ഇടുക്കിയിലെ ഭൂപ്രശ്നം: റോഷി അഗസ്റ്റിൻ എം.എൽ.എ നിരാഹാരസമരം തുടങ്ങി
text_fieldsകട്ടപ്പന: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷക പ്രസ്ഥാനങ്ങൾ നടത്തിവരുന്ന സമരങ്ങളെ കണ്ടില്ലെന്നുനടിച്ച് സർക്കാറിന് മുന്നോട്ടുപോകാനാകില്ലെന്നും ജനകീയ സമരങ്ങളിൽ വിജയം എന്നും സാധാരണക്കാരനൊപ്പമായിരിക്കുമെന്നും ജോസ് കെ. മാണി എം.പി പറഞ്ഞു.
ജില്ലയിൽ നിർമാണ നിരോധനവുമായി ബന്ധപ്പെട്ട ഉത്തരവ് പൂർണമായും പിൻവലിക്കുക, ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ കട്ടപ്പനയിൽ ആരംഭിച്ച അനിശ്ചിതകാല ഉപവാസസമരം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
കർഷക ദ്രോഹമായ പത്ത് നിബന്ധനകളോടെ അടുത്തനാളിലിറങ്ങിയ റവന്യൂ- തദ്ദേശഭരണ ഉത്തരവുകളിൽ ആറ് നിബന്ധനകൾ നിലനിർത്തിയിരിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയെയാകെ ബാധിക്കുന്ന സങ്കീർണ വിഷയമായതിനാൽ സർവകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിട്ടും ഇതുവരെ തുടർനടപടി സ്വീകരിക്കാത്തതിനാലാണ് സമരങ്ങളുമായി മുന്നോട്ടുപോകുന്നതെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഈ മാസം 17ന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചതായി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ച പശ്ചാത്തലത്തിൽ അനിശ്ചിതകാല നിരാഹാരം തിങ്കളാഴ്ച അവസാനിപ്പിക്കുമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു.
യോഗം 17ന്
തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. 17ന് 10.30ന് തിരുവനന്തപുരം െഗസ്റ്റ് ഹൗസിലാണ് യോഗം. 1964ലെ ഭൂപതിവ് ചട്ടം പ്രകാരം പതിച്ചുനൽകിയ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ ഏറ്റെടുക്കാനുള്ള ആഗസ്റ്റ് 22ലെ ഉത്തരവാണ് പ്രധാന ചർച്ചാവിഷയം.
പതിച്ചുനൽകിയ 15 സെൻറിൽ താഴെയുള്ള പട്ടയ ഭൂമിയിൽ ഉപജീവന ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്ക് താഴെ വിസ്തീർണമുള്ള കെട്ടിടങ്ങൾ ക്രമീകരിക്കാനാണ് ഉത്തരവിറക്കിയത്. അതാകട്ടെ കൈവശക്കാരുടെ ഏക ജീവനോപാധിയാണെന്ന് ആർ.ഡി.ഒ സാക്ഷ്യപ്പെടുത്തണം.
1500 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള വാണിജ്യ കെട്ടിടം അവരുടെ ഏക ജീവനോപാധിയാണെന്ന് തെളിയുകയാണെങ്കിൽ പ്രത്യേകം പരിശോധിച്ചു തീരുമാനമെടുക്കും. ഈ രണ്ടു വിഭാഗത്തിലും ഉൾപ്പെടാത്ത വാണിജ്യ നിർമാണങ്ങൾ പട്ടയം റദ്ദ് ചെയ്ത് സർക്കാർ ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.