റബറിന് 250 രൂപയാക്കിയാൽ എൽ.ഡി.എഫിനും വോട്ട്; ഒന്നോ രണ്ടോ ചങ്ക് ഉണ്ടായിക്കോട്ടെ, തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണം -ജോസഫ് പാംപ്ലാനി
text_fieldsകണ്ണൂർ: റബറിന് 250 രൂപയാക്കിയാൽ എൽ.ഡി.എഫിനും വോട്ട് നൽകുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂരിൽ കർഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തോട് നമ്മൾ നേരത്തെ ആവശ്യപ്പെട്ട 300 രൂപ തന്നാൽ അവർക്കായിരിക്കും വോട്ട്. കോൺഗ്രസുകാർ സഹായിച്ചാൽ അവർക്കൊപ്പം നിൽക്കും. കർഷകന് നൽകാനുള്ളത് നൽകിയിട്ട് മതി ശമ്പളവിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സർക്കാറുകൾ മാറണം. കാർഷികകടങ്ങൾ എഴുതിത്തള്ളണം. 14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. ചെറുകിട കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ ഇതിന്റെ പത്തിലൊന്നുപോലും വേണ്ട -ആർച്ച് ബിഷപ്പ് പറഞ്ഞു.
‘റബറിന് 300 രൂപ വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ വലിയ വിഷമമായി പോയല്ലോ. വേണ്ട, 50 കുറക്കാം. നിങ്ങൾ പറഞ്ഞ 250 തന്നാൽ മതി. തരുമെങ്കിൽ നിങ്ങളുടെ ഈ യാത്ര ഐതിഹാസിക യാത്രയാണ്. അല്ലെങ്കിൽ ഈ യാത്രകൊണ്ട് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, തിരുവനന്തപുരത്ത് അങ്ങയുടെ യാത്ര എത്തുന്നതിനു മുമ്പ് അങ്ങ് എവിടെവെച്ചു പ്രഖ്യാപിച്ചാലും കുഴപ്പമില്ല. ഒരു പ്രഖ്യാപനം ഞങ്ങൾ കാതോർത്തിരിക്കുകയാണ്. ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, മുഖ്യമന്ത്രി നെഞ്ചിൽ കൈവെച്ച് പറയണം, അല്ലയോ കർഷകരെ നിങ്ങൾക്ക് ഞാനാണ് വാഗ്ദാനം ചെയ്തത്, റബറിന് 250 രൂപ വിലതരുമെന്ന്, നിങ്ങൾക്കും ഞങ്ങൾ വോട്ടുതരാൻ തയാറാണ്’- മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
വയനാട്ടിൽ കർഷകനെ കടുവ കടിച്ചുകൊന്ന സംഭവത്തിൽ ഡി.എഫ്.ഒയെ കൊലക്കുറ്റം ചുമത്തി തുറുങ്കിലടക്കണം. കർഷകന്റെ മരണത്തിന് ഉത്തരവാദി വനംവകുപ്പാണ്. കടുവയെ വനം വകുപ്പ് നാട്ടിൽ കൊണ്ടുവിടുന്നുവെന്ന സംശയം ബലപ്പെടുന്നുവെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.
നേരത്തെ റബറിന് 300 രൂപ നൽകിയാൽ കേന്ദ്രത്തിനൊപ്പം നിൽക്കുമെന്നും ബി.ജെ.പിക്ക് കേരളത്തിൽനിന്ന് ഒരു എം.എൽ.എയെ കിട്ടുമെന്നുമുളള ബിഷപ്പിന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.