വ്യാപാരികളോടുള്ള ബജറ്റ് അവഗണന തിരുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നിലപാടെടുക്കും -ടി. നസിറുദ്ദീന്‍
text_fieldsഅങ്കമാലി: സംസ്ഥാന ബജറ്റില്‍ വ്യാപാരികളോടുള്ള അവഗണന തിരുത്തിയില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അതിനനുസരിച്ച നിലപാട് സ്വീകരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് ജില്ല കമ്മിറ്റി പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയിലെ (ഭവനം സാന്ത്വനം) ആദ്യ വീടിന്‍റെ നിര്‍മ്മാണോദ്ഘാടനം നെടുമ്പാശ്ശേരി മേയ്ക്കാട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന തീരുമാനത്തില്‍നിന്ന് ഏകോപന സമിതി പിന്നോക്കം പോകില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളോട് സമദൂരം പാലിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന ബജറ്റില്‍ വ്യാപാരികളോട് തികഞ്ഞ അവഗണനയാണ് ഇടതുസര്‍ക്കാര്‍ പുലര്‍ത്തിയത്. 10 ലക്ഷം അംഗങ്ങളാണ് ഏകോപന സമിതിയിലുള്ളത്. അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ വലിയൊരു വോട്ട് ബാങ്കുണ്ട്. മുന്നണി സ്ഥാനാര്‍ഥികള്‍ പലയിടത്തും 3,000 വോട്ടുകള്‍ക്കാണ് വിയജിക്കുന്നത്. അതിനാല്‍ പല മണ്ഡലങ്ങളിലും വിജയം നിര്‍ണയിക്കുന്ന പ്രധാന ഘടകം വ്യാപാരികളായിരിക്കുമെന്നും നസിറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
നിരാലംബരായ പെണ്‍മക്കള്‍ മാത്രമുള്ള വിധവകള്‍ക്ക് മുന്‍ഗണന നല്‍കി ജില്ലയിലെ 13 മേഖലകളിലാണ് ഓരോ വീടുകള്‍ നിര്‍മിക്കുന്നത്. ജനസേവ ബോയ്സ് ഹോം സൗജന്യമായി നല്‍കിയ സ്ഥലത്ത് കളമശ്ശേരി സ്വദേശി ജൂലി ജോഷിക്ക് 450 ചതുരശ്രയടി വിസ്തൃതിയിലാണ് വീട് നിര്‍മിക്കുന്നത്. ചടങ്ങില്‍ ജില്ല പ്രസിഡന്‍റ് പി.സി. ജേക്കബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര, സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍, വനിത വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീനജ പ്രദീഷ്, വനിത വിങ് ജില്ല പ്രസിഡന്‍റ സുബൈദ നാസര്‍, എ.ജെ. റിയാസ്, ടി.ബി. നാസര്‍, സി.പി. തരിയന്‍, ജോജി പീറ്റര്‍, അബ്ദുറസാഖ്, ജിമ്മി ചക്യത്ത്, സിനിജ റോയ്, സുനിത വിനോദ്, കെ.ബി. സജി, ഷാജു സെബാസ്റ്റ്യന്‍, കെ.എസ്. നിഷാദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.