ഇടുക്കിയിലെ മുഴുവൻ കൈയേറ്റങ്ങൾക്ക് എതിരെ നടപടിക്ക് നീക്കം
text_fieldsതൊടുപുഴ: സർക്കാർ ഭൂമി കൈയേറിയവർക്കെതിരായ നടപടി മൂന്നാറിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ മുഴുവൻ കൈയേറ്റങ്ങൾക്കുമെതിരെ ശക്തമായ നടപടിക്ക് റവന്യൂ വകുപ്പും ജില്ല ഭരണകൂടവും നീക്കം തുടങ്ങി. മൂന്നാറിന് പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം കണ്ടെത്തിയ കൈയേറ്റങ്ങൾക്കെതിരെ സ്റ്റോപ് മെമ്മോ നൽകുന്നതടക്കം പ്രാഥമിക നടപടി തുടങ്ങി.
രണ്ടുമാസത്തോളമായി കൈയേറ്റം കണ്ടെത്താനും ഒഴിപ്പിക്കാനുമുള്ള നടപടി പൂർണമായും മൂന്നാറിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇൗ അവസരം മുതലാക്കി ജില്ലയുടെ മറ്റു ഭാഗങ്ങളിൽ ചെറുതും വലുതുമായ കൈയേറ്റങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. സർക്കാർ നിർദേശപ്രകാരം ജില്ലയിലെ തഹസിൽദാർമാർ വൻകിട കൈയേറ്റക്കാരുടെ പട്ടിക തയാറാക്കിവരികയാണ്. ഇൗമാസം ഏഴിന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിന് മുന്നോടിയായി അഞ്ചിന് കലക്ടർ ഇൗ പട്ടിക സർക്കാറിന് സമർപ്പിക്കുമെന്ന് അറിയുന്നു.
മൂന്നാറിൽ ഉൾപ്പെടെ ഒഴിപ്പിക്കൽ നടപടി തുടരാൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർവകക്ഷിയോഗത്തിെൻറ പേരിൽ ഒഴിപ്പിക്കൽ നിർത്തിവെക്കേണ്ടതില്ലെന്നും ചട്ടങ്ങൾ പാലിച്ച് നടപടി തുടരാമെന്നുമാണ് റവന്യൂ മന്ത്രി കലക്ടർക്ക് നൽകിയ നിർദേശം. തൊടുപുഴ താലൂക്കിലെ ഇലപ്പള്ളി വില്ലേജിൽപെട്ട പുള്ളിക്കാനത്തിന് സമീപം ഇടിക്കുന്നിൽ ഭാഗത്ത് കുരിശുകൾ സ്ഥാപിച്ച് സർക്കാർ ഭൂമി കൈയേറിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടർന്ന്, തൊടുപുഴ തഹസിൽദാർ, ഇലപ്പള്ളി വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലക്കി നോട്ടീസ് നൽകി.
കാഞ്ഞാർ- പുള്ളിക്കാനം പാതയിൽ 305 സർവേ നമ്പറിൽ 22ാം ബ്ലോക്കിൽപെട്ട കുമ്പംകാനം ഭാഗത്തും കൈയേറ്റമുണ്ട്. സമീപത്തെ പട്ടയഭൂമിയുടെ മറവിലാണ് കൈയേറ്റം. ഇരു കൈയേറ്റങ്ങളും നിയമാനുസൃതം ഒഴിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണെന്ന് റവന്യൂ അധികൃതർ അറിയിച്ചു. പാപ്പാത്തിച്ചോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കുരിശ് പൊളിച്ച നടപടി മുഖ്യമന്ത്രിയുടെ വരെ വിമർശനം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിൽ ചട്ടങ്ങൾ പാലിച്ച് നടപടി പൂർത്തിയാക്കി കൈയേറ്റം ഒഴിപ്പിക്കാനാണ് ജില്ല ഭരണകൂടത്തിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.