Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടയഭൂമിയിൽ കൃഷിയും...

പട്ടയഭൂമിയിൽ കൃഷിയും വീടും മാത്രം ഇടുക്കി പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
പട്ടയഭൂമിയിൽ കൃഷിയും വീടും മാത്രം ഇടുക്കി പ്രക്ഷോഭത്തിലേക്ക്
cancel

തൊടുപുഴ: സർവകക്ഷി തീരുമാനം അട്ടിമറിച്ച​ സർക്കാർ നടപടി ഭൂപ്രശ്​നങ്ങളിൽ ഉഴലുന്ന ഇടുക്കിക്കാരുടെ ജീവിതം കൂടുതൽ ദുരിതമയമായി. വാണിജ്യ ആവശ്യങ്ങൾക്കുകൂടി പട്ടയഭൂമി ഉപയോഗിക്കാൻ കഴിയുംവിധം 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത്​ സർക്കാർ മരവിപ്പിച്ചതാണ്​ പുതിയ പ്രതിസന്ധി.

ഭൂമി പതിച്ചുനൽകിയത്​ എന്ത്​ ആവശ്യത്തിലേക്കെന്ന്​ വ്യക്തമായി രേഖപ്പെടുത്തി മാത്രമേ കൈവശാവകാശ സർട്ടിഫിക്കറ്റ്​ അനുവദിക്കാവൂവെന്ന നിലവിലെ ഉത്തരവ്​ കർശനമായി പാലിക്കണമെന്ന്​​ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കലക്​ടർമാരോട്​ നിർദേശിച്ചതാണ്​ കർഷകന്​ ഇരുട്ടടിയായത്​. നിയമം ഭേദഗതി ചെയ്യുന്നില്ലെന്ന്​ മാത്രമല്ല, നിയന്ത്രണം കൂടുതൽ കർശനമാക്കുകയാണ്​ സർക്കാർ.

1964ലെ ഭൂപതിവ്ചട്ട പ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഇൗ നിയമം​ കർശനമായി പാലിക്കണമെന്ന്​ നിർദേശിച്ച്​ ഇറക്കിയ 2019 ആഗസ്​റ്റ്​ 22ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവി​െൻറ പശ്ചാത്തലത്തിൽ വീടും കൃഷിയും ഒഴികെ നിർമിതികൾ മുഴുവൻ മുൾമുനയിലാകുകയായിരുന്നു.

പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന്​ ഉറപ്പാക്കി റവന്യൂ വകുപ്പിൽനിന്ന്​ നിരാക്ഷേപ പത്രം ലഭ്യമാക്കി മാത്രമേ ഇപ്പോൾ കൈവശഭൂമി ഉപയോഗം സാധ്യമാകൂ. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിനെത്തുടർന്ന്​ ഇടുക്കിയിൽ മാസങ്ങളായി തുടരുന്ന നിർമാണ സ്​തംഭനം കണക്കിലെടുത്ത്​ സർവകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു മുഖ്യമന്ത്രി ഇടപെട്ട്​ ചട്ടഭേദഗതി നീക്കം.

കഴിഞ്ഞ ഡിസംബർ 18ന്​ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്​ ഭേദഗതിക്ക്​ ധാരണ. ഇതിന്​ പിന്നാലെയാണ്​ ഇടുക്കിക്ക്​ മാത്രം ബാധകമാക്കിയ നിർമാണ നിയന്ത്രണം സംസ്ഥാനത്താകെ നടപ്പാക്കണമെന്ന്​ ജൂലൈ 29ന്​ ഹൈകോടതി ഉത്തരവിട്ടത്​.

കോടതിവിധിയോടെ ഭേദഗതി അടിയന്തരമായി കൊണ്ടുവരേണ്ട സാഹചര്യം സംജാതമാക്കി. രാഷ്​ട്രീയ തിരിച്ചടി ഭയന്ന്​ സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമെടുത്ത നിലപാടിൽനിന്ന്​ പിന്നാക്കം പോകലാണ്​ കലക്​ടർമാർ കഴിഞ്ഞ 12ന്​ പുറപ്പെടുവിച്ച സർക്കുലർ.

സർക്കാർ അടിച്ചേൽപിക്കുന്നത്​ കരിനിയമം –ഡീൻ കുര്യാക്കോസ്

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇടതുസർക്കാർ ജനങ്ങൾക്കുമേൽ കരിനിയമങ്ങൾ​ അടിച്ചേൽപിക്കുകയാണെന്ന്​​ ഡീൻ കുര്യാക്കോസ് എം.പി. ഇത്തരം കരിനിയമങ്ങൾക്ക് ഒ​മ്പതുമാസം മാത്രമേ ഇനി ആയുസ്സുള്ളൂ. സാങ്കേതികമായി അധികാരത്തിൽ തുടരുന്ന സർക്കാർ ഉത്തരവുകളിറക്കി ഇടുക്കിക്കാരെ ദ്രോഹിക്കുകയാണ്.

ഇടതുസർക്കാർ പ്രശ്നങ്ങൾക്ക്​ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ വരുന്ന യു.ഡി.എഫ് സർക്കാർ ജനങ്ങൾക്കുവേണ്ടി ഈ പ്രശ്നം പരിഹരിക്കും.

1964 ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി ചെയ്ത് ഭൂവിഷയങ്ങളിൽ ശാശ്വതമായ പരിഹാരം കാണാമെന്ന സർക്കാറി​െൻറ വാഗ്ദാനം വെറും പൊള്ളയാണെന്ന് തെളിഞ്ഞു. 2019 ആഗസ്​റ്റ്​ 22ന് ഇടുക്കി ജില്ല മുഴുവൻ പട്ടയ വസ്തുവിൽ നിർമാണങ്ങൾ 15 സെൻറിന്​ മുകളിലാണെങ്കിലും 1500 ച.മീറ്ററിൽ കൂടുതലാണെങ്കിലും കണ്ടുകെട്ടി പാട്ടത്തിന്​ നൽകാമെന്ന് വ്യവസ്ഥയോടെ ഉത്തരവിറക്കുകയായിരുന്നു. പിന്നീട് ഒക്ടോബറിൽ ഈ നിബന്ധനകൾ എട്ട്​ വില്ലേജുകളിലേക്ക് പരിമിതപ്പെടുത്തി ഉത്തരവിറക്കി.

ഈ പശ്ചാത്തലത്തിൽ പ്രദേശവാസികൾ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി, സംസ്ഥാന വ്യാപകമായി 1964റൂൾ അനുസരിച്ച് പ്രത്യേക ചട്ടങ്ങൾ ബാധകമാണെന്നും എട്ട്​ വില്ലേജിൽ മാത്രമല്ല നിബന്ധനകൾ എന്നും പ്രത്യേകം ഉത്തരവിറക്കി. ഇതിനിടയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ്​ 1964ലെ റൂൾ ഭേദഗതി ചെയ്യാമെന്ന് ഉറപ്പുനൽകിയത്.

എന്നാൽ, കലക്ടർ സർക്കാർ നിർദേശമനുസരിച്ച് ഹൈകോടതിയുടെ ജൂലൈ 29ലെ ഉത്തരവി​െൻറ പശ്ചാത്തലത്തിലെന്ന വ്യാഖ്യാനത്തോടെ ഇടുക്കിയിൽ മുഴുവൻ നിബന്ധനകൾ ബാധകമാകുന്ന തരത്തിൽ കഴിഞ്ഞ 12ന് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. ഏറ്റവും അവസാനം കഴിഞ്ഞ 20ന് നിബന്ധനകൾ എട്ട്​ വില്ലേജുകൾക്ക് മാത്രം ബാധകമെന്ന തരത്തിൽ, പുതിയ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്.

സംസ്ഥാനം മുഴുവൻ ബാധകമെന്ന ഹൈകോടതി വിധി നിലനിൽക്കെ വീണ്ടും ജില്ലക്കും എട്ട്​ വില്ലേജിലും നിബന്ധനകൾ ബാധകമാക്കുന്നത് ഇടുക്കിയോടുള്ള കടുത്തവിവേചനമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dean Kuriakoseland issueidukki
Next Story