കൊടുക്കാനാകില്ലെന്ന് വന്നതോടെയാണ് വീട്ടമ്മ മോഷണനാടകം ഉണ്ടാക്കിയതെന്നാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.