ഇടുക്കിയിലെ വിധി ഭൂമി കൈയേറ്റക്കാർക്ക് തിരിച്ചടി
text_fieldsതൊടുപുഴ: ഹൈകോടതിയുടെ സുപ്രധാന വിധിയോടെ കേരളത്തിന്റെ ചർച്ചയിലേക്ക് വീണ്ടും ഭൂമി കൈയേറ്റം കടന്നുവരുകയാണ്. പ്രത്യക്ഷത്തിൽതന്നെ ഭൂമി കൈയേറ്റക്കാർക്ക് തിരിച്ചടിയാകുന്ന ഉത്തരവ് സർക്കാറിന് മുന്നിലും ഏറെ പ്രതിസന്ധികൾ തീർക്കുമെന്നുറപ്പ്.
ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവെങ്കിലും അട്ടപ്പാടിയടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കാനിരിക്കുന്ന പട്ടയമേളകൾക്കുകൂടി പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. കൈവശഭൂമിയിൽ ഉടമസ്ഥതയോ പാട്ടമോ തെളിയിക്കുന്ന രേഖകൾ ഇല്ലാത്തവർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പട്ടയം നൽകരുതെന്നാണ് കോടതി ഇടുക്കി ജില്ല കലക്ടർക്ക് നൽകിയ നിർദേശം.
1964നുശേഷമുള്ള കൈയേറ്റങ്ങൾ തടയാനാണ് ഭൂപതിവ് ചട്ടം 4ൽ വ്യവസ്ഥ കൊണ്ടുവന്നത്. 1964ലെ ഭൂപതിവ് ചട്ടം 4 പ്രകാരം കൈവശമിരിക്കുന്ന ഭൂമി കൃഷിക്കും വീടിനും അനുബന്ധ ഉപയോഗത്തിനുമായി പതിച്ച് നൽകാമെന്നാണ്.
എന്നാൽ, 1971ൽ കൊണ്ടുവന്ന ഭേദഗതി ഭൂപതിവ് നിയമത്തിന്റെ ലക്ഷ്യത്തെതന്നെ അട്ടിമറിക്കുന്നതും 64നുശേഷം നടന്ന കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകുന്നതുമാണെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, കൈവശഭൂമി അല്ലാത്തവക്ക് പട്ടയം അനുവദിക്കാൻ ഈ ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പട്ടയം ലഭിക്കുമെന്ന ധാരണയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂമാഫിയ കൈയേറിയും കൈമാറിയും നിരവധി ഏക്കർ ഭൂമി കൈവശപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പിൻബലത്തോടെ നടത്തിയ ഇത്തരം കൈയേറ്റങ്ങൾക്ക് കോടതി ഉത്തരവ് തിരിച്ചടിയാണ്. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ചട്ട ഭേദഗതി ബില്ലിനെയും ബാധിക്കുന്നതാണ് ഉത്തരവ്.
അതേസമയം, അഡ്വക്കറ്റ് ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിയമോപദേശ അടിസ്ഥാനത്തിൽ മാത്രം പട്ടയം നൽകിയാൽ മതിയെന്നാണ് ഇടുക്കി ജില്ല കലക്ടർക്ക് സർക്കാർ നൽകിയ നിർദേശം.
അർഹരായവർ പട്ടയത്തിന് ഓഫിസുകൾ കയറിയിറങ്ങുമ്പോൾ വ്യവസ്ഥകൾ പാലിക്കാതെ തൽപരകക്ഷികൾക്ക് ഉദാരമായി പലയിടത്തും പട്ടയം നൽകുന്നുണ്ട്. കുടിയേറ്റക്കാർ അധികമില്ലാത്ത അട്ടപ്പാടിയിലെ ലാൻഡ് ട്രൈബ്യൂണലിലേക്ക് സംസ്ഥാന ലാൻഡ് ബോർഡിൽനിന്നും കഴിഞ്ഞമാസം മാത്രം പോയത് 900 അപേക്ഷയാണ്. ഇത്തരം നീക്കങ്ങൾക്കും ഹൈകോടതി ഉത്തരവ് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.