ഉത്തരേന്ത്യയിൽ വല്ലവരും ക്രിസ്ത്യാനിയെ പീഡിപ്പിച്ചാൽ എന്നെ വിളിച്ചാൽ മതി, കമ്യൂണിസ്റ്റുകാരെ പോലെ ആരും ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടില്ല - പി.സി.ജോർജ്
text_fieldsകൊച്ചി: കമ്മ്യൂണിസ്റ്റുകാരെ പോലെ മറ്റാരും ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടില്ലെന്ന് പി.സി. ജോർജ്. ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവരാണ് ബി.ജെ.പിക്കാർ എന്ന് പിണറായി തനിക്ക് ഉപദേശം നൽകുന്നു. ആരാണ് ക്രിസ്ത്യാനികളെ കൊല്ലുന്നത്. കേരള ചരിത്രത്തിൽ ഇ.എം.എസ് സർക്കാർ അങ്കമാലിയിൽ ഗർഭിണി ഉൾപ്പെടെ ഏഴ് ക്രൈസ്തവരെയാണ് വെടിവെച്ചുകൊന്നത്. അന്ന് മരിച്ചവരുടെ കല്ലറ അങ്കമാലി ദേവാലയത്തിൽ ഉണ്ട്.
ഇനി ഉത്തരേന്ത്യയിലെങ്ങാനും വല്ലവരും ക്രിസ്ത്യാനിയെ പീഡിപ്പിക്കുന്നുവെന്നറിഞ്ഞാൽ അവർ എന്നെ വിളിച്ചാൽ മതി. ഞാൻ അത് അവസാനിപ്പിച്ചോളാമെന്നും പി.സി. ജോർജ് പറഞ്ഞു.
മഹാരാജാസ് കോളജിലെ പട്ടിക വർഗക്കാരനായ എസ്.എഫ്.ഐക്കാരൻ അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയവരുടെ തോളിൽ കൈയിട്ടാണ് പിണറായി തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നത്. എന്റെ കൺമുന്നിൽ കണ്ട സാമൂഹിക തിൻമകളെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അത് പൊതു പ്രവർത്തകന്റെ കടമയാണ്. ഒരു സമുദായത്തിന്റെ ഏതെങ്കിലും വ്യക്തികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അത് ആ സമുദായത്തെ മുഴുവൻ അപമാനിക്കലാണെന്ന് വരുത്തിത്തീർത്ത് സമുദായത്തിന്റെ വോട്ട് കിട്ടാൻ വേണ്ടി ഇടത് വലത് മുന്നണികൾ ശ്രമിക്കുകയാണെന്നും പി.സി. ജോർജ് ആരോപിച്ചു.
താൻ വിദ്വേഷ പ്രസംഗം നടത്തിയെന്ന് പിണറായി പറയുന്നു. താൻ ആരെയും കൊന്നിട്ടില്ല. കലാപത്തിന് ആഹ്വാനം കൊടുത്തിട്ടില്ല.ആരുടെയും കയ്യും കാലും വെട്ടിയിട്ടില്ല.
തിരുവനന്തപുരത്തും വെണ്ണലയിലും സാമൂഹിക തിൻമകളെ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചതാണ്. അതിനെ വർഗീയ വത്കരിക്കുകയും എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തത് പിണറായി നടത്തിയ ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണ്. യഥാർഥത്തിൽ വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം നടപ്പാക്കുകയാണ് പിണറായി. 2016ലെയും 21ലെയും തെരഞ്ഞെടുപ്പിലും ഇതാണ് ആവർത്തിച്ചത്.
2014ന് ശേഷം ഇപ്പോൾ കൂണുപോലെ മുളച്ചുപൊങ്ങിയ രാഷ്ട്രീയ പാർട്ടികൾ പിണറായിയുടെ ബി ടീമാണോ എന്ന് സംശയിക്കണം. പല പാർട്ടികളുമായും പിണറായിയുടെ അന്തർ ധാര സജീവമാണെന്നും പി.സി. ജോർജ് ആരോപിച്ചു.
സംഘർഷ ഭരിതമായ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ റാലിക്ക് അനുമതി നൽകരുതെന്ന് ഇന്റലിജൻസും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കലക്ടറും പറഞ്ഞിട്ടും തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി വിജയനാണ് നേരിട്ട് അനുമതി നൽകിയത്.
തൃക്കാക്കരയെ ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും അടിസ്ഥാനത്തിൽ വേർ തിരിക്കുന്നു. 2015ൽ തനിക്ക് പിന്തുണ നൽകിയവരാണ് എസ്.ഡി.പി.ഐ. രണ്ടു വർഷത്തോളം അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് പറയുന്നു, ഇവർ ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്നവരല്ല. കൂടെക്കിടന്നവനേ രാപ്പനി അറിയൂവെന്നും പി.സി. ജോർജ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത വർഗീയ തീവ്രവാദികളുമായി ചേർന്ന് പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ പിണറായിയോട് മത്സരിക്കുകയാണ്. കോൺഗ്രസിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചേ വി.ഡി.സതീശൻ അടങ്ങൂ. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി. എനിക്ക് സതീശനെ കുറിച്ച് ഇനിയും പറയാനുണ്ടെന്ന് സതീശനറിയാം. അത് എന്നെക്കൊണ്ട് പറയിക്കരുത് എന്ന് മുന്നറിയിപ്പ് നൽകുന്നു.
വർഗീയ പ്രീണനം നടത്തി എങ്ങനെയും വോട്ടുനേടുക മാത്രമാണ് പിണറായിയുടെയും സതീശന്റെയും ലക്ഷ്യം. കാലം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്നും പി.സി.ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.