'കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ 60 രൂപക്ക് പെട്രോൾ' -കുമ്മനം
text_fieldsകേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 60 രൂപക്ക് പെട്രോള്‍ നല്‍കുമെന്ന് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിജെപിക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരും. ആഗോളതലത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് വില വ്യത്യാസം വരുന്നത്. എന്തുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തിനിടെ പ്രതികരിച്ചു.
ആഗോള തലത്തില്‍ വില കുറഞ്ഞ സമയത്ത് കുറച്ചിട്ടുണ്ടെന്നും നികുതിയിനത്തില്‍ കിട്ടുന്ന വരുമാനം വെട്ടിക്കുറയ്ക്കാമെന്ന് എന്തുകൊണ്ട് കേരള സര്‍ക്കാര്‍ തന്‍റേടത്തോടെ പറയുന്നില്ലെന്നും കുമ്മനം ചോദിച്ചു. അസം ഗവണ്മെന്റ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന വിഹിതം വെട്ടിക്കുറച്ച് വിലക്കയറ്റത്തെ പ്രതിരോധിച്ചതായും കുമ്മനം പറഞ്ഞു.
കുമ്മനത്തിന്‍റെ വാക്കുകള്‍:
ഇന്ധന വിലവര്‍ധന ദേശീയ വിഷയമാണ്. അത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് അഭിപ്രായം പറയേണ്ടത്. വില കൂട്ടേണ്ട സാഹചര്യം ഉണ്ടായതുകൊണ്ടായിരിക്കും. ബിജെപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതേക്കുറിച്ച് എന്തുകൊണ്ടാണ് സിപിഐഎമ്മും കോണ്‍ഗ്രസും അഭിപ്രായം പറയാത്തത്. കേരളത്തില്‍ ഒരു കാരണവശാലും ഇന്ധനവിലയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത് എന്തുകൊണ്ടാണ്. ആഗോളതലത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസൃതമായാണ് ഈ വില വ്യത്യാസം വരുന്നത്.
കേരളത്തില്‍ ജിഎസ്ടി നടപ്പിലാക്കാന്‍ എന്താണ് ബുദ്ധിമുട്ട്? ബിജെപി വളരെ വ്യക്തമായി പറയുന്നു. അധികാരം കിട്ടിയാല്‍ തീര്‍ച്ചയായും ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട്, ഏതാണ്ട് 60 രൂപയാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലായത്. ആഗോള തലത്തില്‍ വില കുറഞ്ഞ സമയത്ത് കുറച്ചിട്ടുണ്ട്. അതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്, എന്തുകൊണ്ടാണ് ജിഎസ്ടി നടപ്പിലാക്കാത്തത്? നികുതിയിനത്തില്‍ കിട്ടുന്ന വരുമാനം വെട്ടിക്കുറയ്ക്കാമെന്ന് എന്തുകൊണ്ട് കേരള സര്‍ക്കാര്‍ തന്‍റേടത്തോടെ പറയുന്നില്ല? അസം ഗവണ്മെന്റ് അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന വിഹിതം വെട്ടിക്കുറച്ചല്ലോ? അങ്ങനെ അവര്‍ വിലക്കയറ്റത്തെ പ്രതിരോധിച്ചു. അത് എന്തുകൊണ്ട് കേരള സര്‍ക്കാരിന് ചെയ്തുകൂടാ. വിലക്കയറ്റത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍, ജനങ്ങളോട് പ്രതിബദ്ധത വ്യക്തമാക്കുന്ന നിലപാടാണെങ്കില്‍ ജിഎസ്ടിയിലേക്ക് പെട്രോളിനെ ഉള്‍പ്പെടുത്താമെന്ന് പറയുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ നികുതി വളരെ തുച്ഛമാണ്. 19 ശതമാനമാണ്. കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുകൊടുക്കുന്നുണ്ട്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു കഴിഞ്ഞു. സംസ്ഥാനങ്ങള്‍ തയ്യാറായാല്‍ നടപ്പിലാക്കും. ജനങ്ങള്‍ക്ക് സഹായകരമാകുന്ന വ്യക്തമായ പരിഹാരമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.