മോദിയെങ്കിൽ ഖാർഗെ; തൃശൂരിൽ കോൺഗ്രസ് മഹാസമ്മേളനം നാലിന്
text_fieldsതിരുവനന്തപുരം: സീറ്റിൽ കണ്ണുവെച്ച് പ്രധാനമന്ത്രിയെത്തന്നെ രംഗത്തിറക്കി ബി.ജെ.പി പ്രചാരണം തുടങ്ങിയ തൃശൂരിൽതന്നെ മഹാസമ്മേളനം സംഘടിപ്പിച്ച് മറുപടി നൽകാനും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിടാനും കോൺഗ്രസ്. ഫെബ്രുവരി നാലിന് തേക്കിന്‍കാട് മൈതാനത്താണ് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനം.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് തൃശൂർ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമെന്ന നിലയിലാണ് പ്രധാനമന്ത്രിയെതന്നെ ബി.ജെ.പി രംഗത്തിറങ്ങിയത്. ഇതിനു മറുപടിയായാണ് മഹാസമ്മേളനം വിളിച്ച് കോൺഗ്രസും ഗോദയിലേക്കിറങ്ങുന്നത്.
ബി.ജെ.പി കണ്ണുവെക്കുന്ന മണ്ഡലത്തിൽ പ്രത്യേക ശ്രദ്ധ നൽകിയാവും പ്രവർത്തനങ്ങൾ. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍നിന്ന് ബൂത്ത് പ്രസിഡന്റ്, വനിത വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്നു പേര് അടങ്ങുന്ന 75000 ഓളം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എ.ഐ.സി.സി തലം വരെയുള്ള ഭാരവാഹികളും ഉള്‍പ്പെടെ ലക്ഷത്തോളം പേര് പങ്കെടുക്കും. നാലിന് വൈകീട്ട് 3.30നാണ് സമ്മേളനം.
ബൂത്ത് ശാക്തീകരണത്തിലൂടെ പാർട്ടിയുടെ പ്രവര്‍ത്തനക്ഷമത അടിമുടി മാറ്റിമറിക്കുകയാണു ലക്ഷ്യം. ബൂത്ത് ഭാരവാഹികളുമായി ഖാർഗെ നേരിട്ട് സംവദിക്കും. സമ്മേളന വിജയത്തിന് വിപുല മുന്നൊരുക്കം നടത്താന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഭാരവാഹിയോഗം തീരുമാനിച്ചു.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഖാര്‍ഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തല ഭാരവാഹികളുമായി സംവദിക്കുന്നത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് , കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, പ്രചാരണ സമിതി ചെയര്മാന് കെ. മുരളീധരന് എം.പി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.