ചരിത്രനേട്ടത്തിലേക്ക് ഇടുക്കി പദ്ധതി
text_fieldsതൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ മൂലമറ്റം നിലയത്തിലെ ആകെ ഉൽപാദനം ഒരു ലക്ഷം മില്യൻ യൂനിറ്റിലേക്ക് എത്തുന്നു. ഞായറാഴ്ച രാവിലെവരെ 99955.130 മില്യൻ യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു ജലവൈദ്യുതി നിലയത്തില്‍നിന്ന് ഇത്രയും ഉൽപാദനം നടക്കുന്നത്. ഈ ആഴ്ച തന്നെ റെക്കോഡിലെത്താൻ കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ.
ഈ ചരിത്ര നേട്ടം വന്‍ ആഘോഷമാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷം പരിമിതപ്പെടുത്താനാണ് തീരുമാനം. 11ന് വൈദ്യുതി മന്ത്രി എം.എം. മണി, കെ.എസ്.ഇ.ബി സി.എം.ഡി എന്‍.എസ്. പിള്ള അടക്കം പങ്കെടുക്കുന്ന ചെറിയ ആഘോഷ പരിപാടി മൂലമറ്റത്ത് നടക്കും.
1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുറവന്‍-കുറത്തി മലകള്‍ക്കിടയില്‍ 500 അടിയിലേറെ ഉയരത്തില്‍ പണിത ആര്‍ച്ച് ഡാമിനു പിന്നില്‍ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ വെള്ളം, പാറക്കുള്ളിലൂടെ തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഇന്നും വിസ്മയമാണ്.
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററാണ് പദ്ധതിയിലുള്ളത്. 220 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. ഇടുക്കിയില്‍നിന്ന് ഒരു യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാന് യൂനിറ്റിന് 25 പൈസയാണ് ഇപ്പോള്‍ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.