ഇടുക്കിയിൽ ജലനിരപ്പ് 2395 അടി; ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
text_fieldsതൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയിൽ എത്തിയതോടെ രണ്ടാം ജാഗ്രത നിർദേശം (ഒാറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. അതേ സമയം അണക്കെട്ട്തുറക്കുന്നത് പരമാവധി വൈകിപ്പിക്കാനാണ് തീരുമാനം. പിന്നിട്ട 24 മണിക്കൂറിൽ വൃഷ്ടിപ്രദേശത്ത് മഴയുടെയും നീരൊഴുക്കിെൻറയും തോത് കുറഞ്ഞതാണ് ഇതിനു സർക്കാറിനെ പ്രേരിപ്പിക്കുന്നത്. നേരേത്ത തുറക്കുന്നത് നീട്ടിവെക്കാനും പരീക്ഷണതുറക്കൽ മറ്റൊരു ദിവസമാക്കുന്നതിനും ഉന്നതതലത്തിൽ ധാരണയായതായാണ് വിവരം. ഇതോടെ തുറക്കൽ ചൊവ്വാഴ്ച ഉണ്ടാകില്ലെന്ന് ഉറപ്പായി.
അവസാന ജാഗ്രത നിർദേശം (റെഡ് അലർട്ട് ) എപ്പോഴെന്നതിൽ തീരുമാനമായിട്ടില്ല. ജലനിരപ്പ് 2400 അടിയിലെത്തുേമ്പാൾ തുറക്കുകയെന്ന ഉന്നതതല തീരുമാനത്തിൽ മാറ്റം വരുത്തി, 2397-2398 അടിയിലെത്തുേമ്പാൾ തുറക്കാമെന്നായിരുന്നു മന്ത്രി എം.എം. മണിയുടെ നിർദേശം.ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി പരീക്ഷണ തുറക്കലിന് തീരുമാനിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷണതുറക്കൽ ഉണ്ടായാൽ അത് ജലനിരപ്പ് 2397ലോ 2398ലോ എത്തിയ ശേഷമാകുമെന്നാണ് സൂചന. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇതിന് സാധ്യത. മഴ തീരെ കുറയുന്ന സാഹചര്യമുണ്ടായാൽ പിന്നെയും നീളാം. മുമ്പ് രണ്ടുതവണയും 2401 അടിയില് വെള്ളമെത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് പൂർണ സംഭരണശേഷി.
ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാവിലെവരെ ഒരടിയോളമാണ് ജലനിരപ്പ് വർധിച്ചത്. പിന്നിട്ട രണ്ടാഴ്ചയിലെ ഏറ്റവും കുറഞ്ഞ തോതാണിത്. തിങ്കളാഴ്ച പകലും ഇതേ നിലയായിരുന്നു. നീരൊഴുക്കും തിങ്കളാഴ്ച കുറവായിരുന്നു. 35.19 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. തലേന്ന് ഇത് 36.58 ആയിരുന്നു. മഴയും കുറഞ്ഞു. 1.8 സെൻറിമീറ്ററാണ് തിങ്കളാഴ്ചത്തെ മഴ.
പരമാവധി വൈദ്യുതി ഉൽപാദനമാണ് അഞ്ചു ദിവസമായി ഇടുക്കിയിൽ. 15.01 ദശലക്ഷം യൂനിറ്റായിരുന്നു തിങ്കളാഴ്ചത്തെ ഉൽപാദനം. ഇത് ഇൗ വർഷെത്ത റെക്കോഡാണ്.
അണക്കെട്ട് തുറക്കൽ: സുരക്ഷിതരാകാൻ മുൻകരുതൽ സ്വീകരിക്കാം
തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കാനിടയായാൽ വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് പ്രദേശവാസികൾക്ക് മുൻകരുതൽ നിർദേശങ്ങളുമായി അധികൃതർ. അണക്കെട്ട് തുറക്കുേമ്പാൾ വെള്ളം പൊങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കുമാണ് നിർദേശം നൽകിയത്. അണക്കെട്ട് തുറക്കുേമ്പാൾ വെള്ളപ്പൊക്ക സാധ്യത കൂടുതലായതിനാൽ ഇതിനെ നേരിടാനുള്ള നിർദേശങ്ങളാണ് ലഘുലേഖകളിൽ. വെള്ളപ്പൊക്കം ഉണ്ടായാൽ സുരക്ഷിത സ്ഥലത്തേക്ക് പോകേണ്ട വഴികൾ കുടുംബാംഗങ്ങൾ എല്ലാവരും മനസ്സിലാക്കിവെക്കണമെന്ന് നിർദേശം നൽകുന്നു.
- വെള്ളപ്പൊക്ക സാധ്യത മനസ്സിലായാൽ റേഡിയോ, ടി.വി എന്നിവയിൽ വരുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക.
- പരിഭ്രാന്തരാകാതിരിക്കുക, കിംവദന്തികൾ പരത്താതിരിക്കുക.
- ആവശ്യമായ ഭക്ഷണം, വെള്ളം, വസ്ത്രങ്ങൾ എന്നിവ തയാറാക്കിവെക്കുക.
- കൃഷി ആയുധങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയെ ഉയർന്ന സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക.
- വെള്ളപ്പൊക്കമുണ്ടായാൽ വീട്ടിൽനിന്ന് മാറ്റേണ്ട സാധനങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കുക.
- വെള്ളപ്പൊക്ക സമയത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
- സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നാൽ ചൂട് നൽകുന്ന വസ്ത്രങ്ങൾ, അത്യാവശ്യമരുന്നുകൾ, വിലപിടിപ്പുള്ള വസ്തുക്കൾ, വിലയേറിയ രേഖകൾ എന്നിവ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് എമർജൻസി കിറ്റിനോടൊപ്പം എടുക്കുക.
- പോകുന്ന സുരക്ഷിത സ്ഥലത്തെപ്പറ്റി പ്രാദേശിക സന്നദ്ധപ്രവർത്തകരെ അറിയിക്കുക.
- വിലപിടിപ്പുള്ള ഉപകരണങ്ങളും വസ്ത്രങ്ങളും കട്ടിൽ, മേശ എന്നിവയുടെ മുകളിൽവെക്കുക.
- വീടുമായുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
- എത്രയും വേഗം വാതിൽ പൂട്ടി അടുത്തുള്ള സുരക്ഷിത സ്ഥലേത്തക്ക് നീങ്ങുക.
- ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്.
- വെള്ളപ്പൊക്കത്തിനുശേഷം റേഡിയോ, ടി.വി എന്നിവയിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നോട്ടീസിൽ പറയുന്നു. ദുരന്ത നിവാരണ അതോറിറ്റിയാണ്നിർദേശങ്ങൾ തയാറാക്കി തിങ്കളാഴ്ച വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.