ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു
text_fieldsതൊടുപുഴ: ഇടുക്കി–ചെറുതോണി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. അണക്കെട്ടിലെ ജലനിരപ്പ് 2401.60 അടിയായാണ് കുറഞ്ഞത്. നേരത്തെ നാല് ഷട്ടറുകൾ മിനിമം അളവിൽ തുറന്നിട്ടും ജലനിരപ്പ് താഴാതായതോടെ കൂടുതൽ വെള്ളം പുറത്തേക്കുവിടുന്നതിനായി ചരിത്രത്തിലാദ്യമായി അഞ്ചാമത്തെ ഷട്ടറും തുറന്നിരുന്നു. രണ്ട് ഷട്ടറുകൾ മിനിമം ലെവലിലും തുടർന്ന് ഇവയടക്കം മൂന്ന് ഷട്ടറുകൾ ഒരോ മീറ്റർ വീതവും ഉയർത്തി ജലം പുറത്തേക്കൊഴുക്കിയിട്ടും ജലനിരപ്പ് താഴാതായതോടെയാണ് അരമണിക്കൂർ വ്യത്യാസത്തിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നത്. അഞ്ച് ഷട്ടറുകളും ഒരോ മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ സെക്കൻഡിൽ 7,50,000 ലീറ്റർ (750 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകുന്നു.
50 സെൻറി മീറ്റർ അളവിലാണ് വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് ആദ്യം ജലം തുറന്നുവിട്ടത്. വെള്ളിയാഴ്ച രാവിലെ മൂന്നുഷട്ടറുകളും 40 സെൻറി മീറ്റർ വീതം അളവിൽ ക്രമീകരിച്ച് തുറന്നുവിട്ടു. എന്നാൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് ഒഴുക്കി കളയുന്ന ജലത്തിെൻറ അളവ് കുത്തനെ ഉയർത്തിയത്. ഇപ്പോൾ ഒാരോ ഷട്ടറിൽ നിന്ന് ഒരുലക്ഷം ലിറ്റർ വീതമാണ് ഒാരോ സെക്കൻറിലും പുറന്തള്ളുന്നത്. ഉച്ചക്ക് രണ്ടുമണിക്ക് ഇടുക്കി ഡാം ജലനിരപ്പ് 2401.72 അടിയാണ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. 2400.38 അടിയായിരുന്നു വ്യാഴാഴ്ച പുലർച്ചയിലെ ജലനിരപ്പ്.
അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡ് ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. പെരിയാറിെൻറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.
വ്യാഴാഴ്ച ഉച്ചക്ക് ട്രയൽ റണ്ണായി നാലു മണിക്കൂർ നേരത്തേക്ക് തുറന്ന ഒരു ഷട്ടർ ജലനിരപ്പ് കുറയാത്തതിനാൽ അടച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് 12.30ഒാടെയാണ് ചെറുതോണി അണക്കെട്ടിെൻറ ഷട്ടറുകളിലൊന്ന് തുറന്നത്. 12.30ന് ചെറുതോണി അണക്കെട്ടിെൻറ ഷട്ടർ തുറക്കുേമ്പാൾ 2399.04 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ ഇന്ന് രാവിലെ ഏഴുമണിയായപ്പോഴേക്കും 2401.00 അടിയായി വെള്ളം ഉയർന്നതോടെ രണ്ട് ഷട്ടർ കൂടി തുറക്കുകയായിരുന്നു. ഇതോടെ ചെറുതോണി ഡാമിെൻറ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇന്നെല പുറത്തു വിട്ടതിെൻറ മൂന്നിരട്ടി വെള്ളമാണ് ഇന്ന് പുറത്തുവിടുന്നത്.
ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിൽ നിന്ന് പുറത്ത് പോകുന്നതിനേക്കാൾ കൂടുതൽ ജലം വന്ന് നിറയുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്.
കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ നിന്ന് വ്യാഴാഴ്ച തുറന്നു വിട്ടതിെൻറ ഇരട്ടി അളവ് വെള്ളം ഇന്ന് തുറന്നു വിടാനായിരുന്നു കരുതിയിരുന്നത്. എന്നാൽ സംഭരണ ശേഷിക്ക് അടുത്തെത്തിയതിനാൽ മൂന്നിരട്ടി വെള്ളം തുറന്നു വിടാൻ തീരുമാനിക്കുകയായിരുന്നു. എത്രസമയം ഷട്ടറുകൾ തുറന്നുവെക്കും എന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. ഡാമിെൻറ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിെൻറയും ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
വെള്ളത്തിെൻറ ശക്തമായ കുത്തൊഴുക്ക് മൂലം ചെറുതോണി ബസ്സ്റ്റാൻറിെൻറ ഒരു ഭാഗം ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പ്രദേശത്ത് മണ്ണിടിച്ചിലും സാധ്യതയുണ്ട്. നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ജില്ലാ കലക്ടറും ഡാം സുരക്ഷാ അധികൃതരും ചെറുതോണി ഡാമിലെത്തി പരിേശാധന നടത്തി. ഡാമിൽ നിന്ന് ഒഴക്കിവിടുന്ന വെള്ളത്തിെൻറ അളവ് വർധിപ്പിക്കാൻ ആലോചന നടക്കുന്നു. ഇതിെൻറ ഭാഗമായി ചെറുതോണി പട്ടണത്തിൽ ഒരുക്കൾ നടത്തുന്നു. പുഴയുടെ അരികിലുള്ള മരങ്ങൾ അഗ്നിശമന സോനാംഗങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നിരുന്നത്. ട്രയല്‍ റണ്ണിെൻറ ഭാഗമായി ചെറുതോണി ഡാമിെൻറ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. 15 മിനിറ്റ് സമയം കൊണ്ട് ഷട്ടർ 50 സെൻറിമീറ്ററാണ് ഉയർത്തിയത്. അതിനിടെ, ഡാം തുറന്നതിനെ തുടർന്ന് പെരിയാറിലെ ജലനിരപ്പും ഉയരുന്നുണ്ട്.
സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുന്നത്. നാല് മണിക്കൂർ ഷട്ടർ തുറന്നിടാനായിരുന്നു തീരുമാനം. എന്നാൽ, ജലനിരപ്പ് കുറയാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. നാല് മണിക്കൂര്‍ കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍ (0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലം നഷ്ടമാകും. ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറന്നുവിടുന്നത്. 1981 ലായിരുന്നു ആദ്യം.
ഇതിന് മുമ്പ് 1992 ഒക്ടോബറിലാണ് തുറന്നത്. അന്ന് ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് അഞ്ചാം ദിവസം വൈകുന്നേരം അഞ്ചിനായിരുന്നു. മുമ്പ് രണ്ടു വട്ടവും 2401-2402 നും ഇടയിൽ ജലനിരപ്പ് എത്തിയപ്പോഴായിരുന്നു തുറന്നത്. ഇക്കുറി ആദ്യമായാണ് 2399 അടിയിലെത്തിയപ്പോഴേക്ക് തുറന്നത്. ഇതാദ്യമാണ് മൺസൂൺ മഴയിൽ ഇടുക്കി അണക്കെട്ട് നിറയുന്നതും പരീക്ഷണ തുറക്കലും ഇതാദ്യം.
ഷട്ടർ ഉയർത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചെറുതോണി അണക്കെട്ടിന്‍റെ താഴെയുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഇപ്പോഴത്തേത് ട്രയൽ റൺ മാത്രമാണ്. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യം പിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. അതിവേഗം ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ വൈദ്യുതി ബോർഡ് സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്തത്.
അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ ജൂലൈ 30നാണ് രണ്ടാം ജാഗ്രത നിർദേശമായ ഒാറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിനു ശേഷം തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിങ് വിഭാഗത്തിന്‍റെ വിലയിരുത്തൽ. മുമ്പ് രണ്ടു തവണയും 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ് റെഡ് അലർട്ട് നൽകി അണക്കെട്ട് തുറന്നത്.
വെള്ളം ഒഴുകുന്നത് ഇതുവഴി...
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ചേർന്ന ഇടുക്കി പദ്ധതിയിൽ ഷട്ടർ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നത് ചെറുതോണി അണക്കെട്ടിലൂടെയാണ്. അത് തുറന്നാൽ വെള്ളം ഒഴുകുന്നത് ഇതുവഴി.
- ഇടുക്കി ജില്ല ആശുപത്രി സ്ഥിതി ചെയ്യുന്ന കുന്നിെൻറ കിഴക്കു വശത്തുകൂടി ഒഴുകുന്ന ചെറുതോണി പുഴയിലാണ് ആദ്യം വെള്ളം എത്തുക.
- തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തിലേക്ക് വെള്ളമൊഴുകും. ഇവിടെ വെള്ളം കരകവിഞ്ഞാൽ നിരവധി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാകും. ഇടുക്കി-കട്ടപ്പന പാതയിൽ ഗതാഗതം സ്തംഭിക്കും.
- തുടർന്ന് വെള്ളം തടിയമ്പാട്-കരിമ്പൻ ചപ്പാത്തിലൂെട എറണാകുളം ജില്ല അതിർത്തിയായ ലോവർ പെരിയാർ, പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും.
- എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, മുളവുകാട് പഞ്ചായത്ത്, വല്ലാർപാടം, എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീമായി ഉയരും.
അണക്കെട്ട് തുറക്കൽ: സുരക്ഷിതരാകാൻ മുൻകരുതൽ സ്വീകരിക്കാം
ഇടുക്കി അണക്കെട്ട് തുറക്കാനിടയായാൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് പ്രദേശവാസികൾക്ക് മുൻകരുതൽ നിർദേശങ്ങളുമായി അധികൃതർ. അണക്കെട്ട് തുറക്കുേമ്പാൾ വെള്ളം പൊങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കുമാണ് നിർദേശം നൽകിയത്. അണക്കെട്ട് തുറക്കുേമ്പാൾ വെള്ളപ്പൊക്ക സാധ്യത കൂടുതലായതിനാൽ ഇതിനെ നേരിടാനുള്ള നിർദേശങ്ങളാണ് ലഘുലേഖകളിൽ. വെള്ളപ്പൊക്കം ഉണ്ടായാൽ സുരക്ഷിത സ്ഥലത്തേക്ക് പോകേണ്ട വഴികൾ കുടുംബാംഗങ്ങൾ എല്ലാവരും മനസ്സിലാക്കിവെക്കണമെന്ന് നിർദേശം നൽകുന്നു.
- വെള്ളപ്പൊക്ക സാധ്യത മനസ്സിലായാൽ റേഡിയോ, ടി.വി എന്നിവയിൽ വരുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക.
- പരിഭ്രാന്തരാകാതിരിക്കുക, കിംവദന്തികൾ പരത്താതിരിക്കുക.
- ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ എന്നിവ തയാറാക്കിവെക്കുക.
- കൃഷി ആയുധങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയെ ഉയർന്ന സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക.
- വെള്ളപ്പൊക്കമുണ്ടായാൽ വീട്ടിൽനിന്ന് മാറ്റേണ്ട സാധനങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കുക.
- വെള്ളപ്പൊക്ക സമയത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
- സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നാൽ ചൂട് നൽകുന്ന വസ്ത്രങ്ങൾ, അത്യാവശ്യമരുന്നുകൾ, വിലപിടിപ്പുള്ള വസ്തുക്കൾ, വിലയേറിയ രേഖകൾ എന്നിവ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് എമർജൻസി കിറ്റിനോടൊപ്പം എടുക്കുക.
- പോകുന്ന സുരക്ഷിത സ്ഥലത്തെപ്പറ്റി പ്രാദേശിക സന്നദ്ധപ്രവർത്തകരെ അറിയിക്കുക.
- വിലപിടിപ്പുള്ള ഉപകരണങ്ങളും വസ്ത്രങ്ങളും കട്ടിൽ, മേശ എന്നിവയുടെ മുകളിൽവെക്കുക.
- വീടുമായുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
- എത്രയും വേഗം വാതിൽ പൂട്ടി അടുത്തുള്ള സുരക്ഷിത സ്ഥലേത്തക്ക് നീങ്ങുക.
- ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്.
- വെള്ളപ്പൊക്കത്തിനുശേഷം റേഡിയോ, ടി.വി എന്നിവയിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നോട്ടീസിൽ പറയുന്നു. ദുരന്ത നിവാരണ അതോറിറ്റിയാണ്നിർദേശങ്ങൾ തയാറാക്കി തിങ്കളാഴ്ച വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.