എ.കെ.ജി സെന്‍ററിലേക്ക് എറിഞ്ഞത് ഏറുപടക്കമെങ്കിൽ കെട്ടിടം കിടുങ്ങിയതെങ്ങനെയെന്ന് സോഷ്യൽ മീഡിയ
text_fieldsഎ.കെ.ജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറൻസിക് പ്രാഥമിക റിപ്പോർട്ടിലെ വിവരം. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഏറുപടക്കമാണ് പൊട്ടിയതെങ്കിൽ, കെട്ടിടം കിടുങ്ങിയെന്നും വൻ ശബ്ദവും പുകയുമുണ്ടായെന്നും അന്ന് രാത്രി സി.പി.എം നേതാക്കൾ പറഞ്ഞതെങ്ങിനെയെന്ന് ചോദ്യമുയർത്തുകയാണ് സോഷ്യൽ മീഡിയ.
പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, തുടങ്ങിയവയുടെ സാന്നിധ്യമാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഏറുപടക്കം പോലെ പെട്ടന്ന് പൊട്ടുന്ന മാതൃകയിലുള്ള വസ്തുവാണ് എറിഞ്ഞതെന്നും സ്ഥലത്ത് നടന്നത് ബോംബ് സ്‌ഫോടനമല്ല എന്നതുമാണ് പ്രാഥമിക കണ്ടെത്തൽ.
എന്നാൽ, അതിഭയാനകമായ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് ആക്രമണം നടന്ന ദിവസം എ.കെ.ജി സെന്‍ററിലുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മുൻ മന്ത്രി പി.കെ. ശ്രീമതി ടീച്ചർ അടക്കമുള്ളവർ പറഞ്ഞത്. അതിഭയങ്കരമായ ശബ്ദവും പുകയും ഉണ്ടായിരുന്നുവെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത്.
എ.കെ.ജി സെന്‍ററിനകത്ത് താൻ വായിച്ചുകൊണ്ടിരിക്കെയായിരുന്നു സ്ഫോടനമെന്നും, വായനക്കിടെ ഞെട്ടിത്തരിച്ചുവെന്നുമാണ് പി.കെ. ശ്രീമതി ടീച്ചർ പറഞ്ഞത്. കെട്ടിടം തകരുന്നത് പോലെയുള്ള അതിഭീകര ശബ്ദമായിരുന്നുവെന്നും ശ്രീമതി ടീച്ചർ പറഞ്ഞിരുന്നു.
എന്നാൽ, പൊലീസ് പറയുന്ന പോലെ ഓലപ്പടക്കത്തിന് സമാനമായ വസ്തുവാണ് പൊട്ടിയതെങ്കിൽ എങ്ങനെയാണ് കെട്ടിടം തകരുന്ന ശബ്ദമുണ്ടാവുകയെന്ന് ചോദ്യമുയർത്തുകയാണ് സോഷ്യൽ മീഡിയയിൽ പലരും. കള്ളം പറഞ്ഞ് പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് ഇ.പി. ജയരാജനും ശ്രീമതി ടീച്ചറും ശ്രമിച്ചതെങ്കിൽ ഇവർക്കെതിരെ പൊലീസ് കേസെടുക്കണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.