ഇടുക്കി റിസർവോയർ: വലകെട്ടിയുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണം
text_fieldsകട്ടപ്പന: ഇടുക്കി റിസർവോയറിൽ വലകെട്ടിയുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വലകെട്ടൽ ഇനി അനുവദിക്കില്ല. നിരോധനം ലംഘിച്ചുകെട്ടിയ വലകൾ വനം വകുപ്പ് പിടിച്ചെടുത്തു. റിസർവോയറിൽ വനം വകുപ്പിന്‍റെ ഉപ്പുതറ കിഴുകാനം സെക്ഷനുകീഴിൽ വരുന്ന അയ്യപ്പൻകോവിൽ തൂക്കുപാലവും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലകളിലാണ് പകൽ മീൻ വലകെട്ട് നിരോധിച്ചത്.
കഴിഞ്ഞ ദിവസം വിളിച്ച മത്സ്യത്തൊഴിലാളികളുടെയും വല കെട്ടുന്നവരുടെയും യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് നടപടി. ഇതേതുടർന്ന് വനം വകുപ്പ് കിഴുകാനം റേഞ്ച് ഓഫിസ് അധികൃതരുടെ നേതൃത്വത്തിൽ ശനിയാഴ്ച റിസർവോയറിൽ പരിശോധന നടത്തി നിരോധനം ലംഘിച്ച് കെട്ടിയ വലകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി.
തുടർന്നുള്ള ദിവസങ്ങളിൽ നിരോധനം ലംഘിക്കുന്നവർക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വല കെട്ടുന്നത് ഡാമിൽ മനുഷ്യർക്കും വന്യമൃഗങ്ങൾക്കും റിസർവോയറിന് സമീപത്ത് താമസിക്കുന്നവരുടെ വളർത്തുമൃഗങ്ങൾക്കും ജീവന് ഭീഷണിയാവുമെന്നതിനാലാണ് പകൽ വലകെട്ട് നിരോധിച്ചത്. ഡാമിലെ രക്ഷാപ്രവർത്തനത്തിനും വല കെട്ടൽ പ്രതിസന്ധി സൃഷ്ടിക്കും.
ആദ്യപടിയായി വലകൾ അഴിച്ച് കസ്റ്റഡിയിലെടുത്തെങ്കിലും തുടർന്നും വല കെട്ടിയാൽ വനനിയമം ഉപയാഗിച്ച് വല കെട്ട് അവർക്കെതിരെ നിയമ നടപടി സ്വീകരിക്കാണ് തീരുമാനം. കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ബോട്ടിലെത്തിയാണ് വലകൾ അഴിച്ച് കസ്റ്റഡിയിലെടുത്തത്. അയ്യപ്പൻകോവിൽ തൂക്കുപാലം മുതൽ കിഴുകാനം ഫോറസ്റ്റിന്‍റെ ഏരിയയിലുള്ള മുഴുവൻ വലകളും ഉദ്യോഗസ്ഥസംഘം അഴിച്ചുമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.