ബി.ജെ.പിയുടേത് ആത്മാർഥ സൗഹൃദമായാൽ രാഷ്ട്രീയഗതി മാറും; മുന്നണികൾക്ക് മുന്നറിയിപ്പുമായി ‘കത്തോലിക്കാസഭ’
text_fieldsതൃശൂർ: ബി.ജെ.പി അടുപ്പത്തിൽ ഇടത് -വലത് മുന്നണികൾക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’. അടിസ്ഥാനരഹിത ധാരണകളും ക്രൈസ്തവ വിരുദ്ധ നിലപാടും ഉപേക്ഷിച്ച് ബി.ജെ.പിയും പോഷക സംഘടനകളും ആത്മാർഥ സൗഹൃദം സ്ഥാപിച്ചാൽ ചരിത്രഗതി മാറുമെന്നാണ് ‘കത്തോലിക്കാസഭ’യുടെ മേയ് ലക്കം കവർ സ്റ്റോറിയായ ‘വോട്ട് മാത്രം മതിയോ’ എന്ന ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നത്.
ക്രൈസ്തവർക്ക് അർഹമായ നീതി ഇരുമുന്നണികളിൽനിന്നും കിട്ടുന്നില്ലെന്നതാണ് ബി.ജെ.പിയോടുള്ള ആഭിമുഖ്യത്തിന് കാരണം. അവഗണിക്കപ്പെടുന്നുവെന്നും ന്യായമായ അവകാശങ്ങളും നേട്ടങ്ങളും വെല്ലുവിളിക്കപ്പെടുന്നുവെന്നുമുള്ള തിരിച്ചറിവ് പുതിയ പരീക്ഷണങ്ങൾക്ക് ക്രൈസ്തവരെ പ്രേരിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പി ശത്രുവാണോ മിത്രമാണോ എന്ന ചർച്ച വിശ്വാസികൾക്കിടയിൽ സജീവമാണ്. വോട്ടുബലം നോക്കി കേരളത്തിലെ ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷ സമുദായത്തിന് അനുകൂലമായി ഇരുമുന്നണികളും നിലപാടെടുക്കുന്നതിനാൽ ക്രൈസ്തവരിൽ പലരും ബി.ജെ.പിയോട് അനുഭാവമുള്ളവരായി മാറുന്നു.
രാജ്യം ഭരിക്കുന്ന കക്ഷിയുമായി സഭനേതൃത്വം സംഭാഷണത്തിലേർപ്പെടുന്നതും അവരോട് അകൽച്ചയിൽ കഴിയാൻ ആഗ്രഹിക്കാത്തതും വോട്ട്ബാങ്കായി മാറുമെന്ന ഗാരന്റിയല്ല. സഭാധ്യക്ഷന്മാർ ഉന്നയിക്കുന്ന ജനകീയ പ്രശ്നങ്ങൾ രാഷ്ട്രീയ വിലപേശലല്ല.
പകരം സാമൂഹിക നീതിക്കും അർഹമായ അവകാശങ്ങൾക്കും വേണ്ടിയുള്ള നിലവിളിയാണ്. ബിഷപ്പുമാർ ഉന്നയിക്കുന്ന സാമൂഹികപ്രശ്നങ്ങൾക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കൾ രംഗത്തിറങ്ങിയതാണ് രാഷ്ട്രീയ ചർച്ച കൊഴുപ്പിക്കുന്നത്. എന്നാൽ, ഇത്തരം കാര്യങ്ങൾക്ക് മുറവിളി കൂട്ടാൻ പലപ്പോഴും സി.പി.എമ്മോ കോൺഗ്രസോ തയാറാവുന്നില്ല.
പല ആവശ്യങ്ങളിലും അവർ ആത്മാർഥമായി പിന്തുണക്കാൻ അമാന്തിക്കുന്നതിന് പിന്നിൽ മറ്റൊരു വർഗീയപ്രീണനം സംശയിക്കാം. ചരിത്രംതന്നെ മാറ്റിയെഴുതുന്നതിന് വിദ്യാർഥികളുടെ സിലബസ് മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ സ്കൂളുകൾതന്നെ അവസാനിപ്പിക്കാനാണ് കേരള സർക്കാർ കച്ചകെട്ടിയിറങ്ങുന്നത്.അധികാര വടംവലിയും പ്രധാന ഘടകകക്ഷിയോടുള്ള ആശ്രിതത്വവും കഴിഞ്ഞ് സദ്ഭരണം നടത്താൻ കോൺഗ്രസിന് സമയമുണ്ടാകുമോയെന്ന ആശങ്കയും വോട്ടർമാരെ സ്വാധീനിക്കുമെന്നും ‘കത്തോലിക്കാസഭ’ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.