പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ സ്ഥാനാർഥിക്ക് ചെലവേറും
text_fieldsകോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും മറ്റു പ്രചാരണോപാധികളും പതിച്ചാൽ ഇവ നീക്കാനുള്ള ചെലവും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കിൽപെടും. ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ നിശ്ചയിച്ച പ്രകാരം പോസ്റ്ററുകൾ നീക്കിയാൽ(ആന്റി ഡീഫേസ്മെന്റ്) ഒരെണ്ണത്തിന് മൂന്നുരൂപ വീതം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തും. ഫ്ലെക്സ്ബോർഡ് നീക്കാൻ ഒരെണ്ണത്തിന് 28 രൂപയാണ് ചെലവ്. ബാനർ നീക്കാൻ ഒരെണ്ണത്തിന് 11 രൂപയും തോരണം നീക്കാൻ മീറ്ററിന് മൂന്നുരൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചുവരെഴുത്തു മായ്ക്കാൻ ചതുരശ്രഅടിക്ക് എട്ടുരൂപ എന്ന നിരക്കും കണക്കാക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചെലവുനിരക്ക് നിശ്ചയിക്കുന്നതിനായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും വരണാധികാരിയുമായ കലക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തിലാണ് നിരക്കുകൾ നിശ്ചയിച്ചത്.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, സർക്കാർ മന്ദിരങ്ങൾ, ഓഫിസ് വളപ്പ് എന്നിവിടങ്ങളിൽ സ്ഥാനാർഥിയുടെ പ്രചാരണപരസ്യങ്ങൾ സ്ഥാപിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി ഇവനീക്കം ചെയ്യും. സ്വകാര്യവ്യക്തികളുടെ വസ്തുവിലും അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കരുത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് പരമാവധി ചെലവിടാവുന്ന തുക 95 ലക്ഷമാണ്. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവ് നിർണയിക്കാനായി 220 ഇനങ്ങൾക്കുള്ള നിരക്കാണ് പ്രഖ്യാപിച്ചത്.
പ്രചാരണത്തിനായി 2000 വാട്ട്സ് മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസത്തിന് 4000 രൂപയും തുടർന്നുള്ള ഓരോദിവസത്തിനും 2000 രൂപവച്ചുമാണ് പ്രതിദിന നിരക്ക്. 5000 വാട്ട്സുള്ള മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസം 7000 രൂപയും പിന്നീടുള്ള ദിവസങ്ങളിൽ 5000 രൂപയുമാണ് നിരക്ക്. 10000 വാട്ട്സിന്റെ ഹൈ എൻഡ് മൈക്ക് സംവിധാനമാണെങ്കിൽ ഇത് ആദ്യദിനം 15000 രൂപയും പിന്നീടുള്ള ദിവസങ്ങളിൽ 10000 രൂപയുമാകും. തുണികൊണ്ടുള്ള ബാനർ ചതുരശ്ര അടിക്ക് 17 രൂപ, ഫ്ലെക്സിനുപകരം ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ/ ക്ലോത്ത് ബാനർ എന്നിവക്ക് ചതുരശ്രഅടിക്ക് 15 രൂപ, കട്ട് ഔട്ട് ചതുരശ്രഅടിക്ക് 30 രൂപ എന്നിങ്ങനെയാണ് നിരക്ക്. തെരഞ്ഞെടുപ്പുപ്രചാരണ ഓഫിസ് നിർമാണത്തിന് ചതുരശ്ര അടിക്ക് 20 രൂപയാണ് നിരക്ക്. പോളിങ് സ്റ്റേഷന് സമീപമുള്ള ബൂത്തുകളുടെ നിർമാണത്തിന് 250 രൂപയും.
ഹോർഡിങ്ങുകൾ സ്ഥാപിക്കുമ്പോൾ ചതുരശ്ര അടിക്ക് 30 രൂപ എന്ന നിരക്കിൽ കണക്കാക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് ഒറ്റയാഴ്ച 400 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 100 രൂപ നിരക്കിലും 1000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 700 രൂപ നിരക്കിലും 40000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 10000 രൂപ നിരക്കിലുമായിരിക്കും ഈടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.