ഇടുക്കി പൊന്‍മുട്ടയിടുന്ന താറാവ്- പി.എ. മുഹമ്മദ് റിയാസ്
text_fieldsഇടുക്കി: ടൂറിസം വകുപ്പിനെ സംബന്ധിച്ച് ഇടുക്കി ജില്ല പൊന്‍മുട്ടയിടുന്ന താറാവാണെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പീരുമേട്ടില്‍ നിർമിച്ച പുതിയ ഇക്കോ ലോഡ്ജിന്‍റെയും നവീകരിച്ച പൈതൃക അതിഥിമന്ദിരത്തിന്‍റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പുതിയ ടൂറിസം ഉത്പ്പന്നങ്ങളുടെ പ്രചരണാര്‍ഥം മൈസ് ടൂറിസം കോണ്‍ക്ലേവ് കൊച്ചിയിലും വെല്‍നെസ് ടൂറിസം കോണ്‍ക്ലേവ് കോഴിക്കോടും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കേരള ടൂറിസം ലുക്ക് ഈസ്റ്റ് നയം സ്വീകരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി മലേഷ്യന്‍ എയര്‍ലൈന്‍സുമായി കൈകോര്‍ത്തുകൊണ്ട് എട്ട് പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍ഫ്ളുവന്‍സര്‍മാര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍റുമാര്‍ എന്നിവരെ കേരളത്തിലേക്കെത്തിക്കുകയാണ്. ലുക്ക് ഈസ്റ്റ് നയത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇടുക്കിയും വയനാടുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊവിഡിന് ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ആഗോളതലത്തില്‍ തന്നെ കൂടിയിട്ടുണ്ടെങ്കിലും വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന താമസ സൗകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ എന്നിവ ഇടുക്കിയുടെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വാഴൂര്‍ സോമന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജഭരണ കാലം മുതല്‍ ടൂറിസം രംഗത്ത് ഏറെ പ്രധാനപ്പെട്ട സ്ഥലമാണ് പീരുമേടെന്ന് അദ്ദേഹം പറഞ്ഞു. പീരുമേടിന്‍റെ ഫാം ടൂറിസം സാധ്യതകള്‍ക്കുള്‍പ്പെടെ ഉണര്‍വേകുന്ന പദ്ധതിയായി ഇക്കോ ലോഡ്ജ് മാറുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍മാരായ ജി.എൽ. രാജീവ്, ടി.ജി. അഭിലാഷ് കുമാര്‍, ഡെ. ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.