സംസ്കരിക്കാൻ ഒരുങ്ങേവ ജീവെൻറ തുടിപ്പ്; 12 മണിക്കൂറിനു ശേഷം സ്ത്രീ മരിച്ചു
text_fieldsകട്ടപ്പന: അതി ഗുരുതരാവസ്ഥയിൽ തമിഴ്നാട്ടിലെ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച സ്ത്രീയെ മരിച്ചെന്ന് ‘ഉറപ്പിച്ച്’ സംസ്കാരചടങ്ങിന് ഒരുക്കം നടത്തേവ ജീവനുണ്ടെന്നു കണ്ട് പൊലീസ് ആശുപത്രിയിലാക്കി. എന്നാൽ, 12 മണിക്കൂറിനു ശേഷം അവർ മരണത്തിനു കീഴടങ്ങി.
വണ്ടന്മേട് പുതുവൽ രത്തിനവിലാസം വീട്ടിൽ മുനിസ്വാമിയുടെ ഭാര്യ രത്തിനമാണ് (51) മൊബൈൽ മോർച്ചറിയിൽനിന്ന് ജീവനോടെ വീണ്ടും ആശുപത്രിലേക്കെത്തി പിന്നീട് മരിച്ചത്. മധുരയിൽനിന്ന് ബുധനാഴ്ച പുലർച്ച ആംബുലൻസിൽ കൊണ്ടുവന്ന സ്ത്രീയെ ഒാക്സിജൻ സിലിണ്ടർ മാറ്റിയപ്പോൾ അനക്കമില്ലെന്നു കണ്ട് നേരേത്ത തയാറാക്കിവെച്ച മൊബൈൽ മോർച്ചറിലേക്ക് ഭർത്താവും ബന്ധുക്കളും മാറ്റി. ഒരു മണിക്കൂറിനു ശേഷം മൃതദേഹം കാണാനെത്തിയ ബന്ധുവാണ് രത്തിനം അനങ്ങുന്നതും വായിൽനിന്ന് നുരയും പതയും വരുന്നതും കണ്ട് ബഹളം െവച്ചത്.
എന്നാൽ, വീട്ടുകാർ ഇത് കാര്യമാക്കിയില്ല. ബന്ധു വിവരം നൽകിയതനുസരിച്ച് എത്തിയ വണ്ടന്മേട് എസ്.ഐ കെ.വി. വിശ്വനാഥൻ മോർച്ചറി തുറന്ന് പരിശോധിച്ചപ്പോൾ ജീവനുണ്ടെന്ന് മനസ്സിലാക്കി ഉടൻ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. പണമില്ലെന്ന് ശഠിച്ച് സമീപത്തെ ഒരു ഡോക്ടറെ വീട്ടിൽ കൊണ്ടുവന്ന് പരിശോധിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും പൊലീസ് കർശന നിലപാട് സ്വീകരിച്ചതോടെ രാവിലെ ഏഴോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഓക്സിജൻ സിലിണ്ടറിെൻറ സഹായത്താൽ ശ്വസിക്കാനായ രോഗി വൈകുന്നേരം ആറരയോടെയാണ് മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച രത്തിനത്തിനെ 20ദിവസം മുമ്പാണ് മധുര മീനാക്ഷി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രോഗം കരളിനെയും വൃക്കകളെയും പ്രവർത്തനരഹിതമാക്കിയതോടെ സ്ഥിതി അതി ഗുരുതരമായി. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയല്ലാതെ രക്ഷിക്കാൻ മറ്റു മാർഗമില്ലെന്നും ഇതിന് 25 ലക്ഷം വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കൂലിവേലക്കാരായ തങ്ങൾക്ക് ഇതിന് കഴിയില്ലെന്നും ഇപ്പോഴത്തെ നിലയിൽ വെൻറിലേറ്ററിൽ കഴിയുന്നത് പോലും താങ്ങാനാകില്ലെന്നും അറിയിച്ച് രോഗിയെ ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു. ഇതിനിടെ, രത്തിനം മരിെച്ചന്ന് നാട്ടിൽ പ്രചരിക്കുകയും മൃതദേഹം കൊണ്ടുവന്നാൽ സംസ്കരിക്കാൻ നടപടി ബന്ധുക്കൾ സ്വീകരിക്കുകയുമായിരുന്നു. ഫ്ലക്സ് ബോർഡ് പ്രിൻറ് ചെയ്തത് കൂടാതെ പന്തലിട്ട് മൊബൈൽ മോർച്ചറിയും വീട്ടിൽ എത്തിച്ചു.
മോർച്ചറിയിൽനിന്ന് ജീവൻ തുടിക്കുന്ന അവസ്ഥയിൽ കൊണ്ടുവന്ന രത്തിനത്തിനെ വിദഗ്ധ ചികത്സക്ക് ഐ.സി.യുവിൽ പ്രവേശിപ്പിക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ തുടർ ചികത്സക്ക് മാർഗമില്ലെന്ന് അറിയിക്കുകയായിരുന്നു ബന്ധുക്കൾ. തുടർന്ന് ജില്ല ഭരണകൂടം ഇടപെട്ട് ചികിത്സനൽകാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതിനിടെ, രോഗിയെ വെൻറിലേറ്ററിലേക്ക് മാറ്റാൻ ഒപ്പിട്ടുകൊടുക്കണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യത്തോട് ഭർത്താവും മക്കളും പ്രതികരിച്ചില്ല. രാത്രി ഒമ്പതോടെ വണ്ടന്മേട് പുതുവൽ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മക്കൾ: കറുപ്പയ്യ സതീശ്, ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.