തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ചയായാൽ ബി.ജെ.പി മൂന്നക്കം കാണില്ല -ചെന്നിത്തല
text_fieldsതിരുവള്ളൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും ഭരണനേട്ടവും മാത്രം ചർച്ചയാവുകയാണെങ്കിൽ നരേന്ദ്ര മോദിക്ക് പാർലമെന്റിൽ ബി.ജെ.പി അംഗസംഖ്യ മൂന്നക്കത്തിലേക്ക് എത്തിക്കാൻ കഴിയില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അതുകൊണ്ടു തന്നെയാണ് തെരഞ്ഞെടുപ്പ് കാലത്ത് മതപരമായ അതിവൈകാരികത സൃഷ്ടിക്കാൻ ഭരണനേതൃത്വം ശ്രമിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യാനന്തര കാലത്തെ പരാധീനതകൾക്ക് നടുവിലും പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെ നേതൃത്വം കൊടുത്ത ഭരണകൂടങ്ങൾ പൊതുമേഖലയിൽ രൂപപ്പെടുത്തി കടുത്ത നക്ഷത്രത്തിളക്കമുള്ള സ്ഥാപനങ്ങൾ വിറ്റൊഴിവാക്കുന്ന ധൂർത്ത് പുത്രനായി നരേന്ദ്ര മോദി മാറിക്കഴിഞ്ഞു.
ഇന്ത്യയുടെ സർവമാന രാഷ്ട്രീയ പൈതൃകവും കളങ്കമാക്കുന്ന പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിയെ വിമർശിക്കാൻ കഴിയാത്തതിന്റെ കാരണം വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു. തിരുവള്ളൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൗരവിചാരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ആർ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, വി.പി. അബ്ദുൽ റഷീദ്, എൻ. സുബ്രഹ്മണ്യൻ, വി.എം. ചന്ദ്രൻ, ഐ. മൂസ, കാവിൽ രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, എടവത്ത്കണ്ടി കുഞ്ഞിരാമൻ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, അച്യുതൻ പുതിയെടുത്ത്, പി.സി. ഷീബ, ബവിത്ത് മലോൽ, സബിത മണക്കുനി, മനോജ് തുരുത്തി, എ.കെ. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.